രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
‘നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പാകെ പ്രകാശിക്കട്ടെ’
ഗിരിപ്രഭാഷണത്തിൽ യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു.” അവൻ തുടർന്ന് അവരെ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.”—മത്തായി 5:14-16.
ഇറ്റലിയിൽ യഹോവയുടെ സാക്ഷികളുടെ നല്ല പ്രവൃത്തികൾ ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ഉദാഹരണത്തിന്, തങ്ങളുടെ വാർഷിക കൺവെൻഷനുകളിൽ സംബന്ധിക്കുമ്പോഴുള്ള അവരുടെ നല്ല നടത്ത, പിൻവരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നതുപോലെ ദൈവത്തിനു മഹത്ത്വം കരേറ്റുന്നു:
◼ ഇറ്റലിയിലെ ടെർനിയിലുള്ള ഒരു സ്ത്രീ, ആ നഗരത്തിലെ സ്റ്റേഡിയത്തിനടുത്തായി ഒരു ലഘുഭക്ഷണശാല നടത്തുന്നതിനു നിരവധി വർഷങ്ങളായി തന്റെ മകളെ സഹായിച്ചു വരുകയായിരുന്നു. അവർ ഇങ്ങനെ വിവരിക്കുന്നു: “ഇവിടെ ഫുട്ബോൾ കളിക്കായി വരുന്നവർക്കും യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കും ഇടയിൽ ഒരു വലിയ വ്യത്യാസം ഞാൻ നിരീക്ഷിച്ചു. സാക്ഷികൾ വസ്ത്രധാരണത്തിൽ മാന്യതയുള്ളവരായിരുന്നു, മാത്രമല്ല അവർ സത്യസന്ധരും ആദരണീയരുമായിരുന്നു. വ്യത്യസ്ത വർഗങ്ങളിൽപ്പെട്ട ആളുകൾക്ക് ഇത്ര നന്നായി യോജിച്ചുപോകാൻ സാധിക്കുന്നതെങ്ങനെയെന്നു ഞാൻ ഒട്ടുമിക്കപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു.
“ഒരു ദിവസം, ഒരു സാക്ഷി തെരുവിൽവെച്ച് എന്നോട് ദൈവത്തിന്റെ പേരറിയാമോ എന്നു ചോദിച്ചു. എനിക്കറിയില്ലായിരുന്നു. യഹോവയുടെ സാക്ഷികൾ നല്ലയാളുകളാണെന്ന് അറിയാമായിരുന്നതിനാൽ അവരെന്നെ സന്ദർശിക്കുന്നതിൽ എനിക്ക് എതിർപ്പില്ലായിരുന്നു. മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു ഞാൻ ചോദ്യങ്ങൾ ചോദിച്ചു. അതിനവർ ബൈബിളിൽനിന്ന് ഉത്തരം നൽകി. യാതൊരു മടിയും കൂടാതെ, ഞാൻ ഒരു ബൈബിളധ്യയനം സ്വീകരിക്കുകയും രണ്ടാഴ്ചയ്ക്കു ശേഷം യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങുകയും ചെയ്തു.
“എന്റെ മകൾ ആദ്യമൊക്കെ എതിർത്തെങ്കിലും എന്റെ നടത്തയും നിശ്ചയദാർഢ്യവും അവളുടെ മനോഭാവത്തെ മാറ്റിയെടുത്തു. ഒമ്പതു മാസങ്ങൾക്കു മുമ്പാണു ഞാൻ പഠിക്കാനാരംഭിച്ചത്. ഇന്ന് എന്റെ മകൾക്കും അവളുടെ ഭർത്താവിനും തങ്ങളുടെ ലഘുഭക്ഷണശാലയിൽ വരുന്ന സാക്ഷികളായ ഉപഭോക്താക്കളെക്കുറിച്ചു വളരെ നല്ല അഭിപ്രായമാണുള്ളത്. ഞാനാണെങ്കിൽ, ഇതേ സ്റ്റേഡിയത്തിൽ നടന്ന ഒരു കൺവെൻഷനിൽ സ്നാപനമേറ്റു.”
◼ റോസേറ്റോ ഡെൽയി ആബ്രൂറ്റ്സിയിൽ നടന്ന ഒരു കൺവെൻഷനുശേഷം ഒരു ക്യാമ്പുസ്ഥലത്തിന്റെ മാനേജർ ഇങ്ങനെ അഭിപ്രായപ്പെട്ടു: “യഹോവയുടെ സാക്ഷികൾ തങ്ങൾ ചെയ്യുന്നതിലെല്ലാം സത്യസന്ധരാണെന്ന് എനിക്കു കാണാൻ കഴിഞ്ഞു. കഴിഞ്ഞ ആഴ്ച, അവരിൽപ്പെട്ട 40 പേർ എന്റെ ക്യാമ്പുസ്ഥലത്തുണ്ടായിരുന്നു. അവർ യാതൊരുവിധ പ്രശ്നങ്ങളും സൃഷ്ടിച്ചില്ല. എന്നുതന്നെയല്ല, തങ്ങളുടെ താമസ സൗകര്യത്തോടുകൂടിയ വാഹനത്തിലോ കൂടാരത്തിലോ ഒരാൾ കൂടുതലുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തുന്ന ഒരേയൊരു കൂട്ടർ അവർ മാത്രമാണ്. എന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ല ഇടപാടുകാർ അവരാണ്.”
◼ അതേ കൺവെൻഷനു ശേഷം, ഒരു ഹോട്ടൽ മാനേജർ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികളെല്ലാവരും സമാധാനപ്രിയരാണ്. അവർ റൗഡികളല്ല. അവർ നേരത്തേ ഉറങ്ങുന്നു. അവർ യഥാർഥമായും ദയയുള്ളവരും സത്യസന്ധരും നല്ല പെരുമാറ്റരീതികൾ പാലിക്കുന്നവരുമാണ്. എല്ലാവരും അവരെപ്പോലെയായിരുന്നെങ്കിൽ അതു വളരെ വിസ്മയകരമാകുമായിരുന്നു. മറ്റുള്ളവർ കയ്യിൽകിട്ടുന്നതെല്ലാം മോഷ്ടിക്കുന്നു—പൂപ്പാത്രങ്ങൾ, ആഷ്ട്രേകൾ തുടങ്ങി ടോയ്ലെറ്റ് പേപ്പറും പഞ്ചസാരയും പോലും! നിങ്ങളിൽനിന്ന് അങ്ങനെയൊന്നും ഒരിക്കലും സംഭവിച്ചിട്ടില്ല. നിങ്ങളുടെ കുട്ടികൾ വൈകുന്നേരം ഫ്രിഡ്ജിൽനിന്ന് ഐസ്ക്രീം എടുക്കുമ്പോൾ, അവർ എന്താണെടുത്തതെന്നു പോയി പരിശോധിക്കാൻ ഞാൻ മിനക്കെടാറില്ല. അവർ എനിക്കു തരാനുള്ളതു കൃത്യമായി കണക്കുകൂട്ടി വേഗം പണമടയ്ക്കാൻ വരുന്നു. എനിക്കവരെ പൂർണവിശ്വാസമാണ്. മറ്റുള്ളവരും അവരെപ്പോലെയായിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എന്റെ ഹോട്ടലിലെ താമസക്കാരെല്ലാം യഹോവയുടെ സാക്ഷികളായിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.”
ഭൂമിയുടെ മറ്റനേകം ഭാഗങ്ങളിലെന്നപോലെ ഇറ്റലിയിലും യഹോവയുടെ സാക്ഷികൾ സുപ്രസിദ്ധരാണ്. അവർ ജനതകളുടെ ഇടയിൽ തങ്ങളുടെ “നടപ്പു നന്നായി” സൂക്ഷിക്കാൻ പ്രയത്നിക്കുകയും അങ്ങനെ തങ്ങൾ ആരുടെ നാമമാണോ വഹിക്കുന്നത് ആ സത്യദൈവത്തിനു മഹത്ത്വം കരേറ്റുകയും ചെയ്യുന്നു.—1 പത്രൊസ് 2:12.