“യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരംനൽകി!”
ദൈവത്തെയും മനുഷ്യവർഗത്തെ സംബന്ധിച്ച അവന്റെ അത്ഭുതകരമായ ഉദ്ദേശ്യത്തെയും സംബന്ധിച്ചു സൂക്ഷ്മപരിജ്ഞാനം നേടുന്നതിൽ തത്പരരായ ആളുകളുമായി യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഏതാണ്ട് 50 ലക്ഷം ഭവനബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്. യഹോവയുടെ സാക്ഷികളുടെ ഇടയിലെ കുട്ടികൾ പോലും ഇതിൽ ഒരു പങ്കുവഹിക്കുന്നു. ദൃഷ്ടാന്തത്തിന്, ജോയൽ എന്നു പേരായ ഒരു ബാലന്റെ കാര്യം പരിചിന്തിക്കുക. അവൻ ഒൻപതാം വയസ്സിൽ യഹോവയ്ക്കുവേണ്ടിയുള്ള അവന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്തിക്കൊണ്ടു സ്നാപനമേററു. ഒരു വർഷം കഴിഞ്ഞ് അവന് ഈ അനുഭവം ഉണ്ടായി:
“ഞാൻ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടിരുന്നപ്പോൾ കാൻഡി എന്നുപേരുള്ള ഒരു സ്ത്രീയെ കണ്ടുമുട്ടി. ‘നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു’ എന്ന ലഘുപത്രിക ഞാൻ അവർക്കു വാഗ്ദാനംചെയ്തു. അവർക്ക് അത് അപ്പോൾത്തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാൻ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം വാഗ്ദാനംചെയ്തു. അതും അവർക്കുണ്ടായിരുന്നു. അപ്പോൾ ‘ഈ സ്ത്രീക്ക് ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്യാം’ എന്നു ഞാൻ വിചാരിച്ചു. അവർ അതു സ്വീകരിച്ചു!
“കാൻസർ ബാധിച്ചു മരിക്കാറായ, കാൻഡിയുടെ സഹോദരി അവരോടുകൂടെ താമസിക്കാൻ വന്നു. കൂടാതെ, കാൻഡി ഒരു നേഴ്സാകാൻ പഠിക്കുകയായിരുന്നു. അതുകൊണ്ടു കുറേ കാലത്തേക്കു ബൈബിളധ്യയനം തുടർന്നില്ല. എന്നാൽ എന്റെ മാതാപിതാക്കളും ഞാനും അവർക്കോ അവരുടെ ഭർത്താവായ ഡിക്കിനോ മാസികകൾ കൊടുത്തുകൊണ്ട് അവരുമായി സമ്പർക്കം പുലർത്തിപ്പോന്നു. അവർ തന്റെ കിടക്കക്കരികെ മാസികകൾ സൂക്ഷിച്ചുകൊണ്ട് രാത്രിയിൽ അവ വായിക്കുമെന്നു ഡിക്ക് ഞങ്ങളോടു പറഞ്ഞു.
“ഒടുവിൽ കാൻഡിയുടെ സഹോദരി മരിച്ചു. എന്റെ ഡാഡിയും മമ്മിയും ഞാനും മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു കാൻഡിയോടു സംസാരിച്ചു. തന്റെ ബൈബിളധ്യയനം വീണ്ടും തുടങ്ങാൻ അവർ തീരുമാനിച്ചു. മറെറാരു ദിവസം ഡിക്കും കാൻഡിയോടൊത്തു പഠിച്ചുകൊണ്ട് അതിനെ ഒരു കുടുംബാധ്യയനം ആക്കാൻ ഇഷ്ടപ്പെടുന്നുവോ എന്നു ഞങ്ങൾ അയാളോടു ചോദിച്ചു. അതു നല്ല ഒരു ആശയമാണെന്ന് അയാൾ കരുതി. അങ്ങനെ, ഇപ്പോൾ ഞാൻ ഡാഡിയുമൊത്തു ഡിക്കിനും കാൻഡിക്കും അധ്യയനം നടത്തിക്കൊണ്ടിരിക്കയാണ്. അവർ നല്ല പുരോഗതി വരുത്തുകയും ബൈബിളധ്യയനത്തിനു വിലമതിപ്പു പ്രകടമാക്കുകയും ചെയ്യുന്നു.
“ഞാൻ ഒരു ബൈബിളധ്യയനത്തിനുവേണ്ടി പ്രാർഥിച്ചുകൊണ്ടാണിരുന്നത്. യഹോവ എന്റെ പ്രാർഥനകൾക്ക് ഉത്തരം നൽകി!”