ഇത്തരം കാഴ്ചകളിൽനിന്ന് നാം എന്നെങ്കിലും വിമുക്തരാകുമോ?
ഇക്കാലത്ത നാം എവിടേക്കു തിരിഞ്ഞാലും അക്രമങ്ങൾ, ഏറ്റുമുട്ടലുകൾ, യുദ്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള സുവ്യക്തമായ ചിത്രങ്ങൾ കാണുന്നു. നിങ്ങൾക്ക് ഇതിനോടകം അറിയാവുന്ന ദുർവാർത്തകളുടെ കൂട്ടത്തിലേക്ക് ഒരെണ്ണം കൂടെ ചേർക്കുകയെന്നതല്ല ഈ മാസികയുടെ ഉദ്ദേശ്യം. മറിച്ച് ഈ പ്രത്യേക ലക്കം ആശ്വാസം പകരുന്ന, ചുരുങ്ങിയത് രണ്ടു സത്യങ്ങളെങ്കിലും അവതരിപ്പിക്കും. ആദ്യത്തേത്, ബൈബിളിലെ പുരാതന പ്രവചനങ്ങൾ വാസ്തവത്തിൽ നമ്മുടെ യുഗത്തിലെ ഞെട്ടിക്കുന്ന ദുർവാർത്തകളിൽ അധികവും മുൻകൂട്ടിപ്പറഞ്ഞിരുന്നു എന്നതാണ്; രണ്ടാമത്തേത്, ഇതേ പ്രവചന പുസ്തകം ഇവിടെ കാണിച്ചിരിക്കുന്നതുപോലെയുള്ളത് ഉൾപ്പെടെ അത്തരം രംഗങ്ങൾ പൊയ്പോയ സംഗതികളായിരിക്കുമെന്നും മുൻകൂട്ടി പറയുന്നു. മേലാൽ യുദ്ധങ്ങളില്ല. മേലാൽ ബോംബ് വർഷം, വെടിവെപ്പ്, കുഴിബോംബുകൾ, ഭീകരപ്രവർത്തനം എന്നിവയില്ല. മേലാൽ വേദനിക്കുന്ന അനാഥരോ ഭവനരഹിതരായ അഭയാർഥികളോ ഇല്ല. യഥാർഥ, ഹൃദയാശ്വാസമേകുന്ന സമാധാനം നിറഞ്ഞ ഒരു ലോകം. അത്തരമൊരു കാലം കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ബൈബിളിന് പറയാനുള്ളതു പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സാധ്യമെന്നു നിങ്ങൾ കരുതിയിട്ടുള്ളതിനെക്കാൾ അധികം ആശ്വാസം നിങ്ങൾ അതിൽ കണ്ടെത്തിയേക്കാം.