ഇറീനയുടെ ഇഷ്ടപ്പെട്ട പാട്ടുപുസ്തകം
ബൾഗേറിയയിലെ സോഫിയയിൽനിന്നുള്ള ഇറീന എന്ന ഒൻപതു വയസ്സുകാരി യഹോവയുടെ സാക്ഷികളിലൊരാളായി സ്നാപനമേറ്റത് അടുത്തകാലത്താണ്. അവൾക്കു പാടാനിഷ്ടമാണ്. യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്ന പുസ്തകത്തിലെ പാട്ടുകൾ അവൾ പ്രത്യേകിച്ച് ആസ്വദിക്കുന്നു. അതുകൊണ്ട് ഓരോ മാസവും ഏതാനും പാട്ടുകൾ മനഃപാഠമാക്കാൻ ഇറീന ഒരു ലാക്കുവെച്ചു.
സ്കൂളിൽ ഇറീനയുടെ ഇഷ്ടപ്പെട്ട വിഷയങ്ങളിലൊന്നു സംഗീതമാണ്. അതുകൊണ്ട് സ്കൂൾ ഗായകസംഘത്തോടൊപ്പം പാടാനുള്ള ക്ഷണം ഇറീന നിരസിച്ചതിൽ അവളുടെ സംഗീത അധ്യാപിക അമ്പരന്നുപോയി. ഇറീന അതു നിരസിച്ചതെന്തുകൊണ്ടാണ്? താൻ പാടേണ്ടിവരുന്ന മിക്ക സംഗീതവും ദേശീയ വീരപുരുഷൻമാരെയോ പുറജാതി ഉത്ഭവമുള്ള വിശുദ്ധ ദിവസങ്ങളെയോ സ്തുതിക്കുന്നതായിരിക്കുമെന്ന് അവൾ തിരിച്ചറിഞ്ഞു. ചില പാട്ടുകൾ ദേശീയ ആദർശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി മത്സരത്തെയും അക്രമത്തെയും പിന്തുണക്കുകപോലും ചെയ്യുന്നു. ഇതു സംബന്ധിച്ച ഇറീനയുടെ നിലപാട് അധ്യാപികക്കു മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഇറീന തന്റെ മതവിശ്വാസത്തെ വിശദമാക്കിക്കൊണ്ട് അധ്യാപികക്ക് ഒരു കത്തെഴുതി—എന്നാൽ യാതൊരു പ്രയോജനവുമുണ്ടായില്ല.
ഇറീനയുടെ പിതാവിന് ഒരാശയം തോന്നി. അദ്ദേഹം ഇറീന പാടാൻ ഇഷ്ടപ്പെടുന്ന പാട്ടുകളടങ്ങിയ യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക എന്ന പുസ്തകത്തിന്റെ ഒരു പ്രതി അധ്യാപികക്കു നൽകി. ഏതാനും ദിവസങ്ങൾക്കു ശേഷം അധ്യാപിക ഇറീനയെ സംഗീത മുറിയിലേക്കു വിളിച്ചു. പുസ്തകത്തിൽനിന്നും അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില പാട്ടുകൾ—സഹപാഠികളുടെ മുമ്പാകെ—പാടാൻ അധ്യാപിക ഇറീനയോട് ആവശ്യപ്പെട്ടു. അധ്യാപിക അതോടൊപ്പം പിയാനോയും വായിച്ചു. ആ പരിപാടി ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു! ഇറീനയുടെ ഇഷ്ടപ്പെട്ട പാട്ടുപുസ്തകത്തിൽ ഹൃദ്യമായ ചില സംഗീതം ഉണ്ടെന്ന് അധ്യാപികക്കു സമ്മതിക്കേണ്ടിവന്നു.