പക്ഷികളിൽനിന്നും പുഷ്പങ്ങളിൽനിന്നും ഒരു പാഠം
ഇന്നു ജനങ്ങൾ ഏറ്റവുമധികം തത്പരരായിരിക്കുന്നത് എന്തിലാണ്? തങ്ങളുടെ കുടുംബത്തിനു കഴിഞ്ഞുകൂടാൻ ആവശ്യമായ സംഗതികൾ പ്രദാനംചെയ്യുക അല്ലെങ്കിൽ തങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ വേണ്ടതു ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളിലാണു ഭൂരിപക്ഷമാളുകളും തത്പരരായിരിക്കുന്നത്.
കുടുംബത്തെ പോറ്റുകയെന്നത് യേശുക്രിസ്തു ഭൂമിയിലുണ്ടായിരുന്നപ്പോഴും ഒരു മുഖ്യ ആവശ്യമായിരുന്നു. എന്നാൽ ന്യായമായ ഈ ആവശ്യം ആത്മീയ കാര്യങ്ങളെ പുറന്തള്ളുംവിധം അമിത ഉത്കണ്ഠയായി രൂപം പ്രാപിച്ചേക്കാമെന്ന് അവൻ മുന്നറിയിപ്പു നൽകി. തന്റെ ഈ ആശയം ദൃഷ്ടാന്തീകരിക്കുന്നതിനു പക്ഷികളെയും പുഷ്പങ്ങളെയും അടുത്തു പരിചിന്തിക്കാൻ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു.
പക്ഷികൾക്ക് എന്നും തീറ്റിവേണം. അവയുടെ ഉയർന്ന ഉപാപചയപ്രവർത്തന നിരക്കു നിമിത്തം ആനുപാതികമായി നമുക്കാവശ്യമുള്ളതിനെക്കാൾ വളരെയധികം അവയ്ക്ക് ആവശ്യമുണ്ട്. കൂടാതെ, വിത്തു വിതയ്ക്കാനോ കൊയ്തെടുക്കാനോ ഭാവിയിലേക്കുവേണ്ടി ഭക്ഷ്യവസ്തുക്കൾ കരുതിവയ്ക്കാനോ അവയ്ക്കു കഴിയുകയില്ല. എങ്കിലും, യേശു നിരീക്ഷിച്ചപോലെ, നമ്മുടെ “സ്വർഗ്ഗസ്ഥനായ . . . പിതാവു അവയെ പുലർത്തുന്നു.” (മത്തായി 6:26) സമാനമായ വിധത്തിൽ, “വയലിലെ” മനോഹരമായ “താമര”യെ ഏറ്റവും നല്ലവിധത്തിൽ ചമയിക്കുന്നു.—മത്തായി 6:28-30.
നാം ഭൗതിക ആവശ്യങ്ങളെ യഥാസ്ഥാനത്തു നിർത്തുകയും ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകുകയും ചെയ്യുന്നുവെങ്കിൽ നമുക്ക് ആവശ്യമുള്ള ഭക്ഷണവും വസ്ത്രവും ലഭിക്കുന്ന കാര്യത്തിൽ ദൈവം ഉറപ്പുവരുത്തുമെന്ന് യേശു ഉറപ്പുനൽകി. യഹോവയാം ദൈവം പക്ഷികൾക്കും പുഷ്പങ്ങൾക്കുംവേണ്ടി കരുതുന്നുവെങ്കിൽ അവനെ സ്നേഹിക്കുകയും ‘മുമ്പേ രാജ്യവും നീതിയും അന്വേഷി’ക്കുകയും ചെയ്യുന്നവർക്കുവേണ്ടി അവൻ തീർച്ചയായും കരുതുകതന്നെ ചെയ്യും. (മത്തായി 6:33) നിങ്ങൾ ദൈവരാജ്യത്തിന്റെ താത്പര്യങ്ങളെ ജീവിതത്തിൽ ഒന്നാം സ്ഥാനത്തു നിർത്തുന്നുവോ?