യഹോവയുടെ സാക്ഷികൾ സന്ദർശിക്കുമ്പോൾ
തങ്ങളുടെ വീട്ടിലേക്കു യഹോവയുടെ സാക്ഷികൾ വരുമ്പോൾ കത്തോലിക്കർ എന്തു ചെയ്യണം? നാഷണൽ കാറ്റിക്കിസ്റ്റിക് ബ്യൂറോ ഓഫ് ദി ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസ് തയ്യാറാക്കിയ, അടുത്തയിടെ ഇറങ്ങിയ പ്രസിദ്ധീകരണം പ്രസ്താവിക്കുന്നു: “ദയാപുരസ്സരമെങ്കിലും, ദൃഢമായി സംസാരിക്കാൻ വിസമ്മതിക്കുന്നത് ഇക്കാര്യത്തിൽ നിർദയമായിരിക്കുകയില്ല.”
എല്ലാ കത്തോലിക്കരും ഇതിനോടു യോജിക്കുന്നില്ല. ഇറ്റലിയിലെ ഫോജയിൽ പാർക്കുന്ന ഒരാൾ ഗാസ്സെറ്റ ദെൽ മെദ്സോജൊർനോ എന്ന ദിനപ്പത്രത്തിന് അയച്ച ഒരു കത്തു സൂചിപ്പിക്കുന്നത് അതാണ്:
“ഞാൻ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരുവനല്ല. ഒരു കത്തോലിക്കനാണ്. എന്നാൽ യഹോവയുടെ സാക്ഷികൾക്കു സ്വാഗതമില്ല എന്ന് എഴുതി വീട്ടുവാതിൽക്കൽ പതിക്കണമെന്നു കത്തോലിക്കാ സഭാംഗങ്ങളോടു പറഞ്ഞ് വിശ്വാസികളുടെമേൽ സഭ അടിച്ചേൽപ്പിക്കുന്ന ചില നിയമങ്ങളുടെ കാര്യത്തിൽ എനിക്ക് വിസ്മയം തോന്നുന്നു. എന്തൊക്കെയായാലും, ഈ ആളുകൾ ദൈവവചനമല്ലേ പ്രസംഗിക്കുന്നത്. ബൈബിളിനെക്കുറിച്ച് ഒരു ആഴമായ പരിജ്ഞാനം ലഭിക്കാൻ അവർ മറ്റുള്ളവരെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇറ്റലിയിൽ കോളറ പടർന്നുപിടിച്ചപ്പോൾ, രോഗബാധ എങ്ങനെ ഒഴിവാക്കാമെന്നതു സംബന്ധിച്ച് ഞങ്ങൾക്കു നിർദേശങ്ങൾ ലഭിച്ചതിനെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്.
“എന്റെ അഭിപ്രായത്തിൽ ഇതു പ്രകടമാക്കുന്നത് സഭാംഗങ്ങളുടെ ഇഷ്ടങ്ങൾ മാനിക്കാതെ സഭ സ്വന്തം നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നാണ്. എന്നാൽ കത്തോലിക്കരും വീടുതോറും പോകുന്നത് ഞാൻ ഏതാനും വർഷങ്ങളായി കാണുന്ന സംഗതിയാണ്. അവർ യഹോവയുടെ സാക്ഷികളുടെ വീടുകളും സന്ദർശിക്കുന്നുണ്ട്. സാക്ഷികൾ അവരെ സ്വാഗതം ചെയ്ത് അവരുമായി സംഭാഷിക്കുന്നുണ്ടല്ലോ. അവർ ആരെയും നിരസിക്കുന്നില്ല.”
യഹോവയുടെ സാക്ഷികൾ ആരുടെമേലും തങ്ങളുടെ സന്ദേശം അടിച്ചേൽപ്പിക്കുന്നില്ല. നേരേമറിച്ച്, ഈ കലങ്ങിമറിഞ്ഞ സമയത്ത് ആശ്വാസദായകമായി അവർ കണ്ടെത്തിയിരിക്കുന്ന, ദൈവവചനത്തിൽ നൽകിയിരിക്കുന്ന പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കാനാണ് അവർ ശ്രമിക്കുന്നത്. വീടുതോറും പോകുന്നതിനാലും തെരുവിൽ കണ്ടുമുട്ടുന്നവരോടു സംസാരിക്കുന്നതിനാലും, കേൾക്കാൻ സന്മനസ്സുള്ളവരുമായി യഹോവയുടെ സാക്ഷികൾ പങ്കുവെക്കുന്നത് ദൈവരാജ്യസുവാർത്തയാണ്.—മത്തായി 24:14; പ്രവൃത്തികൾ 5:42; 17:17.