പ്രളയ പുരാവൃത്തം ബൈബിൾ വൃത്താന്തത്തെ പിന്താങ്ങുന്നു
നോഹയുടെ നാളിലെ ആഗോള ജലപ്രളയം ഒരു ചരിത്രവസ്തുതയാണ്. ആ വൃത്താന്തത്തെക്കുറിച്ചുള്ള തനതായ വർണനകൾ ലോകവ്യാപകമായി നിരവധി വ്യത്യസ്ത സംസ്കാരങ്ങളുടെ അലിഖിത ചരിത്രത്തിൽ കാണുന്നു. ഛാഡ് എന്ന ആഫ്രിക്കൻ രാജ്യത്തെ മുസായി ഗോത്രം പ്രളയത്തെ ഇങ്ങനെ വർണിക്കുന്നു:
‘പണ്ടൊരിക്കൽ, ഒരു വിദൂര സ്ഥലത്ത് ഒരു കുടുംബം ജീവിച്ചിരുന്നു. ഒരു ദിവസം ആ കുടുംബത്തിലെ മാതാവ് തന്റെ പ്രിയപ്പെട്ടവർക്കുവേണ്ടി സുഭിക്ഷമായ ഒരു സദ്യയൊരുക്കാൻ ആഗ്രഹിച്ചു. അതുകൊണ്ട്, അവൾ ധാന്യം പൊടിക്കാൻ ഉരലും ഉലക്കയും എടുത്തു. അന്നൊക്കെ ആകാശം ഇന്നത്തെക്കാൾ വളരെ അടുത്തായിരുന്നു. വാസ്തവത്തിൽ, കൈ ഉയർത്തിയാൽ അതിനെ തൊടാമായിരുന്നു. അവൾ സർവശക്തിയുമെടുത്തു ധാന്യം പൊടിച്ചു. അവൾ പൊടിച്ചുകൊണ്ടിരുന്ന ചാമ പെട്ടെന്നുതന്നെ പൊടിയായിത്തീർന്നു. എന്നാൽ, പൊടിച്ചുകൊണ്ടിരിക്കവേ ആ സ്ത്രീ അശ്രദ്ധയോടെ ഉലക്ക കുറച്ചധികം ഉയർത്തി. അങ്ങനെ അവൾ ആകാശത്തിൽ ഒരു ദ്വാരമുണ്ടാക്കി! ഉടനടി വളരെയധികം വെള്ളം ഭൂമിയിലേക്കു വീഴാൻ തുടങ്ങി. അതൊരു സാധാരണ മഴയായിരുന്നില്ല. മുഴു ഭൂമിയും വെള്ളംകൊണ്ടു നിറയുന്നതുവരെ ഏഴു രാവും ഏഴു പകലും മഴ പെയ്തു. മഴ പെയ്തുകൊണ്ടിരിക്കെ, ആകാശം ഉയരാൻ തുടങ്ങി. ഒടുവിലത് ഇപ്പോൾ ആയിരിക്കുന്നത്ര, എത്തിച്ചേരാനാവാത്ത ഉയരത്തിൽ എത്തിപ്പെട്ടു. മനുഷ്യവർഗത്തിനു ഭവിച്ച എന്തൊരു വിപത്ത്! അന്നുമുതൽ ആകാശത്തെ കൈകൊണ്ടു തൊടാനുള്ള പദവി നമുക്കു നഷ്ടമായി.’
രസാവഹമായി, ആഗോള പ്രളയത്തെക്കുറിച്ചു പറയുന്ന പുരാതന വൃത്താന്തങ്ങൾ ലോകവ്യാപകമായി കണ്ടെത്താനാവും. അമേരിക്കകളുടെ തദ്ദേശ സംസ്കാരങ്ങൾക്കും ഓസ്ട്രേലിയയിലെ ആദിവാസികൾക്കുമെല്ലാം അതേപ്പറ്റി കഥകൾ പറയാനുണ്ട്. വിശദാംശങ്ങൾ വ്യത്യസ്തമായിരിക്കാം, എന്നാൽ ഭൂമി വെള്ളത്താൽ നിറഞ്ഞിരുന്നുവെന്നും ഒരു മനുഷ്യനിർമിത യാനപാത്രത്തിൽ ചുരുക്കം ചിലർ മാത്രം രക്ഷപ്പെട്ടുവെന്നുമുള്ള ആശയം മിക്ക വൃത്താന്തങ്ങളിലുമുണ്ട്. ഈ വിഷയം വ്യാപകമായി കാണാമെന്നതു ബൈബിളിൽ റിപ്പോർട്ടുചെയ്തിരിക്കുന്ന പ്രകാരം, ആഗോളവ്യാപകമായ ഒരു ജലപ്രളയം നടന്നുവെന്ന വസ്തുതയെ പിന്താങ്ങുന്നു.—ഉല്പത്തി 7:11-20.