നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾക്കു നിങ്ങൾ ശ്രദ്ധാപൂർവകമായ പരിചിന്തനം നൽകിയോ? പിൻവരുന്ന കാര്യങ്ങൾ അനുസ്മരിക്കുന്നതു രസകരമെന്നു നിങ്ങൾ കണ്ടെത്തും:
◻ മത്തായി 11:28-നു ചേർച്ചയിൽ ഒരുവൻ ‘യേശുവിന്റെ അടുക്കൽ വരുന്നത്’ എങ്ങനെയാണ്?
യേശു ഇങ്ങനെ പറഞ്ഞു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:24) തന്മൂലം, യേശുവിന്റെ അടുക്കൽ വരുക എന്നത്, ഒരുവന്റെ ഹിതം ദൈവത്തിന്റെയും ക്രിസ്തുവിന്റെയും ഹിതത്തിനു കീഴ്പെടുത്തിക്കൊണ്ട് ഒരു നിശ്ചിത അളവിൽ ഉത്തരവാദിത്വമാകുന്ന ചുമടു തുടർച്ചയായി ചുമക്കുന്നതിനെ അർഥമാക്കും.—8/15, പേജ് 17.
◻ മത്തായി 7:13, 14-ൽ യേശു സൂചിപ്പിച്ച ‘ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴി’ തിരഞ്ഞെടുക്കുന്നവർ “ചുരുക്ക”മായിരിക്കുന്നത് എന്തുകൊണ്ട്?
ഇടുങ്ങിയ പാത ദൈവനിയമങ്ങളാലും തത്ത്വങ്ങളാലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. തന്മൂലം, തന്റെ ജീവിതത്തെ ദൈവപ്രമാണങ്ങൾക്കു ചേർച്ചയിൽ വരുത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരുവനു മാത്രമേ ഇത് ആകർഷകമായി തോന്നുകയുള്ളൂ. നിയന്ത്രിക്കുന്നതായി തോന്നിക്കുന്നെങ്കിലും ‘ഇടുങ്ങിയ വഴി’ സുപ്രധാനമായ എല്ലാ കാര്യങ്ങളിലും ഒരു വ്യക്തിയെ സ്വതന്ത്രനാക്കുന്നു. “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണ”മാണ് അതിന്റെ അതിരുകൾ. (യാക്കോബ് 1:25)—9/1, പേജ് 5.
◻ വിവേകം എങ്ങനെ നട്ടുവളർത്താം?
വിവേകം സുഗമമായോ സ്വാഭാവികമായോ വരുന്നില്ല. എന്നാൽ ക്ഷമയും പ്രാർഥനയും ആത്മാർഥമായ ശ്രമവും ജ്ഞാനപൂർവകമായ സഹവാസവും ബൈബിൾപഠനവും അതേക്കുറിച്ചുള്ള ധ്യാനവും യഹോവയുടെ പരിശുദ്ധാത്മാവിലുള്ള ആശ്രയവും ഉണ്ടെങ്കിൽ, വിവേകം നട്ടുവളർത്താനാവും.—9/1, പേജ് 21.
◻ മാനുഷിക അസൂയയ്ക്കു നന്മയ്ക്കുള്ള ഒരു പ്രേരകശക്തിയായിരിക്കാൻ കഴിയുന്നതെങ്ങനെ?
താൻ സ്നേഹിക്കുന്ന ഒരാളെ ചീത്ത സ്വാധീനങ്ങളിൽനിന്നു സംരക്ഷിക്കുന്നതിന് ഒരു വ്യക്തിയെ പ്രേരിപ്പിക്കാൻ അതിനു കഴിയും. മാത്രമല്ല, മനുഷ്യർക്കു യഹോവയെയും അവന്റെ ആരാധനയെയുംപ്രതി ഉചിതമായി അസൂയ പ്രകടിപ്പിക്കാവുന്നതാണ്. (1 രാജാക്കന്മാർ 19:10)—9/15, പേജുകൾ 8, 9.
◻ യോസേഫിന്റെ പ്രപൗത്രന്മാരെപ്പറ്റി, അവർ “യോസേഫിന്റെ മടിയിൽ വളർന്നു”വെന്ന ഉല്പത്തി 50:23-ലെ പദപ്രയോഗം എന്ത് അർഥമാക്കുന്നു?
യോസേഫ് ആ കുട്ടികളെ കേവലം തന്റെ പിൻതുടർച്ചക്കാരായി അംഗീകരിച്ചുവെന്ന് അതിന് അർഥമാക്കാം. അവൻ വാത്സല്യപൂർവം കുട്ടികളോടൊപ്പം കളിക്കുകയും അവരെ മടിയിലിരുത്തി ലാളിക്കുകയും ചെയ്തുവെന്നും അതിനു സൂചിപ്പിക്കാൻ കഴിയും. പിതാക്കന്മാർ തങ്ങളുടെ കുട്ടികളോടു സമാനമായി വാത്സല്യം പ്രകടിപ്പിക്കുന്നതു നന്നായിരിക്കും.—9/15, പേജുകൾ 20, 21.
◻ വിജയപ്രദമായ വൈവാഹിക-കുടുംബ ജീവിതത്തിനു മർമപ്രധാനമായിരിക്കുന്നതെന്ത്?
അഭികാമ്യമായ അത്തരം ഫലങ്ങൾ നേടിയെടുക്കുന്നതിനു വിവാഹദമ്പതികൾ എല്ലായ്പോഴും ദൈവഹിതം ഒന്നാമതു വയ്ക്കണം. അപ്രകാരം ചെയ്യുന്നതിലൂടെ വിവാഹദമ്പതികൾ അന്യോന്യം പറ്റിനിൽക്കുന്നതിനും ദൈവവചനത്തിലെ ബുദ്ധ്യുപദേശം ബാധകമാക്കിക്കൊണ്ടു പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനും ശ്രമിക്കുന്നു. ദൈവഹിതം അവഗണിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സകലവിധ ഹൃദയവേദനകളും അവർ അങ്ങനെ ഒഴിവാക്കുന്നു. (സങ്കീർത്തനം 19:7-11)—10/1, പേജ് 11.
◻ ദൈവിക അടിയന്തിരതാബോധം ഇന്ന് എത്രത്തോളം നിർണായകമാണ്?
യഹോവയ്ക്കു മുഴുദേഹിയോടെയുള്ള സേവനത്തിന്റെ ഒരു അവിഭാജ്യ ഭാഗമാണു ദൈവിക അടിയന്തിരതാബോധം. ‘[തങ്ങളുടെ] ഉള്ളിൽ ക്ഷീണിച്ചു മടുക്കാൻ’ ദൈവദാസന്മാരെ ഇടയാക്കുന്നതിനു പിശാച് നടത്തുന്ന ശ്രമങ്ങളെ അത് അകറ്റിനിർത്തുകയും അവയെ വിഫലമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. (എബ്രായർ 12:3) ഉന്നതങ്ങളിൽനിന്നുള്ള കാര്യങ്ങളിൽ, “സാക്ഷാലുള്ള ജീവ”നിൽ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടയാക്കിക്കൊണ്ട്, ലോകകാര്യങ്ങളിലും അതിന്റെ ഭൗതികത്വത്തിലും അനാവശ്യമായി ഉൾപ്പെടുന്നതിൽനിന്ന് അത് അവരെ സംരക്ഷിക്കുന്നു. (1 തിമൊഥെയൊസ് 6:19)—10/1, പേജ് 28.
◻ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽ, യേശു എന്നാണു തന്റെ സിംഹാസനത്തിൽ ഇരിക്കുന്നത്, എന്തുകൊണ്ട്? (മത്തായി 25:31-33)
രാജാവെന്ന നിലയിൽ അവൻ ഇരിക്കുന്നതായി ആ ഉപമ കാണിക്കുന്നില്ല. മറിച്ച്, അവൻ ന്യായാധിപനായി ഇരിക്കുന്നു. ആ ന്യായവിധി അനേക വർഷങ്ങളിലായി തുടരുന്ന ഒന്നല്ല. മറിച്ച്, ഒരു പരിമിത സമയത്തിനുള്ളിൽ ജാതികളുടെമേൽ ന്യായവിധി പ്രഖ്യാപിച്ചു നടപ്പാക്കുന്ന ഭാവി കാലത്തേക്ക് ആ ഉപമ വിരൽ ചൂണ്ടുന്നു.—10/15, പേജ് 22, 23.
◻ യേശു കൂടെക്കൂടെ പരാമർശിച്ച “തലമുറ” എന്താണ്?
യഹൂദ ജനതയുടെ ഭാഗമായ ‘കുരുടരായ വഴികാട്ടികൾ’ ഉൾപ്പെട്ട സമകാലീന ജനക്കൂട്ടത്തിന് “ഈ തലമുറ” എന്ന പദപ്രയോഗം യേശു ബാധകമാക്കി. (മത്തായി 11:16; 15:14; 24:34)—11/1, പേജ് 14.
◻ മത്തായി 24:34-39-ലുള്ള യേശുവിന്റെ പ്രവചനത്തിന്റെ അവസാന നിവൃത്തിയിൽ, “ഈ തലമുറ” എന്ന പദപ്രയോഗം എന്തിനെയാണു പരാമർശിക്കുന്നത്?
ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളം കണ്ടിട്ടും തങ്ങളുടെ വഴികൾ നേരെയാക്കാൻ മുതിരാത്ത ഭൂവാസികളെയാണ് യേശു പ്രത്യക്ഷത്തിൽ പരാമർശിക്കുന്നത്.—11/1, പേജുകൾ 19, 31.
◻ സങ്കേത നഗരങ്ങളുടെയും അവയുടെ നിബന്ധനകളുടെയും ക്രമീകരണം പുരാതന ഇസ്രായേലിലെ ജനങ്ങൾക്കു പ്രയോജകീഭവിച്ചതെങ്ങനെ?
മനുഷ്യജീവന്റെ കാര്യത്തിൽ അശ്രദ്ധരും ഉദാസീനരും ആയിരിക്കരുതെന്ന് അത് ഇസ്രായേല്യരുടെ മനസ്സിൽ പതിപ്പിക്കുകയുണ്ടായി. ഉചിതമായിരിക്കുമ്പോൾ കരുണ കാണിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ചും അത് ഊന്നൽ നൽകി. (യാക്കോബ് 2:13)—11/15, പേജ് 14.
◻ പ്രതിമാതൃക സങ്കേത നഗരം എന്താണ്?
അതു രക്തത്തിന്റെ പവിത്രത സംബന്ധിച്ച ദൈവനിയമം ലംഘിക്കുന്നതു നിമിത്തമുണ്ടാകുന്ന മരണത്തിൽനിന്നു നമ്മെ സംരക്ഷിക്കുന്നതിനുള്ള അവന്റെ കരുതലാണ്. (ഉല്പത്തി 9:6)—11/15, പേജ് 17.
◻ ‘ശക്തി പുതുക്കാൻ’ ക്രിസ്തീയ സാഹോദര്യത്തിനു നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ? (യെശയ്യാവു 40:31)
നമ്മുടേതിനു സമാനമായ സമ്മർദങ്ങളും പീഡനങ്ങളും അഭിമുഖീകരിക്കുകയും ഏറെക്കുറെ നമ്മുടേതിനു തുല്യമായ ചേതോവികാരങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ചിലർ നമ്മുടെ സഹോദരീസഹോദരന്മാരുടെയിടയിൽ ഉണ്ടായിരുന്നേക്കാം. (1 പത്രൊസ് 5:9) നാം അനുഭവിക്കുന്നത് അസാമാന്യവും നമ്മുടെ വികാരങ്ങൾ അസാധാരണവും അല്ലെന്നറിയുന്നതു നമുക്ക് ഉറപ്പേകുകയും വിശ്വാസത്തെ ബലിഷ്ഠമാക്കുകയും ചെയ്യുന്നു.—12/1, പേജുകൾ 15, 16.