രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“സുവിശേഷകന്റെ പ്രവൃത്തിചെയ്ക”
സുവിശേഷകൻ ആയിരിക്കുകയെന്നാൽ എന്താണ് അർഥമാക്കുന്നത്? “സുവാർത്ത” എന്നർഥമുള്ള യൂഗ്ഗെല്യൻ എന്ന പദവുമായി അടുത്ത ബന്ധമുള്ള ഗ്രീക്കു പദമായ യൂഗ്ഗെലിസ്റ്റെസ് എന്നതിന്റെ പരിഭാഷയാണ് ആ പദം. അതുകൊണ്ട്, സുവിശേഷകൻ സുവാർത്തയുടെ ഒരു പ്രസംഗകൻ, അല്ലെങ്കിൽ ഒരു സന്ദേശവാഹകൻ ആണ്.
എല്ലാ സത്യക്രിസ്ത്യാനികളും സുവിശേഷകരാണ്. എന്തുകൊണ്ടെന്നാൽ അവർ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുന്നു. ഉചിതമായിത്തന്നെ, “സുവിശേഷകന്റെ പ്രവൃത്തിചെയ്ക” എന്ന അനുശാസനം പൗലോസ് അപ്പോസ്തലൻ തിമോത്തിക്കു നൽകുകയുണ്ടായി. തിമോത്തി ഈ വേലയെ ഗൗരവമായി എടുക്കേണ്ടതുണ്ടായിരുന്നു. “സകലത്തിലും നിർമ്മദൻ ആയിരി”ക്കാനും “ശുശ്രൂഷ നിറപടിയായി നിവർത്തി”ക്കാനും പൗലോസ് അവനെ ഉദ്ബോധിപ്പിച്ചു.—2 തിമൊഥെയൊസ് 4:5.
സുവിശേഷകർ എന്നനിലയിൽ നമ്മുടെ ശുശ്രൂഷയെ നാമും ഗൗരവമായി എടുക്കുകയും ‘നിർമ്മദരായിരിക്കുക’യും, അല്ലെങ്കിൽ ഏതൊരു അവസരത്തിലും സുവാർത്ത പങ്കുവെക്കാൻ ജാഗരൂകരായി നിലകൊള്ളുകയും ചെയ്യുന്നു. അങ്ങനെ യഹോവയുടെ സാക്ഷികൾ അനൗപചാരികമായി ബന്ധപ്പെട്ടതുവഴി അനേകരും യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അറിയാനിടയായിരിക്കുന്നു. ഇതാണു ബാർബഡോസുകാരനായ സീമോറിന്റെ കാര്യത്തിൽ സംഭവിച്ചത്.
ഒരു സർക്കാർ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു സീമോർ. അതേ വിദ്യാലയത്തിലെ അംശകാല അധ്യാപകനും യഹോവയുടെ സാക്ഷിയുമായ ചാൾസ് ജാഗരൂകനായ ഒരു സുവിശേഷകനായിരുന്നു. ഒരു മുഴുസമയ ശുശ്രൂഷകൻ, അഥവാ പയനിയർ ആയിരുന്ന അദ്ദേഹം മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കാൻ ലഭിച്ച എല്ലാ അവസരവും ഉപയോഗപ്പെടുത്തി. ചാൾസിന്റെ അനൗപചാരിക സാക്ഷീകരണത്തിലൂടെയായിരുന്നു സീമോർ ആദ്യമായി രാജ്യസന്ദേശം കേട്ടത്.
ഉടനെ സീമോറും കഴിയാവുന്നത്ര ആളുകളുമായി ബൈബിൾസത്യം പങ്കുവെക്കണമെന്ന് ഉറച്ചു. അങ്ങനെ അയാൾ തന്റെ ജോലിസ്ഥലത്തെ ആളുകളുമായി, വിശേഷിച്ചും തന്റെ വിദ്യാർഥികളുമായി, അനൗപചാരിക സംഭാഷണങ്ങൾ ആരംഭിച്ചു. ചില രാജ്യങ്ങളിൽ സർക്കാർ വിദ്യാലയങ്ങളിൽ മതപഠനം പാടില്ലെങ്കിലും, മത, ധാർമിക മൂല്യങ്ങളെക്കുറിച്ചു പഠിപ്പിക്കാൻ ഇദ്ദേഹം നിയമിതനായി. എന്നാൽ ഈവക സംഗതികളെക്കുറിച്ചു സീമോറിനു മുമ്പുണ്ടായിരുന്ന വീക്ഷണം ഇപ്പോൾ പുതുതായി നേടിയ ബൈബിൾ പരിജ്ഞാനത്തിനു വഴിമാറിയിരുന്നു. ഇടവേളകളിൽ അദ്ദേഹം വിദ്യാർഥികളുമായി പുതിയ ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ചും നിത്യജീവന്റെ പ്രതീക്ഷയെക്കുറിച്ചും സംസാരിച്ചു.
കുട്ടികളുടെ പ്രതികരണം എങ്ങനെയായിരുന്നു? യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്തയിൽ പലരും യഥാർഥ താത്പര്യം പ്രകടമാക്കി. അവസാനം, അദ്ദേഹം തന്റെ വിദ്യാർഥികളിൽ 13 പേരുമായി ബൈബിളധ്യയനം തുടങ്ങി. വലിയ താത്പര്യം കാട്ടിയ അവർ ബൈബിളധ്യയനം ആഴ്ചയിൽ രണ്ടു പ്രാവശ്യമാക്കി. അവസാനം മിക്കവരും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളുകളിൽ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. ഇതുവരെ അവരിൽ ഒമ്പതുപേർ യഹോവയുടെ സമർപ്പിത, സ്നാപനമേറ്റ സാക്ഷികളായിത്തീർന്നിട്ടുണ്ട്. സീമോറാണെങ്കിലോ, ബാർബഡോസിൽ യഹോവയുടെ സാക്ഷികളുടെ സഭകളിലൊന്നിൽ ഒരു നിരന്തര പയനിയറും മൂപ്പനുമായി സേവിച്ചുകൊണ്ട് തന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുന്നു.
ലോകത്തിലുടനീളം യഹോവയുടെ സാക്ഷികൾ ‘സുവിശേഷകന്റെ വേല’ അതിന്റെ ഒരു ഭാഗമായ അനൗപചാരിക സാക്ഷീകരണത്തിലൂടെ ‘നിവർത്തിക്കുന്ന’തെങ്ങനെ എന്നതിന്റെ കേവലം ഒരു ഉദാഹരണം മാത്രമാണിത്. കൊലൊസ്സ്യർ 4:5, 6-ൽ കാണുന്ന ബൈബിളിന്റെ അനുശാസനം പിൻപറ്റുകയാണവർ. അവിടെ ഇങ്ങനെ പറയുന്നു: “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ. ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.”