ഗ്രീസിൽ യഹോവയുടെ സാക്ഷികൾക്കു വീണ്ടുമൊരു വിജയം
ഏഥൻസിലെ മൂന്നംഗ മജിസ്ട്രേറ്റ് കോടതി, 1995 ഒക്ടോബർ 6-ന് യഹോവയുടെ സാക്ഷികളുടെ രണ്ടു മുഴുസമയ ശുശ്രൂഷകരുൾപ്പെടുന്ന ഒരു നിയമപരമായ കേസിന്റെ വിചാരണ കേട്ടു. മതപരിവർത്തനമായിരുന്നു അവർക്കെതിരെയുണ്ടായിരുന്ന കുറ്റം. ഒരു പൊലീസ് ഉദ്യോഗസ്ഥൻ, സാക്ഷികൾ തന്റെ വീടു സന്ദർശിച്ചശേഷം സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ കോടതി നടപടി.
അധ്യക്ഷത വഹിച്ച ജഡ്ജി ഉന്നയിച്ച ചോദ്യങ്ങൾ, യഹോവയുടെ സാക്ഷികളുടെ വേലയിൽ അവർക്കു വളരെയധികം താത്പര്യമുള്ളതായി വ്യക്തമാക്കി. ഉദാഹരണത്തിന്, അവർ ചോദിച്ചു: “നിങ്ങൾ ഈ വേല ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായി? വർഷങ്ങളിലുടനീളം ആളുകൾ നിങ്ങളോട് എങ്ങനെയാണു പെരുമാറിയിട്ടുള്ളത്? നിങ്ങളുടെ വേലയ്ക്ക് ഏതു തരത്തിലുള്ള പ്രതികരണമാണു ലഭിച്ചിട്ടുള്ളത്? ആളുകളോട് അവരുടെ വീട്ടിൽവെച്ച് നിങ്ങൾ എന്താണു പറയുക?” നൽകപ്പെട്ട നല്ല സാക്ഷ്യം കോടതി മുറിയിലിരുന്ന സകലരും ചെവികൂർപ്പിച്ചു കേട്ടു.
പ്രോസിക്യൂട്ടർപോലും തങ്ങൾക്ക് അനുകൂലമായി സംസാരിച്ചതു സാക്ഷികളെ അത്ഭുതപ്പെടുത്തി. തന്റെ സമാപന പ്രസ്താവനകളിൽ അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: “യഹോവയുടെ സാക്ഷികൾക്കു തങ്ങളുടെ ദൈവത്തിൽ വിശ്വസിക്കുന്നതിനും അവനെ ആരാധിക്കുന്നതിനും മാത്രമല്ല തങ്ങളുടെ വിശ്വാസം വീടുതോറും പൊതു ചത്വരങ്ങളിലും തെരുവുകളിലും—താത്പര്യമുള്ളപക്ഷം തങ്ങളുടെ സാഹിത്യം സൗജന്യമായി വിതരണം ചെയ്തുകൊണ്ടുപോലും—പ്രചരിപ്പിക്കുന്നതിനും ഭരണഘടനാപരമായ അവകാശമുണ്ട്.” കോടതികളും കൗൺസിൽ ഓഫ് സ്റ്റേറ്റും പുറപ്പെടുവിപ്പിച്ച നിരവധി മോചനവിധികളെക്കുറിച്ചു പ്രോസിക്യൂട്ടർ പരാമർശിച്ചു. യൂറോപ്യൻ മനുഷ്യാവകാശ കോടതി യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി വിധിച്ച കൊക്കിനാക്കിസ് വേഴ്സസ് ഗ്രീസ് എന്ന കേസും അദ്ദേഹം പരാമർശിച്ചു.a “ആ കേസിൽ ഗ്രീസ് പിഴ അടയ്ക്കുകപോലുമുണ്ടായി എന്നതു ദയവായി ശ്രദ്ധിക്കുക. അതുകൊണ്ട്, ഇത്തരം കേസുകളിൽ വിധി കൽപ്പിക്കുമ്പോൾ നാം വളരെ ജാഗരൂകരായിരിക്കണം. വാസ്തവത്തിൽ, ഇത്തരം കേസുകൾ ഒരിക്കലും കോടതിയിൽ കൊണ്ടുവരുകയേ അരുത്,” പ്രോസിക്യൂട്ടർ മുന്നറിയിപ്പു നൽകി.
പ്രോസിക്യൂട്ടറുടെ പ്രസ്താവനകളെത്തുടർന്നു സാക്ഷികളുടെ വക്കീലിന് അധികമൊന്നും പറയേണ്ടിവന്നില്ല. എങ്കിലും, മതപരിവർത്തന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതു രാജ്യാന്തരതലത്തിൽ ഗ്രീസിനെ ലജ്ജിപ്പിക്കുന്നുവെന്നും ഊന്നിപ്പറയാൻ അദ്ദേഹം കിട്ടിയ അവസരം വിനിയോഗിച്ചു.
അധ്യക്ഷത വഹിച്ച ജഡ്ജി മറ്റു രണ്ടു ജഡ്ജിമാരുടെ നേർക്കു വെറുതെ കണ്ണോടിച്ചു. ആ സഹോദരനും സഹോദരിയും കുറ്റവിമുക്തരാണെന്ന് ഐകകണ്ഠ്യേന തീർപ്പു കൽപ്പിച്ചു. ഒരു മണിക്കൂറും പത്തു മിനിറ്റും നീണ്ടുനിന്ന വിചാരണ യഹോവയുടെ നാമത്തിനും അവന്റെ ജനത്തിനും ഒരു വിജയമായിരുന്നു.
യൂറോപ്യൻ മനുഷ്യാവകാശ കോടതി കൊക്കിനാക്കിസിന്റെ വിചാരണ കേട്ടതിനു ശേഷം മതപരിവർത്തന കേസുകൾ ഉൾപ്പെട്ട നാലാമത്തെ മോചനവിധിയാണിത്. പ്രസംഗവേലയോടുള്ള ബന്ധത്തിൽ പ്രശ്നങ്ങൾ ഒന്നുംതന്നെ ഇല്ലാത്തതിലും തങ്ങളുടെ വേല നിർബാധം തുടരാൻ സാധിക്കുന്നതിലും ഗ്രീസിലെ യഹോവയുടെ സാക്ഷികൾ ആനന്ദിക്കുന്നു.
[അടിക്കുറിപ്പ്]