അവർ സ്നേഹത്തെ പ്രതി അതു ചെയ്തു
കാനഡയിലെ വിശ്വസ്തയും അതിഥിപ്രിയയുമായ ഒരു വിധവ നാലു യുവപുത്രിമാരെ യഥാർഥ ക്രിസ്ത്യാനികളായി വളർത്തിക്കൊണ്ടുവരികയായിരുന്നു. അവരുടെ വീടിനു കാര്യമായ അറ്റകുറ്റപ്പണികൾ ആവശ്യമുള്ളതായി സഭയിലെ മൂപ്പന്മാർ ശ്രദ്ധിച്ചു. ആ ജോലി സ്വയം നിർവഹിക്കാനുള്ള പണമോ വൈദഗ്ധ്യമോ അവർക്കില്ലായിരുന്നു. അതുകൊണ്ട് 1 തിമൊഥെയൊസ് 5:9, 10-ൽ നൽകിയിരിക്കുന്ന തത്ത്വത്തിനു ചേർച്ചയിൽ, അവർക്കു വേണ്ടി ആ വേല നിർവഹിച്ചുകൊടുക്കാൻ മൂപ്പന്മാർ വിവേകപൂർവം ക്രമീകരണം ചെയ്തു. എങ്ങനെ?
ആ വിധവയും കുട്ടികളും അഞ്ചു ദിവസത്തേക്കു മാറിത്താമസിക്കാനുള്ള ആസൂത്രണങ്ങൾ ചെയ്തു. സഭയിലുണ്ടായിരുന്ന 80-ലധികം പേർ സാധനസാമഗ്രികളും ഫണ്ടുകളും സമയവും നൽകിക്കൊണ്ടു മുഴുഹൃദയത്തോടെ പിന്തുണച്ചു. കുടുംബാംഗങ്ങൾ പോയി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ, ഉത്സുകരായ ജോലിക്കാർ തേനീച്ചകളെപ്പോലെ ആ വീട്ടിൽ തടിച്ചുകൂടി. വീടിന്റെ പുറംഭാഗത്തു മുഴുവനും അറ്റകുറ്റപ്പണികൾ നടത്തി. ഭിത്തിയിലെ തുളകൾ അടയ്ക്കുകയും പെയിൻറടിക്കുകയും ചെയ്തു. തറകൾ നിരപ്പാക്കി അവയ്ക്കു നവചൈതന്യമേകി. തറയിൽ പുതിയ ടൈൽസുകളും വിരികളും സ്ഥാപിച്ചു. വൈദ്യുതിയും വെളിച്ചവും സംബന്ധിച്ച എല്ലാ അവശ്യ കാര്യങ്ങളും പുതുക്കി. പഴകിപ്പോയ ഫർണിച്ചറിനു പകരം പുതിയവ കൊണ്ടുവന്നിട്ടു. വെറും അഞ്ചു ദിവസംകൊണ്ടു സമൂലമായ ഒരു പുതുക്കിപ്പണിയൽ സാധ്യമായി!
ആശ്ചര്യാവേശത്തിന്റെയും പ്രവർത്തനോന്മുഖതയുടെയും അന്തരീക്ഷം അയലത്ത് അൽപ്പം കോളിളക്കംതന്നെ സൃഷ്ടിച്ചു. സാക്ഷികളുടെ ശ്രമങ്ങൾ കണ്ട് പ്രചോദിതനായ 80 വയസ്സുള്ള ഒരു അയൽവാസി ഒരു പെയിൻറ് ബ്രഷ് കൊണ്ടുവന്നിട്ട്, സഹായിക്കാൻ തന്നെയും കൂട്ടണമെന്നു നിർബന്ധം പിടിച്ചു. സ്വമേധയാ പ്രവർത്തകരിൽ ഒരാളുടെ തൊഴിലുടമ അടുക്കളയിലെ അടുപ്പിനു വേണ്ടി ഒരു പുകപോക്കിമൂടി (ventilation hood) സംഭാവന ചെയ്യുകയുണ്ടായി. മറ്റൊരു തൊഴിലുടമ അടുക്കളയ്ക്കു വേണ്ടി പുതിയ അലമാരകൾ പ്രദാനം ചെയ്യുകയുണ്ടായി. ഇതെല്ലാം ഒരു മനുഷ്യനിൽ വളരെ മതിപ്പുളവാക്കി, അതുകൊണ്ട് യഹോവയുടെ സാക്ഷികളെക്കുറിച്ചു പഠിക്കാൻ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പ്രസിദ്ധീകരണം താത്പര്യപൂർവം സ്വീകരിക്കുകയും ചെയ്തു.
വിധവയും കുട്ടികളും തിരിച്ചുവന്നപ്പോൾ അവരുടെ മുഖത്ത് ആശ്ചര്യം അലതല്ലിയിരുന്നു. അശ്രുക്കളും പൊട്ടിച്ചിരിയും ആലിംഗനവും ധാരാളം—ക്രിസ്തീയ സ്നേഹത്തിന്റെയും വികാരത്തിന്റെയും അവിസ്മരണീയമായ ഒരു നിമിഷം. സഭയിൽ സഹായമാവശ്യമായിരിക്കുന്ന അംഗങ്ങളോടുള്ള യഥാർഥ സ്നേഹവും താത്പര്യവും സത്യക്രിസ്ത്യാനിത്വത്തിന്റെ ഒരു അടയാളമാണ്. എന്തെന്നാൽ പൗലോസ് ഇപ്രകാരമെഴുതി: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.”—ഗലാത്യർ 6:10.