യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള കേസിനു തീർപ്പുകൽപ്പിച്ചു
ഗ്രീസിലെ തെസലോനിക്യയിലുള്ള അപ്പീൽ കോടതി പലവട്ടം നീട്ടിവച്ചശേഷം ഒടുവിൽ, 1995 ജൂൺ 8-ന്, യഹോവയുടെ സാക്ഷികളായിരുന്ന നാലു സ്ത്രീകൾക്കെതിരെയുള്ള കേസിന്റെ വിചാരണയ്ക്കു കൂടിവന്നു. അവർക്കെതിരെയുള്ള കുറ്റമോ? മതപരിവർത്തനം. ഗ്രീക്കു നിയമം അതു നിരോധിച്ചിട്ട് അഞ്ചു ദശകങ്ങളിലധികമായി.
എന്നാൽ, കോടതി സമ്മേളിച്ചപ്പോഴേക്കും പ്രോസിക്യൂഷനിലെ മുഖ്യ സാക്ഷി—നാലു സ്ത്രീകൾക്കെതിരായി കേസ് ഇളക്കിവിട്ട പുരോഹിതൻ—മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനത്തു സാക്ഷ്യം നൽകാൻ മറ്റൊരു പുരോഹിതൻ ശ്രമം നടത്തി. എന്നാൽ കോടതി അദ്ദേഹത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞു. തന്മൂലം, ന്യായവിചാരണയ്ക്കു 15 മിനിറ്റുമാത്രം എടുത്തതിൽ ഒട്ടും അതിശയിക്കാനില്ല! ജഡ്ജി മറ്റു പ്രോസിക്യൂഷൻ സാക്ഷികളെ വിചാരണ ചെയ്ത്, പ്രതികൾ നിയമവിരുദ്ധമായ മതപരിവർത്തനം നടത്തുന്നുവെന്ന കുറ്റമുള്ളവരല്ല എന്നു കണ്ടെത്തി. യൂറോപ്യൻ മനുഷ്യാവകാശ കോടതി 1993-ൽ എടുത്ത തീരുമാനത്തെ ആദരിക്കാനും അതിനോടു പറ്റിനിൽക്കാനും ഗ്രീക്കു കോടതിക്കു സമ്മതമാണെന്ന് ആ തീർപ്പു വ്യക്തമാക്കുന്നു.
പ്രോസിക്യൂഷനു സാക്ഷ്യം നൽകിയ മൂന്നു സ്ത്രീകൾ യഹോവയുടെ സാക്ഷികളായ പ്രതികളെ സമീപിച്ചു സർവാത്മനാ അനുമോദിച്ചതു പ്രത്യേകിച്ചും ആശ്ചര്യജനകമായിരുന്നു. “ഈ സംഭവങ്ങളെപ്രതി ഞങ്ങൾ ക്ഷമ യാചിക്കുന്നു,” അവരിലൊരാൾ പറഞ്ഞു. “അതു ഞങ്ങളുടെ തെറ്റല്ലായിരുന്നു. നിങ്ങൾക്കെതിരെ കുറ്റാരോപണം നടത്താൻ പുരോഹിതൻ ഞങ്ങളെ നിർബന്ധിക്കുകയായിരുന്നു. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ലല്ലോ, അതുകൊണ്ടു ഞങ്ങളുടെ ഗ്രാമത്തിലും വീടുകളിലും നിങ്ങൾ വരണമെന്നാണു ഞങ്ങളുടെ ആഗ്രഹം,” അവർ കൂട്ടിച്ചേർത്തു.
അങ്ങനെ, യഹോവ ഗ്രീസിൽ തന്റെ ജനത്തിന് ഒരിക്കൽക്കൂടി അത്ഭുതകരമായ വിജയം നൽകിയിരിക്കുന്നു. 1938-ലും 1939-ലുമാണു മതപരിവർത്തനം നിരോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയത്. ഈ നിയമം ഉപയോഗിച്ചു യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുന്നതു തെറ്റാണെന്നു യൂറോപ്യൻ മനുഷ്യാവകാശ കോടതി 1993-ൽ വിധിക്കുകയുണ്ടായി.—1993 സെപ്റ്റംബർ 1 വീക്ഷാഗോപുരത്തിന്റെ 27-31 പേജുകൾ കാണുക.