അദ്ദേഹം ഏറ്റവും ശ്രേഷ്ഠമായ നാമം ഉപയോഗിച്ചതിന്റെ കാരണം
“എന്റെ വിമർശകരിൽ ഒരാൾ പറയുന്നതനുസരിച്ച്, നൂറ്റാണ്ടുകളോളം പരമ്പരാഗതമായി ഉപയോഗിച്ചുവന്ന ‘കർത്താവ്’ എന്ന തുല്യപദത്തിനുപകരം ‘യഹോവ’ എന്ന പദം ഉൾപ്പെടുത്തിയതിൽ ഞാൻ പാപം ചെയ്തിരിക്കുന്നു.”
ജെ. ജെ. സ്റ്റ്യുവാർട്ട് പെറോൺ നിർവഹിച്ച, സങ്കീർത്തനപുസ്തകത്തിന്റെ, പരിഭാഷയുടെ രണ്ടാം പതിപ്പിന്റെ ആമുഖത്തിലെ അദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു അത്. അദ്ദേഹത്തിന്റെ പരിഭാഷ ആദ്യം പ്രസിദ്ധീകരിച്ചത് 1864-ൽ ആയിരുന്നു. ആ പരിഭാഷയിൽ ദൈവനാമം ഉപയോഗിച്ചതിനെ, 1864 ജൂലൈ 2-ലെ സാറ്റർഡേ റിവ്യൂവിൽ എഴുതവേ, നിരൂപകർ എതിർത്തു. യഹൂദപ്പള്ളികളിലോ ക്രിസ്തീയ പള്ളികളിലോ അത് മേലാൽ ഉപയോഗിക്കുന്നില്ല എന്നതായിരുന്നു കാരണം. യഹോവ എന്ന നാമം യഹൂദന്മാരോടു വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നതായും അതുകൊണ്ട് “പ്രാദേശികമോ ദേശീയമോ ആയി യാതൊരു ബന്ധവുമില്ലാത്ത” “കർത്താവ്” അല്ലെങ്കിൽ “ദൈവം” എന്നതു പോലുള്ള മറ്റൊരു പദം ഉപയോഗിക്കണമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈ വാദങ്ങളോടു പെറോൺ യോജിച്ചില്ല. കാരണം അദ്ദേഹം, മനുഷ്യനുള്ള ദൈവത്തിന്റെ വെളിപാടിലെ “ഒരൊറ്റ അക്ഷരം പോലും നീക്കിക്കളയാൻ ആഗ്രഹി”ച്ചില്ല. എബ്രായ ദിവ്യനാമം “കർത്താവ്” എന്നു വിവർത്തനം ചെയ്യുന്ന പരിഭാഷകർ രണ്ട് എബ്രായ പദങ്ങൾ തമ്മിലുള്ള വ്യത്യാസം വേർതിരിച്ചറിയാൻ പരാജയപ്പെടുന്നതായി അദ്ദേഹം ഉചിതമായിത്തന്നെ തറപ്പിച്ചുപറഞ്ഞു.
കൂടുതലായി, ദിവ്യനാമത്തിന്റെ പുനഃസ്ഥിതീകരണത്തെ അനുകൂലിച്ച യോഗ്യരായ പ്രാമാണികർ ഉണ്ടെന്നു പെറോൺ തറപ്പിച്ചുപറഞ്ഞു. പ്രസിദ്ധ ആംഗലേയ കവിയായ സാമുവേൽ ടേയ്ലർ കോൾറിഡ്ജിനെ അദ്ദേഹം ഉദ്ധരിച്ചു:
“മൂലമല്ലാത്ത, സെപ്റ്റുവജിൻറ് എന്ന മാധ്യമത്തിലൂടെ, ഇംഗ്ലീഷിലേക്കുള്ള എബ്രായയുടെ പരിഭാഷ എന്തിനു തുടരണം? യഹോവ എന്ന എബ്രായ പദം നാം സ്വീകരിച്ചിട്ടില്ലേ? സെപ്റ്റുവജിൻറിലെ Κύριος അഥവാ കർത്താവ് ഒട്ടനവധി സന്ദർഭങ്ങളിൽ, യഹോവ എന്ന എബ്രായ പദത്തിനു പകരമുള്ള ഗ്രീക്കു വാക്കല്ലേ? അപ്പോൾപ്പിന്നെ, എന്തുകൊണ്ട് ആദ്യപദം പുനഃസ്ഥിതീകരിച്ചുകൂടാ; പഴയനിയമത്തിൽ യഹോവ എന്ന പദം യഹോവ എന്നുതന്നെ ഉപയോഗിച്ചുകൊണ്ട് എന്തുകൊണ്ട് വിശ്വസ്തമായി വിവർത്തനം ചെയ്തുകൂടാ; പുതിയനിയമത്തിൽ, പഴയനിയമത്തെ പരാമർശിക്കുന്ന ഓരോ വാക്യവും പരാമർശിക്കപ്പെട്ട ആ വാക്യത്തിൽ ആ എബ്രായ പദം ഉപയോഗിച്ചുകൊണ്ട് എന്തുകൊണ്ട് പരിഭാഷപ്പെടുത്തിക്കൂടാ?”
എബ്രായ ചതുരാക്ഷരിയുടെ യഥാർഥ ഉച്ചാരണം നഷ്ടപ്പെട്ടുപോയിരിക്കുന്നതായി പെറോൺ സമ്മതിച്ചുവെങ്കിലും അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “കേവലം അന്ധവിശ്വാസപരമായ തത്ത്വദീക്ഷകളാൽ യഹൂദ സഭയിൽ ആ നാമം ഉപയോഗമില്ലാത്തതായിത്തീർന്നുവെങ്കിൽ, ഗ്രീക്ക്, ലാറ്റിൻ പതിപ്പുകളുടെ അനുകരണാത്മക പകർത്തൽ നിമിത്തം നമ്മുടെ സ്വന്തം [ഇംഗ്ലീഷ്] പതിപ്പിൽ ആ പദം നഷ്ടപ്പെട്ടുപോയെങ്കിൽ, ആ ആദിമ ഉപയോഗത്തിലേക്കു വീണ്ടും മടങ്ങുന്നതിന് എതിരായ, പ്രബലമായ കാരണങ്ങളല്ലവ.” “യഹോവ” എന്ന പദരൂപത്തെ പെറോൺ അനുകൂലിച്ചു, കാരണം അതു സുപ്രസിദ്ധമായിരുന്നു. അന്നുമുതൽ, കുറേക്കൂടെ ആധുനികമായ അനേകം ഭാഷാന്തരങ്ങളും ദിവ്യനാമം ഉപയോഗിച്ചിരിക്കുന്നു. വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം യഹോവ എന്ന നാമം 7,200-ലധികം പ്രാവശ്യം എബ്രായ തിരുവെഴുത്തുകളിലും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലും ഉപയോഗിക്കുന്നു.
പെറോണിന്റെ സങ്കീർത്തന പരിഭാഷയിൽ, “എബ്രായ ശൈലിയിലും വാക്യാംശങ്ങളുടെ ഘടനയിലും എബ്രായ രൂപത്തോടു അടുത്തു” പറ്റിനിൽക്കാൻ ശ്രമിച്ചു. സങ്കീർത്തനം 69-ലെ 5-ഉം 6-ഉം വാക്യങ്ങൾ പരിഭാഷപ്പെടുത്തിയപ്പോൾ, “ദൈവ”ത്തിനും (എലോഹിം) ‘കർത്താവി’നും (അഡോണൈ) “യഹോവ”യ്ക്കും വേണ്ടിയുള്ള എബ്രായ പദങ്ങൾ വേർതിരിച്ചുകാണിക്കേണ്ട ആവശ്യം അദ്ദേഹം കണ്ടു: “ദൈവമേ [എലോഹിം], അങ്ങ് എന്റെ മടയത്തരം അറിയുന്നു, എന്റെ അകൃത്യം അങ്ങയിൽനിന്നും മറഞ്ഞിരിക്കുന്നുമില്ല. കർത്താവേ [അഡോണൈ], സൈന്യങ്ങളുടെ (ദൈവമായ) യഹോവേ, അങ്ങേക്കായി കാത്തിരിക്കുന്നവർ എന്നിലൂടെ ലജ്ജിതരാകാതിരിക്കട്ടെ. ഇസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്നിലൂടെ നശിച്ചുപോകാതിരിക്കട്ടെ.”