‘ഇരുമ്പ് ഇരുമ്പിന്നു മൂർച്ചകൂട്ടുന്നതുപോലെതന്നെ’
പൊ.യു. (പൊതുയുഗം) മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, “കോപ്തിക ക്രിസ്ത്യാനി” എന്നു വർണിക്കപ്പെട്ട, അന്തോണി എന്ന ഉത്സുകനായ ഒരു യുവാവ് ലൗകികകാര്യങ്ങളിൽനിന്നു വിരമിച്ചു നിർജനപ്രദേശത്ത് ഏകാന്തനായി 20 വർഷം ചെലവഴിച്ചു. എന്തുകൊണ്ട്? തനിക്കു ദൈവത്തെ സേവിക്കാൻ പറ്റിയ ഏറ്റവും മെച്ചമായ വഴി അതാണെന്ന് അയാൾക്കു തോന്നി. ക്രൈസ്തവലോകത്തിലെ സ്വാധീനശക്തിയുണ്ടായിരുന്ന ആദ്യത്തെ സന്ന്യാസി അഥവാ യോഗീവര്യനായിരുന്നു അദ്ദേഹം.
ഇന്നു ക്രൈസ്തവലോകത്തിൽ ചുരുക്കം ചില സന്ന്യാസിമാരേ ഉള്ളൂ. എന്നാൽ അധികമാളുകളും മറ്റൊരു വിധത്തിൽ ഏകാന്തത തേടുകയാണ്. മറ്റുള്ളവരോടു മതത്തെക്കുറിച്ചു സംസാരിക്കാൻ അവർ വിസമ്മതിക്കുന്നു. അത്തരം സംസാരം അഭിപ്രായവ്യത്യാസങ്ങളിലേക്കും ശണ്ഠകളിലേക്കും നയിക്കുമെന്നാണ് അവർക്കു തോന്നുന്നത്. തങ്ങളുടെ അയൽക്കാർക്കു യാതൊരു ഉപദ്രവവും ചെയ്യരുതെന്നതാണ് അവരുടെ ആരാധനയുടെ കാതലായ ഭാഗം.
ഒരുവന്റെ അയൽക്കാരെ ദ്രോഹിക്കരുത് എന്നതു സത്യമതത്തിന്റെ ഒരു ഭാഗമാണെന്നതു ശരിതന്നെ. എന്നാൽ അതിലുമധികം ആവശ്യമായിരിക്കുന്നു. “ഇരുമ്പു ഇരുമ്പിന്നു മൂർച്ചകൂട്ടുന്നു; മനുഷ്യൻ മനുഷ്യന്നു മുർച്ചകൂട്ടുന്നു” എന്ന് ഒരു പുരാതന സദൃശവാക്യം പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 27:17) വാസ്തവത്തിൽ, ലോകത്തിൽനിന്നോ മറ്റു ക്രിസ്ത്യാനികളിൽനിന്നോ തങ്ങളെത്തന്നെ പൂർണമായും ഒറ്റപ്പെടുത്താതെ ഒരുമിച്ചു കൂടിവരുന്നതിനു ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (യോഹന്നാൻ 17:14, 15) “നമ്മുടെ കൂടിവരവ് ഉപേക്ഷിക്കാതെ, സ്നേഹത്തിനും സൽപ്രവൃത്തികൾക്കും പ്രോത്സാഹിപ്പിക്കാൻ നമുക്ക് അന്യോന്യം പരിഗണിക്കാം” എന്ന് അതു പറയുന്നു. (എബ്രായർ 10:24, 25, NW) യഹോവയുടെ സാക്ഷികൾ ആ ബുദ്ധ്യുപദേശം പിൻപറ്റുന്നു. സഹവിശ്വാസികളുടെ വിശ്വാസം കെട്ടുപണിചെയ്തുകൊണ്ട് ‘അന്യോന്യം മൂർച്ചകൂട്ടുന്ന’തിന് അവർ ആഴ്ചയിൽ പലതവണ ഒരുമിച്ചു കൂടിവരുന്നു. ആത്മാർഥതയോടെയുള്ള ബൈബിൾ ചർച്ച ശണ്ഠകളിലേക്കു നയിക്കുന്നില്ലെന്ന് അവർ കണ്ടെത്തുന്നു. മറിച്ച്, അത് ഒരുമയിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു. അതു സത്യാരാധനയുടെ മർമപ്രധാനമായ ഒരു ഭാഗമാണ്.