കോപം വെച്ചുകൊണ്ടിരിക്കരുത്
ആരെങ്കിലും നമ്മെ ദ്രോഹിക്കുമ്പോൾ കോപിക്കാതിരിക്കാൻ മുമ്പെന്നത്തെക്കാളും ബുദ്ധിമുട്ടാണെന്നു തോന്നാം. അത്തരം സാഹചര്യങ്ങൾക്കു ബൈബിളിൽ പ്രായോഗിക ബുദ്ധ്യുപദേശമുണ്ട്. “കോപിക്കാം; എന്നാൽ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ,” പൗലോസ് അപ്പോസ്തലൻ എഴുതി.—എഫേസോസ് 4:26, പി.ഒ.സി. ബൈബിൾ.
ആരെങ്കിലും നമ്മോടു തെറ്റുചെയ്യുമ്പോൾ, ഒരളവോളം കോപം തോന്നുക സാധാരണമാണ്. “കോപിക്കാം” എന്നു പൗലോസ് പറയുന്നതിനർഥം, ഒരുപക്ഷേ അന്യായമായ പെരുമാറ്റം ലഭിക്കുമ്പോഴോ നീതി ലഭിക്കാതിരിക്കുമ്പോഴോ ഉള്ള പ്രതികരണമായി കോപം ചിലപ്പോൾ ഉചിതമായിരിക്കാമെന്നാണ്. (2 കൊരിന്ത്യർ 11:29 താരതമ്യം ചെയ്യുക.) എന്നാൽ ന്യായമായ കോപംപോലും, നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ, വലിയ പാപത്തിലാവും കലാശിക്കുക; ഒപ്പം വിപത്കരമായ ഭവിഷ്യത്തുകളിലും. (ഉല്പത്തി 34:1-31; 49:5-7; സങ്കീർത്തനം 106:32, 33) അതുകൊണ്ടു കോപം വരാൻതക്കവണ്ണം പ്രകോപനമുണ്ടാകുകയാണെന്നു തോന്നുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
നിസ്സാര ലംഘനങ്ങൾ ഉൾപ്പെടുന്ന മിക്ക ചെയ്തികളിലും, ഒന്നുകിൽ നിങ്ങളുടെ ഹൃദയത്തിൽത്തന്നെ കാര്യം പരിഹരിച്ച് “മൌനമായിരി”ക്കുക, അല്ലെങ്കിൽ കുറ്റക്കാരനെ സമീപിച്ച് കാര്യം ചർച്ച ചെയ്യുക. (സങ്കീർത്തനം 4:4; മത്തായി 5:23, 24) ഏതുവിധമായാലും, സംഗതി ദ്രുതഗതിയിൽ തീർക്കുന്നതാണ് ഏറ്റവും ഉചിതം. അങ്ങനെയാവുമ്പോൾ അമർഷം ചലംകെട്ടി പഴുത്ത് ദുരന്തഫലങ്ങളുണ്ടാക്കില്ല.—എഫെസ്യർ 4:31.
നമ്മുടെ പാപങ്ങൾ, എന്തിന് നാം അറിയാതെ ചെയ്തുപോകുന്ന പാപങ്ങൾവരെ, യഹോവ സൗജന്യമായി ക്ഷമിക്കുന്നു. ഒരു സഹമനുഷ്യന്റെ നിസ്സാര ലംഘനം അതുപോലെ നമുക്കും ക്ഷമിച്ചുകൂടേ?—കൊലൊസ്സ്യർ 3:13; 1 പത്രൊസ് 4:8.
രസാവഹമായി, “ക്ഷമിക്കുക” എന്ന ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥം “വിട്ടുകളയുക” എന്നാണ്. ക്ഷമിക്കുന്നതിന് നാം തെറ്റിനെ നിസ്സാരീകരിക്കണമെന്നോ ഗൗനിക്കാതിരിക്കണമെന്നോ അർഥമില്ല. കോപം വെച്ചുകൊണ്ടിരിക്കുന്നത് നിങ്ങളുടെ ഭാരം കൂട്ടാനും ക്രിസ്തീയ സഭയുടെ ഐക്യം തകർക്കാനും മാത്രമേ ഉതകൂ എന്നു തിരിച്ചറിഞ്ഞുകൊണ്ട് ചിലപ്പോഴൊക്കെ വിട്ടുകളയണമെന്നേ അർഥമാക്കുന്നുള്ളൂ. കൂടാതെ, കോപം വെച്ചുകൊണ്ടിരുന്നാൽ നിങ്ങളുടെ ആരോഗ്യവും അപകടത്തിലായേക്കും!—സങ്കീർത്തനം 103:9.