രക്തത്തിനു പകരമുള്ള വസ്തുക്കളെക്കുറിച്ചു വിദഗ്ധർ പരിചിന്തിക്കുന്നു
രക്തരഹിത മരുന്നും ശസ്ത്രക്രിയയും. വൈദ്യരംഗത്തു വർധിച്ച അളവിൽ താത്പര്യജനകമായ ആ വിഷയത്തെക്കുറിച്ചു ചർച്ചചെയ്യുന്നതിന് ഐക്യനാടുകളിലെമ്പാടുമുള്ള ഏതാണ്ട് 200 വിദഗ്ധർ 1995 ഒക്ടോബർ 7 ശനിയാഴ്ച ഒഹായോയിലെ ക്ലീവ്ലൻഡിൽ സമ്മേളിച്ചു.
വെല്ലുവിളിയുയർത്തുന്ന വിവിധ സാഹചര്യങ്ങളെക്കുറിച്ചു ചർച്ചചെയ്യപ്പെട്ടു. ഉദാഹരണത്തിന്, ഒരു രോഗി ആശങ്കാജനകമായ വിളർച്ച അനുഭവിക്കുന്നെങ്കിലെന്ത്? തീരെ വളർച്ചയെത്താതെ ജനിച്ച ഒരു കുട്ടിയെ രക്തമില്ലാതെ എങ്ങനെ ചികിത്സിക്കണം? രക്തപ്പകർച്ചകൾ കൂടാതെ ഹൃദയ ശസ്ത്രക്രിയ വിജയപ്രദമായി നടത്താനാവുമോ? രസകരമെന്നു പറയട്ടെ, രക്തരഹിത ശസ്ത്രക്രിയ—ആവശ്യമായ രക്തം ഉത്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്ന മാർഗങ്ങൾ അവലംബിച്ചുകൊണ്ട്—ഈ സാഹചര്യങ്ങളിലെല്ലാം ഇതിനോടകംതന്നെ ഫലപ്രദമായി നടത്തിയിട്ടുണ്ട്.a
രക്തപ്പകർച്ചകൾക്കു പകരമുള്ള ചികിത്സ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? “രക്തപ്പകർച്ചകൾ ഒട്ടുമിക്കപ്പോഴും രോഗങ്ങൾ, വിശേഷിച്ചും ഹെപ്പറ്റൈറ്റിസ് സംക്രമിപ്പിക്കുന്നതായി ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു” എന്ന് ക്ലീവ്ലൻഡിലെ സെൻറ് വിൻസെൻറ് ചാരിറ്റി ഹോസ്പിറ്റലിലെ സെന്റർ ഫോർ മെഡിസിൻ ആൻഡ് സർജറിയുടെ ഡയറക്ടറായ ഷാരൻ വെർനോൻ പറയുന്നു. “രക്തം രോഗം സംക്രമിപ്പിക്കാത്തപ്പോഴും അതിന് രോഗിയുടെ പ്രതിരോധശക്തിയെ ക്ഷയിപ്പിക്കാൻ കഴിയും,” അവർ തുടർന്നു പറയുന്നു. സ്ക്രീനിങ്ങിലൂടെ എയ്ഡ്സിന്റെ സംക്രമണം കുറഞ്ഞിരിക്കുന്നുവെങ്കിലും അത്തരം പരിശോധനകളുടെ കണ്ണുവെട്ടിച്ചു കടന്നുകളയുന്ന മറ്റനേകം രോഗങ്ങളുണ്ട്. കൂടുതലായ തയ്യാറെടുപ്പിന്റെ ആവശ്യമുണ്ടായിരുന്നിട്ടും രക്തരഹിത ശസ്ത്രകിയ ആശുപത്രികൾക്കു സാമ്പത്തികമായി കൂടുതൽ ലാഭകരമെന്നു തെളിയുന്നു. കാരണം, രോഗികൾക്കു ദുഷിച്ച രക്തം ലഭിക്കുന്നതുമൂലം പൊന്തിവന്നേക്കാവുന്ന നിയമപരമായ നൂലാമാലകൾ അത് ഒഴിവാക്കുന്നു.
യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം രക്തം സ്വീകരിക്കാതിരിക്കുന്നതിന് ഏറെ പ്രധാനമായ ഒരു കാരണമുണ്ട്: ദൈവനിയമം അതു വിലക്കുന്നു. (പ്രവൃത്തികൾ 15:29) എന്നാൽ സാധിക്കുന്നതിലേക്കും ഏറ്റവും നല്ല വൈദ്യപരിശോധന അപ്പോഴും അവർ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെ, രക്തരഹിത വൈദ്യചികിത്സയ്ക്കു നേതൃത്വം വഹിക്കുന്ന ഡോക്ടർമാരുമായി അവർ സഹകരിച്ചിരിക്കുന്നു. അത്തരം ചികിത്സ യഹോവയുടെ സാക്ഷികൾക്കു മാത്രമല്ല, രക്തപ്പകർച്ചകളുടെ അപകടത്തെപ്പറ്റി ഉത്കണ്ഠയുള്ള അനേകർക്കും പ്രയോജനപ്രദമാണ്.
[അടിക്കുറിപ്പ]
a ഉണരുക!യുടെ 1994 മാർച്ച് 8 ലക്കത്തിന്റെ 26-29 പേജുകളും 1996 ജനുവരി 22 ലക്കത്തിന്റെ 31-ാം പേജും കാണുക.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WHO photo by P. Almasy