“അവരെ ആട്ടിപ്പായിക്കരുത്!”
“യഹോവയുടെ സാക്ഷികളിലൊരാൾ അല്ലെങ്കിൽ രണ്ടുപേർ നിങ്ങളുടെ ഡോർബെൽ അടിക്കുന്നപക്ഷം അവരെ ആട്ടിപ്പായിക്കരുത്!” കോറിയർ ഡെല്ലോ സെറോ ഉപദേശിക്കുന്നു. ഉത്തര ഇറ്റലിയിലെ ട്രെവിസോയിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചു പരാമർശിക്കുകയായിരുന്നു ആ വാർത്താപത്രം. അവിടെ ഒരു ബിസിനസുകാരന് അയാളെ സന്ദർശിച്ച രണ്ടു സാക്ഷികളെ ആട്ടിപ്പായിച്ചതുനിമിത്തം പത്തു ലക്ഷത്തിലധികം ലിറ (600-ലധികം യു.എസ്. ഡോളർ) നഷ്ടപ്പെടാൻ സാധ്യതയുണ്ടായിരുന്നു.
വാർത്താപത്രം പറയുന്നതനുസരിച്ച്, രണ്ടു സാക്ഷികൾ പിൻവരുന്ന വാക്കുകളാൽ തങ്ങളെ ആ മനുഷ്യനു പരിചയപ്പെടുത്തി: “ഇന്നു താങ്കൾക്കു നല്ല ദിവസമാണ്. ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്. താങ്കൾക്കു നൽകാൻ ഞങ്ങളുടെ പക്കൽ വിലയേറിയ ഒന്നുണ്ട്.” അതു കേട്ടതോടെ സ്നേഹശൂന്യനായ ആ ബിസിനസുകാരൻ കതകടച്ചു, പറഞ്ഞുതീർക്കാൻ അവരെ അനുവദിച്ചില്ല.
പാർക്കിലെ ഒരു ബഞ്ചിൽക്കിടന്നു കിട്ടിയ അയാളുടെ പേഴ്സു മടക്കിക്കൊടുക്കാനാണു സാക്ഷികൾ ആ മനുഷ്യന്റെ വീട്ടിൽപോയതെന്ന് അവർ പറയുന്നതു ശ്രദ്ധിച്ചിരുന്നെങ്കിൽ അയാൾക്കു മനസ്സിലായേനെ. അതുകൊണ്ട്, പേഴ്സ് അതിലുള്ള സാധനങ്ങളടക്കം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയല്ലാതെ സാക്ഷികൾക്കു വേറെ മാർഗമില്ലായിരുന്നു. പിറ്റേന്ന്, പൊലീസ് പേഴ്സ് അതിന്റെ യഥാർഥ ഉടമയെ ഏൽപ്പിച്ചു.
“ഹതാശരായ ആ [സാക്ഷികൾ] ഇരുവരുടെയും സ്ഥാനത്തു മറ്റാരെങ്കിലുമായിരുന്നെങ്കിൽ പേഴ്സിലെ ഗണ്യമായ തുക . . . കൈവശം വെച്ചേനെ. എന്നാൽ തികച്ചും സത്യസന്ധരായിരിക്കേണ്ട യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്യുകയില്ല” എന്ന് ഇൽ ഗോറ്റ്സെറ്റിനോ ഡി ട്രെവിസോ പറഞ്ഞു.
“തികച്ചും സത്യസന്ധരായിരി”ക്കാൻ യഹോവയുടെ സാക്ഷികളെ പ്രേരിപ്പിക്കുന്നതെന്താണ്? അത് യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ദൈവത്തോടും അയൽക്കാരോടുമുള്ള അവരുടെ സ്നേഹമാണ്. (മത്തായി 22:37-39) യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്തായ “പുതിയ ഭൂമി”യെക്കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിക്കുന്നതിനു യഹോവയുടെ സാക്ഷികൾ വീടുതോറും പോകുന്നതും അതുകൊണ്ടാണ്. പ്രത്യാശയുടെ അത്തരമൊരു സന്ദേശം ഏതൊരു ഭൗതിക സ്വത്തിനെക്കാളും വിലയേറിയതാണ്!—2 പത്രൊസ് 3:13.