ശൈശവംമുതൽ അവരെ പരിശീലിപ്പിക്കുക
“ഗർഭസ്ഥശിശുക്കൾ സ്വരങ്ങളോടു ശാരീരികമായി പ്രതികരിക്കുന്നു” എന്ന് ആധുനിക ഗവേഷണം സൂചിപ്പിക്കുന്നു. “മാതാക്കൾ തങ്ങളുടെ അജാതശിശുക്കളെ വായിച്ചുകേൾപ്പിച്ചതിനെത്തുടന്ന്, ആ ഭാഗം വീണ്ടും വായിച്ചപ്പോൾ നവജാതശിശുക്കൾ പ്രതികരിച്ചു”വെന്ന് ഉത്തര കരോലിനാ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയതായി വിന്നിപെഗ് ഫ്രീ പ്രസ്സ് പറയുന്നു. ഗർഭിണികളായിരിക്കവേ സ്ത്രീകൾ ഉച്ചത്തിൽ വായിക്കുമ്പോൾ, അതു കുട്ടിയിൽ നല്ല ധാർമിക മൂല്യങ്ങൾ ഉൾനടുന്നതിൽ നന്നായി സഹായിച്ചേക്കാം. തിമോത്തി ‘തിരുവെഴുത്തുകളെ ബാല്യംമുതൽ അറിഞ്ഞു’വെന്നു ബൈബിൾ പറയുന്നു. (2 തിമൊഥെയൊസ് 3:14, 15) തെളിവനുസരിച്ച്, അവന്റെ അമ്മയും വല്യമ്മയും അവനെ ശൈശവംമുതൽ പരിശീലിപ്പിക്കുന്നതിന്റെ മൂല്യം വിലമതിച്ചു. അതിൽ സർവസാധ്യതയുമനുസരിച്ച് ഉച്ചത്തിൽ വായിക്കുന്നത് ഉൾപ്പെട്ടിരുന്നു.
“ഇന്നത്തെ നമ്മുടെ സമൂഹത്തിൽ നമുക്കുള്ള ഏറ്റവും ശക്തമായ ജീവിത വൈദഗ്ധ്യം” വായനയാണെന്ന് ഗ്രന്ഥകാരനായ ജിം ട്രെലീസ് പറയുന്നു. ഉച്ചത്തിൽ വായിക്കുന്നതിനാൽ ഭാഷാ-പദ നൈപുണ്യങ്ങൾ വർധിക്കുന്നു.
നിങ്ങളുടെ ശിശുവിനോടു നിങ്ങൾ സംസാരിക്കാൻ തുടങ്ങുമ്പോൾ മുതലെങ്കിലും ഉച്ചത്തിൽ വായിക്കാൻ തുടങ്ങുന്നതു ജ്ഞാനപൂർവകമാണ്. നിങ്ങൾ പറയുന്നതു നിങ്ങളുടെ അജാതശിശുവിന് അല്ലെങ്കിൽ നവജാതശിശുവിന് ആദ്യം മനസ്സിലാകുകയില്ലെങ്കിൽപോലും, സാധ്യതയുള്ള ദീർഘകാല പ്രയോജനങ്ങൾ അതിനെ മൂല്യവത്താക്കുന്നു. സദൃശവാക്യങ്ങൾ 22:6 പറയുന്നു: “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.”
പ്രായോഗികവും പ്രയോജനപ്രദവുമായ എന്ത് നിങ്ങൾക്കു വായിക്കാൻ കഴിയും? ഓരോ ദിവസവും നിങ്ങളുടെ കുട്ടിയെ ബൈബിൾ ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കുക. മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ, എന്റെ ബൈബിൾ കഥാ പുസ്തകം, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ തുടങ്ങിയ മൂല്യവത്തായ മറ്റു പ്രസിദ്ധീകരണങ്ങളും വീക്ഷാഗോപുര, ഉണരുക! മാസികകളിലെ ലേഖനങ്ങളും വായിക്കുക.
നിങ്ങളെത്തന്നെ ഈ വിധത്തിൽ നൽകുന്നതിൽ സമയം ഉൾപ്പെട്ടിരിക്കുന്നുവെന്നതു സത്യംതന്നെ, എന്നാൽ ഇതു നന്നായി വിനിയോഗിച്ച സമയമാണ്. നിങ്ങളുടെ കുട്ടിയെ നിങ്ങൾ പരിഗണിക്കുന്നുവെന്നും സ്നേഹിക്കുന്നുവെന്നും പ്രകടമാക്കാനുള്ള ഒരു പ്രത്യക്ഷ വിധമാണ് ഇത്.