വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഫിലിപ്പിയർ 2:9-ൽ, യേശുവിനെക്കുറിച്ചു പൗലോസ് പറഞ്ഞു: ‘ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി.’ ഈ പുതിയ നാമം എന്താണ്? യേശു യഹോവയെക്കാൾ താഴ്ന്നവനാണെങ്കിൽ, യേശുവിന്റെ നാമം മറ്റു സകല നാമത്തിനും മേലായിരിക്കുന്നതെങ്ങനെ?
ഫിലിപ്പിയർ 2:8, 9 ഇങ്ങനെ വായിക്കുന്നു: “[യേശു] തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും [“മറ്റ് എല്ലാ നാമങ്ങൾക്കും,” NW] മേലായ നാമം നല്കി.”
മറ്റു സകല നാമങ്ങളെക്കാൾ തികച്ചും മേലായ നാമം യഹോവക്കു മാത്രം ഉള്ളതുകൊണ്ട്, യഹോവതന്നെയായിരിക്കണം യേശു എന്ന് ഈ ഭാഗം അർഥമാക്കുന്നില്ല. ഫിലിപ്പിയർ 2-ാം അധ്യായത്തിന്റെ സന്ദർഭം പ്രകടമാക്കുന്നതുപോലെ, യേശുവിന് ഉയർത്തപ്പെട്ട നാമം ലഭിച്ചത് അവന്റെ പുനരുത്ഥാനത്തിനുശേഷമാണ്. അതിനുമുമ്പ് അവന് അതില്ലായിരുന്നു. നേരേമറിച്ച്, യഹോവ എന്നും പരമാധികാരിതന്നേ, അവന്റെ സ്ഥാനത്തിന് ഒരിക്കലും ഒരു മാറ്റവും വന്നിട്ടില്ല. തന്റെ ഭൗതിക സേവനത്തിനുമുമ്പുണ്ടായിരുന്ന നാമത്തെക്കാൾ ഉന്നതമായ ഒരു നാമം യേശുവിനു കിട്ടി എന്ന വസ്തുതതന്നെ തെളിയിക്കുന്നത് അവൻ യഹോവയല്ല എന്നാണ്. മറ്റെല്ലാവരെക്കാളും മേലായ ഒരു നാമം യേശുവിനു നൽകപ്പെട്ടുവെന്നു പൗലോസ് പറയുമ്പോൾ, ദൈവത്തിന്റെ സകല സൃഷ്ടികളിലുംവെച്ച് ഏറ്റവും ഉന്നതമായ നാമമാണു യേശുവിനുള്ളത് എന്നാണ് അവൻ അർഥമാക്കുന്നത്.
യേശുവിന്റെ ഉന്നതമായ നാമം എന്താണ്? ഉത്തരം കണ്ടെത്താൻ യെശയ്യാവു 9:6 നമ്മെ സഹായിക്കുന്നു. വരാനിരുന്ന മിശിഹായായ യേശുവിനെപ്പറ്റി പ്രവചിച്ചുകൊണ്ട് ആ വാക്യം ഇങ്ങനെ പറയുന്നു: “ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ [“നാമം,” NW] വിളിക്കപ്പെടും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) തന്റെ ഉന്നത സ്ഥാനത്തോടും അധികാരത്തോടും ബന്ധപ്പെട്ടതാണ് ഇവിടെ പറഞ്ഞിരിക്കുന്ന “നാമം.” അങ്ങനെതന്നെയാണ് ഫിലിപ്പിയർ 2:9-ൽ [NW] പരാമർശിച്ചിരിക്കുന്ന “മറ്റ് എല്ലാ നാമങ്ങൾക്കും മേലായ നാമ”ത്തെയും നാം മനസ്സിലാക്കുന്നത്. യഹോവ യേശുവിനു നൽകിയിരിക്കുന്ന ഉയർന്ന അധികാരസ്ഥാനത്തെ—ഏതൊരു സൃഷ്ടിക്കും നൽകപ്പെട്ടിരിക്കുന്നതിനെക്കാൾ ഉയർന്നൊരു സ്ഥാനത്തെ—അംഗീകരിച്ചുകൊണ്ട് അവനുമുമ്പിൽ മുട്ടുകൾ മടക്കാൻ സകലരും കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഈ പരിഭാഷയിലെ “മറ്റ്” എന്ന പദം അടിസ്ഥാന ഗ്രീക്കു പാഠത്തിൽ നേരിട്ടു പ്രതിനിധാനം ചെയ്യപ്പെടുന്നില്ലെങ്കിലും ആ വാക്യത്തിന്റെ അർഥത്തിൽ അത് ഉൾക്കൊള്ളുന്നുണ്ട്. യേശുവിന്റെ “നാമം” അവന്റെ സ്വന്തം നാമത്തിനു മേലായിരിക്കുന്നില്ല, എന്നാൽ മറ്റ് എല്ലാ സൃഷ്ടികളുടെയും നാമത്തെക്കാൾ മേലായിരിക്കുന്നു.
യേശുവിന്റെ നാമത്തെ അംഗീകരിച്ചു മുട്ടുമടക്കുന്നതിൽ വിശ്വസ്തരായ എല്ലാ ദൂതന്മാരോടും മനുഷ്യരോടുമൊപ്പം ചേരുന്നതിൽ നാം എത്ര സന്തുഷ്ടരാണ്! യഹോവ യേശുവിനു നൽകിയിരിക്കുന്ന ഉന്നതമാക്കപ്പെട്ടതും ശക്തവുമായ സ്ഥാനം നിമിത്തം നാം നമ്മെത്തന്നെ യേശുവിനു കീഴ്പെടുത്തിക്കൊണ്ട്, “പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി” നാമതു ചെയ്യുന്നു.—ഫിലിപ്പിയർ 2:11; മത്തായി 28:18.