എല്ലാം ദിവ്യ വെളിപാടുകളോ?
വിശുദ്ധ ബൈബിൾ നിശ്വസ്തമാക്കിയ ദൈവാത്മാവുതന്നെ ആയിരിക്കുമോ ചിലർ വിശുദ്ധമെന്നു കരുതുന്ന മറ്റു പുസ്തകങ്ങൾക്കും നിദാനം? (2 തിമൊഥെയൊസ് 3:16) ഈ ചോദ്യമുന്നയിച്ചത് “[വത്തിക്കാൻ] സ്റ്റേറ്റ് സെക്രട്ടറിയേറ്റിന്റെ മേൽനോട്ടത്തിൻ കീഴിൽ” പ്രസിദ്ധീകരിക്കുന്ന ഇറ്റാലിയൻ ജെസ്യൂട്ട് പത്രിക (ലാ ചിവിൽറ്റേ കാത്തോലിക്കാ) ആയിരുന്നതുകൊണ്ട് അത് കത്തോലിക്കാ വൃത്തങ്ങളിൽ ആധികാരികമെന്നു കരുതപ്പെട്ടു.
“യഹൂദേതരവും ക്രിസ്തീയേതരവുമായ ചില വിശുദ്ധ ഗ്രന്ഥങ്ങളിൽ ദൈവം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ വചനമാകുന്ന വിത്ത് പാകിയിരിക്കുന്നു” എന്ന് ആ ജെസ്യൂട്ട് പത്രിക പറഞ്ഞു. ജെസ്യൂട്ടുകളെ സംബന്ധിച്ചിടത്തോളം, സൊറാസ്ട്രിയൻ മതത്തിന്റെ അവെസ്തയോ കൺഫ്യൂഷ്യസ് മതത്തിന്റെ ചതുർഗ്രന്ഥങ്ങളോ പോലുള്ള “വിശുദ്ധ” ഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് “പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ സ്വാധീനമില്ലാതല്ല. അതുകൊണ്ട് ചെറിയൊരളവിൽ അവയിലൊക്കെ ‘ദിവ്യ വെളിപാട്’ അടങ്ങുന്നുണ്ട്.”
എങ്കിലും, ആ ലേഖനം ഒരു വിശദീകരണം നൽകുന്നുണ്ട്. “അത്തരം വിശുദ്ധ ഗ്രന്ഥങ്ങളിൽ അടങ്ങിയിരിക്കുന്നതു മുഴുവനും ദൈവത്തിന്റെ വചനമല്ല” എന്ന് അതു പ്രസ്താവിക്കുന്നു. ആ ഗ്രന്ഥങ്ങളുടെ രചയിതാക്കൾ, അവർ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്ത, “ബഹുദൈവാരാധനാ പശ്ചാത്തലത്തിന്റെയോ തത്ത്വചിന്താപരമായ ചുറ്റുപാടിന്റെയോ സ്വാധീനം അനുഭവിച്ചി”രുന്നിരിക്കാമെന്ന് അതു കൂട്ടിച്ചേർക്കുന്നു. ലാ റേപ്പൂബ്ലിക്കാ എന്ന ഇറ്റാലിയൻ വർത്തമാനപത്രത്തിനു വേണ്ടിയുള്ള വത്തിക്കാൻ ആഭ്യന്തര കാര്യങ്ങളുടെ ലേഖകനായ മാർക്കോ പോളിറ്റി പറയുന്നതനുസരിച്ച് ഈ നിലപാട്, ജോൺ പോൾ രണ്ടാമന്റെ ശക്തമായ പ്രോത്സാഹനത്തോടെ 1986-ൽ അസ്സീസിയിൽ നടന്നതുപോലുള്ള സമ്മിശ്രമത പ്രാർഥനായോഗങ്ങളുടെ അന്തഃസത്തയിലേക്കു മടങ്ങിപ്പോയിക്കൊണ്ട് “കത്തോലിക്കാ സഭയ്ക്കും വലിയ ചരിത്രമതങ്ങൾക്കും ഇടയിലെ ബന്ധങ്ങൾക്കുള്ള പൂർവാചിന്തനീയ സാധ്യതകളിലേക്കു വഴിതുറക്കുന്നു.”
ക്രമഭംഗത്തിന്റെയോ ആശയക്കുഴപ്പത്തിന്റെയോ ദൈവമല്ല യഹോവ. (1 കൊരിന്ത്യർ 14:33) അതുകൊണ്ട് അവന്റെ പരിശുദ്ധാത്മാവ് അഥവാ പ്രവർത്തനനിരതമായ ശക്തി, അവന്റെ വചനമായ ബൈബിളുമായി പൂർണ യോജിപ്പിലല്ലാത്ത ഗ്രന്ഥങ്ങളുടെ ഏതെങ്കിലുമൊരു ഭാഗം നിശ്വസ്തമാക്കുമെന്നു നമുക്ക് ഉചിതമായി നിഗമനം ചെയ്യാനാവില്ല. വിഭിന്ന “മതപാരമ്പര്യങ്ങൾ” തമ്മിലുള്ള സഭൈക്യ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, ‘ഏക പ്രത്യാശ, ഏക കർത്താവ്, ഏക വിശ്വാസം, ഏക സ്നാനം’ എന്ന് അപ്പോസ്തലനായ പൗലൊസ് എഴുതി.—എഫെസ്യർ 4:4, 5.
ആ ‘ഏക പ്രത്യാശ’ യേശുക്രിസ്തുവിൽ വിശ്വാസം വെക്കുന്നതിലാണു കേന്ദ്രീകരിച്ചിരിക്കുന്നത്. ബൈബിൾ ഉചിതമായി ഇങ്ങനെ പ്രസ്താവിക്കുന്നു: “മറെറാരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (പ്രവൃത്തികൾ 4:12) ദൈവോദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിൽ യേശു പ്രമുഖ വ്യക്തിയായിരിക്കുന്നതായി മറ്റൊരു “വിശുദ്ധ ഗ്രന്ഥ”വും വ്യക്തമാക്കുന്നില്ല. നാം ബൈബിളിനെ ദൈവവചനമായി സ്വീകരിക്കുന്നെങ്കിൽ മാത്രമേ രക്ഷയ്ക്കായുള്ള യഹോവയുടെ സ്നേഹപൂർവകമായ കരുതലിനെക്കുറിച്ച് അതിനു നമ്മെ പഠിപ്പിക്കാനാകൂ.—യോഹന്നാൻ 17:3; 1 തെസ്സലൊനീക്യർ 2:13.