ഭയം—മിത്രമോ ശത്രുവോ?
“ഞാൻ എങ്ങനെ മരിക്കാനാഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചു ചിന്തിക്കാറുണ്ട്. വെടിയേൽക്കാൻ ഞാനാഗ്രഹിക്കുന്നില്ല, വെടിയേറ്റാൽത്തന്നെ തലയിൽ ഇവിടെത്തന്നെ കൊള്ളാനാണു ഞാനിഷ്ടപ്പെടുന്നത്. അങ്ങനെ തത്ക്ഷണം മരിക്കാം.”
ഒരു 14 വയസ്സുകാരിയിൽനിന്നു ലോസാഞ്ചലസ് ടൈംസിന്റെ ഒരു റിപ്പോർട്ടർ കേട്ടതാണത്. അടുത്തകാലത്തു നടന്ന കൊലപാതകങ്ങളെക്കുറിച്ച്—യുവജനങ്ങൾ മുതിർന്നവരെയും മറ്റു യുവജനങ്ങളെയും കൊലപ്പെടുത്തിയതിനെക്കുറിച്ച്—അദ്ദേഹം വിദ്യാർഥികളുമായി അഭിമുഖം നടത്തുകയായിരുന്നു. “ഭയത്തിന്റെ ലോകം” എന്നായിരുന്നു ആ റിപ്പോർട്ടിന്റെ ശീർഷകം.
അനേകരും ഭയത്തിന്റെ ഒരു ലോകത്താണു ജീവിക്കുന്നത് എന്ന വസ്തുത തള്ളിക്കളയാനാവില്ല. എന്തിനെക്കുറിച്ചുള്ള ഭയം? ഏതെങ്കിലും ഒരു പ്രത്യേക ഭയത്തെ എടുത്തുപറയുക പ്രയാസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ അല്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തുള്ള അനേകർ ഭയപ്പെടുന്ന കാര്യങ്ങളാണോ അടുത്തുള്ള ചതുരത്തിലേതെന്നു നോക്കുക. 1993 നവംബർ 22-ലെ ന്യൂസ്വീക്ക് മാസികയിൽനിന്നുള്ള ഈ ചതുരം “10-നും 17-നും ഇടയിൽ പ്രായമുള്ള 758 കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും” അഭിപ്രായം ആരാഞ്ഞതിന്റെ ഫലങ്ങളാണു കാട്ടിത്തരുന്നത്.
ആ യുവജനങ്ങളുമായി ഇപ്പോൾ അഭിമുഖം നടത്തുകയാണെങ്കിൽ, ഭൂകമ്പംപോലെ ഭയത്തിനുള്ള കൂടുതലായ കാരണങ്ങൾ അവർ പറഞ്ഞേക്കാം. 1994 ജനുവരിയിൽ ലോസാഞ്ചലസിലുണ്ടായ വിപത്കരമായ ഭൂകമ്പത്തെത്തുടർന്ന് ടൈം ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “അനിയന്ത്രിതമായ പേടിസ്വപ്നങ്ങൾ, അമിത ജാഗ്രത, ജീവിതത്തിൻമേൽ നിയന്ത്രണമില്ലാത്തതിലുള്ള കോപം തുടങ്ങിയവ മാനസികാഘാതാനന്തര സമ്മർദക്രമക്കേടിന്റെ ലക്ഷണങ്ങളിൽ പെടുന്നവയാണ്.” ആ പ്രദേശം വിട്ടുപോകാൻ തീരുമാനിച്ച ഒരു ബിസിനസ്സുകാരൻ ഇങ്ങനെ പറഞ്ഞു: “നാശനഷ്ടമല്ല പ്രശ്നം. സംഭ്രാന്തി. ഉറങ്ങാനായി ഒരുവൻ ഷൂസുമിട്ട് താഴത്തെ നിലയിലേക്കു പോകുന്നു. അയാൾ ഉറങ്ങുകയില്ല. ഓരോ രാത്രിയും അതു പ്രതീക്ഷിച്ചുകൊണ്ട് അയാളവിടെ ഇരിക്കും. അത് അസുഖകരമായ ഒരു സംഗതിയാണ്.”
“ദുരന്തങ്ങളുടെ ഒരു പരമ്പര ജപ്പാൻകാരെ ഭയചകിതരാക്കുന്നു” എന്നതായിരുന്നു ടോക്കിയോയിൽനിന്നുള്ള 1995 ഏപ്രിൽ 11-ലെ ഒരു റിപ്പോർട്ടിനു കൊടുത്ത ശീർഷകം. അതിങ്ങനെ പറയുകയുണ്ടായി: “ഒരു യുദ്ധവാതകമായ നാഡീവാതകം (nerve gas) കൊണ്ടുള്ള ആക്രമണം . . . ജപ്പാൻകാരുടെ മനസ്സിനു പ്രത്യേകിച്ചും വലിയൊരു ആഘാതമായിരുന്നു, കാരണം ഭാവി സംബന്ധിച്ച് അടിസ്ഥാനപരമായ പുതിയ അനിശ്ചിതാവസ്ഥകൾ മൊത്തമായി ഉളവാക്കിയ ഒരു സംഭവപരമ്പരയുടെ ഭാഗമായാണ് അതെത്തിയത്. . . . ഒരു കാലത്തു രാവും പകലും സുരക്ഷിതമെന്നു പേരുകേട്ടിരുന്ന തെരുവുകൾ മേലാൽ ആളുകൾക്കു സുരക്ഷിതത്വം നൽകുന്നില്ല.” ഭയപ്പെടുന്നത് പ്രായംചെന്നവർ മാത്രമല്ല. “തങ്ങളുടെ ഭാവി എന്തായിത്തീരുമെന്നു യാതൊരു നിശ്ചയവുമില്ലാത്ത യുവജനങ്ങളുടെ ഇടയിൽ . . . ഉത്കണ്ഠ വിശേഷിച്ചും കൂടുതലായിരുന്നു എന്നു [സെയ്ജോ സർവകലാശാലയിലെ] പ്രൊഫസർ ഇഷിക്കാവാ പറഞ്ഞു.”
“ഭയങ്കരമായ ഭീതി ഉണ്ടാകുമ്പോൾ അത്, പതിറ്റാണ്ടുകൾ കഴിഞ്ഞും ആളുകളിൽ അഡ്രിനാലിന്റെ കുതിച്ചുകയറ്റം ഉളവാക്കിക്കൊണ്ട് തലച്ചോറിന്റെ രാസഘടനയെത്തന്നെ മാറ്റിമറിക്കുന്ന”തായി തെളിവു സൂചിപ്പിക്കുന്നു. ഭീതിദമായ ഒരു സാഹചര്യത്തെ മസ്തിഷ്കം എങ്ങനെ വ്യാഖ്യാനിക്കുന്നു—നാം എങ്ങനെ വിശദാംശങ്ങൾ വിലയിരുത്തി ഭയത്തോട് പ്രതികരിക്കുന്നു—എന്നു മനസ്സിലാക്കാൻ ശാസ്ത്രജ്ഞന്മാർ ശ്രമിച്ചുവരികയാണ്. ജോസഫ് ലെഡൂക്സ് എന്ന പ്രൊഫസർ ഇങ്ങനെ എഴുതി: “ഒരു സാഹചര്യം ഭയത്തെക്കുറിച്ചു മനസ്സിലാക്കാൻ ഒരു ജീവിയെ പ്രേരിപ്പിക്കുന്ന നാഡീപരമായ വഴികൾ അനാവരണം ചെയ്യുകവഴി, ഇത്തരം ഓർമയുടെ പൊതുവായ പ്രവർത്തനവിധങ്ങൾ സംബന്ധിച്ച ഒരു സാമാന്യ വിശദീകരണം നൽകാൻ കഴിയുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.”
എങ്കിലും നമ്മിൽ മിക്കവരും ഭയം തോന്നാനുള്ള രാസപരമോ നാഡീപരമോ ആയ അടിസ്ഥാന കാരണത്തിൽ വളരെയൊന്നും താത്പര്യമുള്ളവരല്ല. നാം ഭയപ്പെടുന്നത് എന്തുകൊണ്ട്? നാം എങ്ങനെ പ്രതികരിക്കണം? ഏതെങ്കിലും തരത്തിലുള്ള ഭയം നല്ലതാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ നാം യാഥാർഥ്യബോധത്തോടെ കൂടുതൽ താത്പര്യം കാട്ടിയേക്കാം.
ചിലപ്പോൾ ഭയത്തിനു നമ്മെ സഹായിക്കാൻ കഴിയുമെന്നതിനോടു നിങ്ങൾ യോജിച്ചേക്കാം. ഉദാഹരണത്തിന്, നിങ്ങൾ വീടിനോടു സമീപിക്കുകയാണ്. ഇരുട്ടുണ്ട്. കതകു നന്നായി ചേർത്തടച്ചിരുന്നതാണെങ്കിലും അത് അൽപ്പം തുറന്നിരിക്കുന്നതായി നിങ്ങൾ കാണുന്നു. ജനലിലൂടെ നോക്കുമ്പോഴോ, ചലിക്കുന്ന നിഴൽരൂപങ്ങൾപോലെ എന്തോ കാണുന്നു. എന്തോ കാര്യമായ കുഴപ്പമുണ്ടെന്നു മനസ്സിലാക്കിയ നിങ്ങളിൽ ഒരു പിരിമുറുക്കം അനുഭവപ്പെടുന്നു. ഒരുപക്ഷേ, ഒരു കള്ളനോ കഠാര കയ്യിലേന്തിയ ഒരതിക്രമിയോ അകത്തുണ്ടായിരിക്കാം.
അത്തരം സാഹചര്യങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ സഹജമായ ഭയത്തിന്, ആപത്കരമായ സാഹര്യത്തിലേക്കു ശ്രദ്ധയില്ലാതെ കടന്നുചെല്ലുന്നതിൽനിന്നു നിങ്ങളെ സംരക്ഷിക്കാനാവും. സാധ്യതയുള്ള ഒരപകടത്തെ നേരിടുന്നതിനു മുമ്പ് മുൻകരുതലുകളെടുക്കാനോ സഹായം തേടാനോ ഭയം സഹായിച്ചേക്കാം. അങ്ങനെയുള്ള അനേകം ഉദാഹരണങ്ങളുണ്ട്: ഉയർന്ന വോൾട്ടേജ് സംബന്ധിച്ച് മുന്നറിയിപ്പു തരുന്ന ഒരു ബോർഡ്; നിങ്ങളുടെ പ്രദേശത്തേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കൊടുങ്കാറ്റിനെക്കുറിച്ചുള്ള റേഡിയോ അറിയിപ്പ്; തിരക്കേറിയ ഒരു പാതയിലൂടെ വാഹനമോടിച്ചുപോകുമ്പോൾ നിങ്ങളുടെ കാറിന്റെ യന്ത്രത്തിൽനിന്നുണ്ടാകുന്ന തുളച്ചുകയറുന്ന ഒരു ശബ്ദം.
ചില സന്ദർഭങ്ങളിൽ ഭയം എന്ന വികാരത്തിന് ഒരു സ്നേഹിതനായിരിക്കാനാകും. സ്വയം സംരക്ഷിക്കാനോ ജ്ഞാനപൂർവം പ്രവർത്തിക്കാനോ അതിനു നമ്മെ സഹായിക്കാൻ കഴിയും. സ്ഥിരമായ അല്ലെങ്കിൽ തീവ്രമായ ഭയത്തിനു സത്യത്തിൽ സ്നേഹിതനായിരിക്കാൻ കഴിയില്ലെന്നു നിങ്ങൾക്കറിയാം. അതൊരു ശത്രുവാണ്. അതുണ്ടാകുമ്പോൾ ശ്വാസോച്ഛ്വാസം ത്വരിതഗതിയിലാകുന്നു, ഹൃദയമിടിപ്പു വർധിക്കുന്നു, തളർച്ച തോന്നുന്നു, വിറയൽ അനുഭവപ്പെടുന്നു, ഓക്കാനം വരുന്നു, ചുറ്റുപാടുകളിൽനിന്നു വിച്ഛേദിക്കപ്പെടുന്നതുപോലുള്ള ഒരനുഭവം ഉണ്ടാകുന്നു.
നമ്മുടെ കാലത്തിന്റെ പ്രത്യേകതകളായി ഭൂമിയിലെ ഭയപ്പെടുത്തുന്ന സംഭവവികാസങ്ങളെയും കടുത്ത ഭയത്തെയും ബൈബിൾ പ്രത്യേകമായി സൂചിപ്പിച്ചുവെന്നത് ഏറ്റവും താത്പര്യജനകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. അത് അങ്ങനെയായിരിക്കുന്നത് എന്തുകൊണ്ട്? കൂടാതെ അതിനു നിങ്ങളുടെ ജീവിതത്തിലും ചിന്തയിലും എന്തു സ്വാധീനമുണ്ടായിരിക്കണം? മാത്രമല്ല, ബൈബിളിന്റെ നിലപാടിൽനിന്നു നോക്കുമ്പോൾ പ്രത്യേകിച്ചും സഹായകരവും നല്ലതുമായ ഒരു അനുദിന ഭയം ഉണ്ടെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്? നമുക്കു നോക്കാം.
[3-ാം പേജിലെ ചതുരം]
തങ്ങളെയും തങ്ങളുടെ കുടുംബങ്ങളെയും ഏറ്റവും വ്യാകുലപ്പെടുത്തുന്നത് എന്താണെന്നു ചോദിച്ചപ്പോൾ മുതിർന്നവരും കുട്ടികളും തങ്ങൾ ഭയക്കുന്നതായി പറഞ്ഞത് ഇവയാണ്:
കുട്ടികൾ മാതാപിതാക്കൾ
56% കുടുംബാംഗത്തിനെതിരെയുള്ള അക്രമാസക്തമായ കുറ്റകൃത്യം 73%
53% മുതിർന്ന ഒരു വ്യക്തിക്കു തൊഴിൽ നഷ്ടമാകൽ 60%
43% ഭക്ഷണത്തിനു വകയില്ലാതിരിക്കുക 47%
51% ഡോക്ടറെ കാണാൻ വകയില്ലാതിരിക്കുക 61%
47% പാർപ്പിടത്തിനു നിർവാഹമില്ലാതിരിക്കുക 50%
38% കുടുംബാംഗത്തിനു മയക്കുമരുന്നു പ്രശ്നമുണ്ടായിരിക്കുക 57%
38% അവരുടെ കുടുംബം ഒറ്റക്കെട്ടായി നിൽക്കില്ല 33%
ഉറവിടം: ന്യൂസ്വീക്ക്, നവംബർ 22, 1993