‘അവർ മറ്റുള്ളവരെ സഹായിക്കുന്നതിൽ തത്പരരാണ്’
യഹോവയുടെ സാക്ഷികളെക്കുറിച്ചു ന്യൂയോർക്ക് നഗരത്തിലെ ഒരു പൊലീസുകാരൻ പറഞ്ഞത് അങ്ങനെയാണ്. ന്യൂയോർക്കിലെ ബ്രൂക്ലിനിലെ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തു സേവനമനുഷ്ഠിക്കുന്ന ഒരു മുഴുസമയ സ്വമേധയാസേവകയായ കാത്ലീനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇളംവെയിലുള്ള ഒരു ശരത്കാല ദിനത്തിൽ ഉച്ചയ്ക്കുള്ള ഇടവേള സമയത്ത് അടുത്തുള്ള ഒരു പ്രോമനേഡിൽ (വിഹാരസ്ഥലത്ത്) ഒരു ബഞ്ചിലായി കാത്ലീൻ ഇരുന്നു. ഹെഡ്ഫോണുകളോടുകൂടിയ ഓഡിയോ കാസെറ്റ് പ്ലെയർ കേട്ടുകൊണ്ടിരിക്കുകയായിരുന്നു അവർ. ഈസ്റ്റേൺ നദിക്ക് അക്കരെയായി ഹെലിപ്പോർട്ടിൽ, നഗരം സന്ദർശിക്കുകയായിരുന്ന മാർപാപ്പയുടെ വിടകൊള്ളലിനായുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. എല്ലായിടത്തും കനത്ത സുരക്ഷാ ഏർപ്പാടുകൾ ഉണ്ടായിരുന്നു. പൊലീസുകാർ പ്രോമനേഡിൽ റോന്തു ചുറ്റുന്നുണ്ടായിരുന്നു. അവരിലൊരാൾ കാത്ലീനെ സമീപിച്ച് എന്തെടുക്കുകയാണെന്നു ചോദിച്ചു. കാത്ലീൻ മറുപടി പറഞ്ഞു: “ഞാൻ റഷ്യൻ ഭാഷയിലുള്ള ഒരു ടേപ്പ് കേട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ യഹോവയുടെ സാക്ഷികളിലൊരാളാണ്. ഈ നഗരത്തിൽ താമസിക്കാനെത്തിയിരിക്കുന്ന റഷ്യൻ ഭാഷ സംസാരിക്കുന്ന ആളുകളുമായി ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പങ്കുവെക്കാനായി എനിക്കു റഷ്യൻ ഭാഷ പഠിക്കണം.”
ന്യൂയോർക്ക് നഗരത്തിൽ റോന്തുചുറ്റുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ, കഴിഞ്ഞ 15 വർഷമായി താൻ യഹോവയുടെ സാക്ഷികളെ ക്രമേണ വിലമതിക്കാൻ തുടങ്ങിയിരിക്കുന്നതായി അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: “തങ്ങളുടെ സമൂഹത്തിലെ മറ്റുള്ളവരെ സഹായിക്കുന്നതിൽ ആത്മാർഥമായി തത്പരരായ അംഗങ്ങളുള്ള ഒരു സംഘടിത മതമായി ഞാൻ യഹോവയുടെ സാക്ഷികളെ വീക്ഷിക്കുന്നു.”
തങ്ങൾ ചെയ്യുന്ന വീടുതോറുമുള്ള പ്രസംഗവേലയ്ക്കു യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി അറിയപ്പെടുന്നു. (പ്രവൃത്തികൾ 20:20) മനുഷ്യവർഗത്തെ ചൂഴ്ന്നുനിൽക്കുന്ന പ്രശ്നങ്ങൾക്കുള്ള ഏകപരിഹാരമായി അവർ ദൈവരാജ്യത്തെ ചൂണ്ടിക്കാണിക്കുമ്പോൾതന്നെ ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ തക്കവണ്ണം തങ്ങളുടെ ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അവർ ആളുകളെ സഹായിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, വീടുകളിൽ പഠനത്തിന് ഉതകുന്ന സാഹചര്യമുണ്ടാക്കാൻ സാക്ഷികൾ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു. തൊഴിലുടമകൾ മൂല്യം കൽപ്പിക്കുന്ന വൈദഗ്ധ്യങ്ങളും ഗുണങ്ങളും കൈവരിക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് സത്യസന്ധരും നിയമാനുവർത്തികളുമാകാൻ അവർ വ്യക്തികളെ പ്രബോധിപ്പിക്കുന്നു.
അതേ, ജീവിതം മെച്ചപ്പെടുത്താൻ സമൂഹത്തിലെ ആളുകളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ വളരെയധികം തത്പരരാണ്. താഴെക്കൊടുത്തിരിക്കുന്ന വാഗ്ദാനത്തോടു പ്രതികരിക്കാൻ നിങ്ങളെ ഊഷ്മളമായി ക്ഷണിച്ചുകൊള്ളുന്നു.