നമ്മുടെയിടയിൽ ദൂതന്മാരുണ്ടോ?
പെട്ടെന്നായിരുന്നു സംഭവം. മെറിളിൻ ചിന്തകളിൽ മുഴുകി, പരിസരം മറന്ന്, തീവണ്ടിപ്പാളത്തിലൂടെ അലസയായി നടക്കുകയായിരുന്നു. പെട്ടെന്ന് ഉച്ചത്തിലൊരു മുഴക്കം അവളുടെ കാതിൽ പതിഞ്ഞു. കണ്ണുകളുയർത്തിയപ്പോൾ കണ്ടതോ, തന്റെ നേർക്കു ചീറിപ്പാഞ്ഞടുക്കുന്ന ഒരു തീവണ്ടി! പേടിച്ചരണ്ട മെറിളിൻ ജീവച്ഛവമായി മാറി. ഡ്രൈവറുടെ നീലക്കണ്ണുകളും ഭീതിപൂണ്ട മുഖവും കാണത്തക്കവണ്ണം അത്ര അടുത്തെത്തിയിരുന്നു തീവണ്ടി. അതിനുശേഷം സംഭവിച്ചതു മെറിളിൻ ഒരിക്കലും മറന്നിട്ടില്ല. “ഒരു രാക്ഷസൻ എന്നെ പിറകിൽനിന്നു തള്ളിയപോലെയായിരുന്നു അത്,” അവൾ പറഞ്ഞു. “ഞാൻ പാളത്തിനു പുറത്തേക്ക്, അവിടെ കൂട്ടിയിട്ടിരുന്ന കൽക്കരിക്കട്ടകളുടെ മുകളിലേക്കു തെറിച്ചുവീണു.” നിസ്സാര പരുക്കോടെ, മെറിളിൽ തന്നെ സഹായിച്ചയാൾക്കു നന്ദിപറയാനായി എഴുന്നേറ്റു—എന്നാൽ അവിടെയെങ്ങും ആരുടെയും പൊടിപോലും കാണാനില്ലായിരുന്നു! അവളുടെ നിഗമനമോ? “എന്റെ കാവൽമാലാഖ എന്റെ ജീവൻ രക്ഷിച്ചു,” മെറിളിൻ പറയുന്നു. “അല്ലാതെ അതു വേറെ ആരാണ്?”
ഒരു അവിശ്വാസ ലോകത്തിനു പെട്ടെന്നു ദൂതന്മാരെക്കുറിച്ചു കമ്പം ജനിച്ചതായി തോന്നുന്നു. സമീപ വർഷങ്ങളിൽ സ്വർഗീയ ജീവികൾ ടെലിവിഷൻ പരിപാടികളിലും ചലച്ചിത്രങ്ങളിലും ബ്രോഡ്വേ നാടകങ്ങളിലുംപോലും പ്രതിപാദ്യവിഷയമായിത്തീർന്നിരിക്കുന്നു. ഏറ്റവും അധികം പ്രതികൾ വിൽക്കപ്പെട്ട മതഗ്രന്ഥങ്ങളുടെ പട്ടികയിൽ ദൂതന്മാരെപ്പറ്റിയുള്ള പുസ്തകങ്ങൾ മുൻനിരയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ദൂത ക്ലബ്ബുകളും സെമിനാറുകളും വാർത്താപത്രികകളുമുണ്ട്. ഒരു ലേഖനം പ്രതിപാദിക്കുന്നതുപോലെ, “ഒരുവന്റെ ‘ഉൾദൂതനെ’” പ്രയോജനപ്പെടുത്താൻ പണികൾ നടക്കുകയാണ്.
ഉപഭോക്തൃ ഉത്പന്നങ്ങളുടെ നിലക്കാത്ത പ്രവാഹത്തിൽ കക്ഷികളെ പിടിക്കാൻ ആർത്തിപൂണ്ട് ഓടിനടക്കുന്ന അവസരവാദികളായ കച്ചവടക്കാരാണു ദൂത പ്രസ്ഥാനത്തിന്റെ ചട്ടക്കയ്യിൽ സൗകര്യാർഥം തൂങ്ങിക്കിടക്കുന്നവർ. “ദൂതന്മാരെപ്പറ്റിയുള്ള എന്തും ചൂടപ്പം പോലെയാണ്” എന്ന് ഐക്യനാടുകളിലുള്ള ഒരു കടയുടെ സഹയുടമ പറയുന്നു. പുസ്തക പ്രളയത്തിനു പുറമേ, “ദൂതപ്രതിമകൾ, പിന്നുകൾ, പാവകൾ, ടീ-ഷർട്ടുകൾ, പരസ്യങ്ങൾ, ആശംസാ കാർഡുകൾ” എന്നിവയും അവർ പട്ടികപ്പെടുത്തുന്നു. ഇവയെല്ലാം കൂടിയാകുമ്പോൾ ലഭിക്കുന്നതോ, “സ്വർഗീയ ലാഭം.” അങ്ങനെയാണ് ഒരു എഴുത്തുകാരൻ അതിനെ വിശേഷിപ്പിച്ചത്.
എന്നാൽ ഇതു വെറുമൊരു ഭ്രമമല്ലെന്നു ദൂത വക്താക്കൾ തറപ്പിച്ചു പറയുന്നു. തങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് അവർ “യഥാർഥ ജീവിത”ത്തിൽ ദൂതന്മാരെ കണ്ടുമുട്ടിയതിന്റെ തെളിവുകൾ ഒന്നിനു പിറകെ ഒന്നായി നിരത്തുന്നു. തങ്ങൾ ദൂതന്മാരെ മനുഷ്യരൂപത്തിൽ കണ്ടെന്നു ചിലർ. ദൂതന്മാരുടേതെന്നു തോന്നുന്ന ഒരു പ്രകാശം കണ്ടെന്നോ ശബ്ദം കേട്ടെന്നോ സാന്നിധ്യമോ പ്രേരണയോ അനുഭവിച്ചെന്നോ മറ്റുചിലർ. ദൂതന്മാർ തങ്ങളുടെ ജീവൻ രക്ഷിച്ചതായി മെറിളിനെപ്പോലെയുള്ള അനേകർ പറയുന്നു.
എന്താണു സംഭവിക്കുന്നത്? “ആത്മീയത പുനർജീവിക്കുന്നതായി ഞാൻ കരുതുന്നു” എന്ന് “അമാനുഷ” കൂടിക്കാഴ്ചകളെപ്പറ്റി രണ്ടു പുസ്തകങ്ങൾ എഴുതിയ ജോൺ വെസ്റ്റർ ആൻഡേർസൻ പറയുന്നു. മറ്റൊരു ഗ്രന്ഥമെഴുതാൻ സഹായിച്ച അൽമാ ഡാനിയേൽ ഒരു പടികൂടി മുന്നോട്ടു പോയി ഇങ്ങനെ പറയുന്നു: ദൂതന്മാർ, “അധികമധികമാളുകൾക്ക് എത്തിപ്പിടിക്കേണ്ടതിനു തങ്ങളെത്തന്നെ ലഭ്യമാക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയായിരിക്കാൻ അവർ ആഗ്രഹിക്കുന്നതുകൊണ്ടാണ് നാം അവരെപ്പറ്റി കൂടുതൽ കാണുന്നത്. അവരാണ് അതു ചെയ്യുന്നത്.”
വാസ്തവത്തിൽ അത് അങ്ങനെയാണോ? അതോ ഇപ്പോഴത്തെ ഈ ദൂതഭ്രമത്തിനു പിന്നിൽ മറ്റെന്തെങ്കിലുമുണ്ടോ? അതു കണ്ടുപിടിക്കുന്നതിനു നാം ദൈവവചനം പരിശോധിക്കേണ്ടത് ആവശ്യമാണ്. ദൂതന്മാരെപ്പറ്റിയുള്ള സത്യം ബൈബിളിൽ അടങ്ങിയിട്ടുണ്ട്. നമുക്കതു കാണാം.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pages 3 and 4: The New Testament: A Pictorial Archive from Nineteenth-Century Sources, by Don Rice/Dover Publications, Inc.