ദൈവവിശ്വാസം അതിന് അത്ഭുതം അനിവാര്യമോ?
ആൽബർട്ട് ദൈവത്തെ അന്വേഷിക്കാൻ തുടങ്ങുമ്പോൾ അവന് 20 വയസ്സു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പല മതങ്ങളും പരിശോധിച്ചുനോക്കിയെങ്കിലും അവൻ തൃപ്തനായില്ല. ബൈബിളിന്റെ ചില ഭാഗങ്ങൾ വായിക്കവെ നോഹ, അബ്രാഹാം, സാറാ, മോശ തുടങ്ങിയ വ്യക്തികളുമായി ദൈവം ഇടപെട്ട വിധത്തെക്കുറിച്ച് അവൻ മനസ്സിലാക്കി. ബൈബിളിലെ ദൈവത്തിൽ ആൽബർട്ട് ആകൃഷ്ടനായി. എന്നാൽ, ആ ദൈവം വാസ്തവമായും അസ്തിത്വത്തിലുണ്ടെന്ന് അവന് ഉറപ്പുണ്ടായിരിക്കാൻ കഴിയുമായിരുന്നോ?
ഒരു സായന്തനത്തിൽ, ഒറ്റപ്പെട്ട ഒരിടത്തുപോയി ആൽബർട്ട് ഇങ്ങനെ പ്രാർഥിച്ചു: “ദൈവമേ, നീ അസ്തിത്വത്തിലുണ്ടെന്നതിനു തെളിവായി എന്തെങ്കിലുമൊരു അടയാളം എനിക്കു നൽകണമേ.” ആൽബർട്ട് വളരെനേരം കാത്തിരുന്നു. ഒന്നും സംഭവിച്ചില്ല. അതോടെ തന്റെ പ്രതീക്ഷ “നിരാശയ്ക്ക്, ശൂന്യതയ്ക്ക്, ദേഷ്യത്തിന് വഴിമാറി”യതായി അവൻ അനുസ്മരിക്കുന്നു.
തങ്ങൾ ദൈവത്തെ അന്വേഷിച്ചതു വൃഥാവിലായെന്ന് അനേകർക്കും തോന്നുന്നു. പുരോഹിതന്മാരുടെ മതപ്രസംഗങ്ങൾ അവർക്ക് ആശയക്കുഴപ്പം വരുത്തിയേക്കാം അല്ലെങ്കിൽ ടെലിവിഷൻ സുവിശേഷകരുടെ കച്ചവടസാമർഥ്യം അവരെ മിഥ്യാബോധ വിമുക്തരാക്കിയേക്കാം. ഒട്ടനവധി അയൽക്കാരിലും പ്രകടമായിരിക്കുന്ന കാപട്യത്തിൽ സ്തബ്ധരായി എന്തിൽ വിശ്വസിക്കണമെന്നു ചിലർക്കു തിട്ടമില്ല. എന്നാൽ, പുരാതന ഇസ്രായേലിലെ ദാവീദ് രാജാവ് തന്റെ പുത്രനായ ശലോമോന് ഈ ഉറപ്പേകി: “നീ [ദൈവത്തെ] അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും.”—1 ദിനവൃത്താന്തം 28:9.
അങ്ങനെയെങ്കിൽ, ദൈവം എങ്ങനെയാണു സ്വയം വെളിപ്പെടുത്തുന്നത്? ദൈവം അസ്തിത്വത്തിലുണ്ടെന്നു തെളിയിക്കുന്ന ഒരടയാളം—എന്തെങ്കിലും പ്രകൃത്യാതീത അനുഭവം—നിങ്ങൾ പ്രതീക്ഷിക്കണമോ? ഈയിടെ ടൈം മാഗസിനിൽ റിപ്പോർട്ടു ചെയ്യപ്പെട്ട ഒരു അഭിപ്രായ വോട്ടെടുപ്പനുസരിച്ച്, മൂന്നിൽ രണ്ടു ഭാഗത്തിലധികം അമേരിക്കക്കാരും അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. “അമേരിക്കയിൽ ത്വരിതഗതിയിൽ വളരുന്ന സഭകൾ കരിസ്മാറ്റിക്ക്, പെന്തക്കോസ്ത് എന്നീ വിഭാഗങ്ങളിൽപ്പെട്ടവയാണ്. അവയുടെ ആരാധന ‘അടയാളങ്ങളെയും അത്ഭുതങ്ങളെയും’ ചുറ്റിപ്പറ്റിയുള്ളതാണ്.”
ദൈവത്തിൽ വിശ്വസിക്കുന്നതിന് “അടയാളങ്ങളും അത്ഭുതങ്ങളും” അവശ്യമാണോ? മുൻകാലങ്ങളിൽ അവൻ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. തർസൊസുകാരനായ ശൌലിന്റെ ഉദാഹരണമെടുക്കാം: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ അനുഗാമികളെ അവൻ പീഡിപ്പിച്ചുകൊണ്ടിരുന്നു. യെരൂശലേമിൽനിന്നു ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് അവന് അസാധാരണമായ ഒരനുഭവമുണ്ടായി. പുനരുത്ഥാനം പ്രാപിച്ച യേശുവുമായുള്ള അത്ഭുതകരമായ കൂടിക്കാഴ്ച ശൌലിന്റെ മാനസാന്തരത്തിലേക്കു നയിച്ചു. (പ്രവൃത്തികൾ 9:1-22) അങ്ങനെ ഒരു മുൻപീഡകൻ, ക്രിസ്ത്യാനിത്വത്തിന്റെ സമുന്നത വക്താക്കളിൽ ഒരുവനായ പൗലൊസ് അപ്പോസ്തലൻ ആയിത്തീർന്നു!
എന്നാൽ അത്ഭുതങ്ങൾ എല്ലായ്പോഴും അത്തരം അനുകൂല പ്രതികരണം ഉളവാക്കുന്നുവോ? യഥാർഥ ദൈവവിശ്വാസം, ഒരുവനുണ്ടാകുന്ന അത്ഭുതകരമായ അനുഭവത്തെ ആശ്രയിച്ചിരിക്കുന്നുവോ?
[3-ാം പേജിലെ ചിത്രം]
ദൈവപുത്രൻ തർസൊസുകാരനായ ശൌലിനോട് അത്ഭുതകരമായി സംസാരിച്ചു. നിങ്ങൾ ഒരത്ഭുതം പ്രതീക്ഷിക്കണമോ?