ഹൃദയസ്പർശിയായ ഒരു മാസിക
വിജ്ഞാനത്തിനോ വിനോദത്തിനോ വേണ്ടിയുള്ള വായനക്കാരുടെ വിശപ്പകറ്റാൻ ഗോളവ്യാപകമായി അസംഖ്യം മാസികകൾ പ്രസിദ്ധീകരിച്ചുവരുന്നു.
നിങ്ങളുടെ കയ്യിലിരിക്കുന്ന ഈ മാസികയെ ഇത്രമാത്രം വ്യതിരിക്തമാക്കുന്നത് എന്താണ്? വാച്ച് ടവർ സൊസൈറ്റിയുടെ ജർമനിയിലെ ബ്രാഞ്ച് ഓഫീസിൽ ലഭിച്ച പിൻവരുന്ന കത്ത് ഉത്തരം പ്രദാനം ചെയ്തേക്കാം:
“പ്രിയ സഹോദരങ്ങളേ, നിങ്ങളുടെ ശ്രമങ്ങൾക്കും വേലയ്ക്കും വളരെയധികം നന്ദി. ഞാനും എന്റെ രണ്ടു പുത്രന്മാരും യോഗത്തിനുശേഷം മടങ്ങിയെത്തിയപ്പോൾ രാത്രി 9:30 ആയിരുന്നെങ്കിലും പുതിയ വീക്ഷാഗോപുരം ശ്രവിക്കാമെന്നു [ശ്രവ്യകാസറ്റിൽ] ഞാൻ വിചാരിച്ചു. പാത്രം കഴുകുന്നതിനിടയിൽ ഞാൻ ആദ്യത്തെ അധ്യയനലേഖനം (ഏപ്രിൽ 1, 1995) ശ്രവിക്കാൻ തുടങ്ങി. അതു വീണ്ടും കേൾക്കണമെന്ന് എനിക്കു തോന്നി. അതുകൊണ്ട് അടുക്കളയിലെ ജോലി അവിടെയിട്ടിട്ടു വീക്ഷാഗോപുരത്തിലെ ആ ലേഖനം [“നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയവരാണ്!”] ടേപ്പിനോടൊപ്പം വായിച്ചു. അത് എന്റെ ഹൃദയത്തെ സ്പർശിച്ചു, പ്രത്യേകിച്ച് നാലും അഞ്ചും ഖണ്ഡികകൾ. പിന്നെ, കുറച്ചുനേരത്തേക്കു കണ്ണുനീർ ഒഴുകാൻ തുടങ്ങി. ജീവിച്ചിരിക്കുന്നതിലും യഹോവയുടെ ജനത്തിൽ ഒരാളായിരിക്കുന്നതിലും മറ്റുള്ളവരോടൊപ്പം എനിക്ക് അവന്റെ നാമം വെളിപ്പെടുത്താൻ കഴിയുന്നതിലും ഞാൻ അവനോടു നന്ദിയുള്ളവളാണ്. വിലയില്ലെന്നു തോന്നാൻ വാസ്തവത്തിൽ യാതൊരു കാരണവുമില്ല. യഹോവയുടെ ആത്മാവ് അവന്റെ ജനത്തോടൊപ്പമുണ്ട്. നാമെല്ലാം ഏകീകൃതരായി സഹിച്ചുനിൽക്കുകയും വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുമാറാകട്ടെ. ക്രിസ്തീയ സ്നേഹത്തോടെ, വിശ്വാസത്തിലുള്ള നിങ്ങളുടെ സഹോദരി.”
വീക്ഷാഗോപുരം വിജ്ഞാനം നൽകുന്നതിലുമധികം ചെയ്യുന്നു. അത് അതിന്റെ വായനക്കാരുടെ ഹൃദയത്തെ സ്പർശിക്കുകയും ആത്മീയ പോഷണത്തിനും കാലോചിത പ്രോത്സാഹനത്തിനുമുള്ള അവരുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. അതേ, വീക്ഷാഗോപുരം “തത്സമയത്തു ഭക്ഷണം” പ്രദാനം ചെയ്യുന്നു.—മത്തായി 24:45.