രക്തപ്പകർച്ചകളെക്കുറിച്ചു പുനർവിചിന്തനം ചെയ്തു
എയ്ഡ്സിന്റെ ഇരുണ്ട യുഗത്തിൽ ആശുപത്രിയിലാക്കപ്പെടുന്ന ഒരു രോഗിയുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി പതിയിരിക്കുന്നതു ശസ്ത്രക്രിയ നടത്തുന്ന മുറിയിലായിരുന്നേക്കാം. ന്യൂ ജേഴ്സി യു.എസ്.എ.യിലെ കാംഡെനിലുള്ള കൂപ്പർ ഹോസ്പിറ്റൽ-യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ഒരു ദശകത്തിലധികമായി രക്തരഹിത ശസ്ത്രക്രിയ നടത്തുന്നതിനു മാർഗനിർദേശം നൽകിയിട്ടുള്ള ഡോ. റിച്ചാർഡ് സ്പെൻസ് പറയുന്നത്, “രക്തത്തെ മുഴുവനായി അണുനിർമാർജനം നടത്താൻ ഒരു മാർഗവുമില്ല” എന്നാണ്.
ബൈബിളിനെ അധിഷ്ഠിതമാക്കി, രക്തപ്പകർച്ചകൾ നടത്താൻ വിസമ്മതിക്കുന്ന കാര്യത്തിൽ പ്രഖ്യാതരായ അനേകം യഹോവയുടെ സാക്ഷികളെ ഈ മെഡിക്കൽ സെന്റർ ചികിത്സിക്കുന്നതിൽ അതിശയിക്കാനില്ല. (ലേവ്യപുസ്തകം 17:11; പ്രവൃത്തികൾ 15:28, 29) എന്നിരുന്നാലും, സാക്ഷികളല്ലാത്ത അനേകരും ഇപ്പോൾ സെന്ററിൽ ചികിത്സക്കായി എത്തുന്നു. ഹെപ്പറ്റൈറ്റിസും എയ്ഡ്സും മറ്റുരോഗങ്ങളും ഉൾപ്പെടെ രക്തപ്പകർച്ചയിലൂടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾ സംബന്ധിച്ച് ഉത്ക്കണ്ഠയുള്ളവരാണ് അവർ. “എയ്ഡ്സിന്റെ വർധനവു രക്തം സ്ക്രീൻ ചെയ്യേണ്ടതിന്റെ ആവശ്യകതയെ കാണിക്കുന്നു” എന്നു കുരിയർ-പോസ്റ്റ് വീക്ക്ലി റിപ്പോർട്ട് ഓൺ സയൻസ് ആൻഡ് മെഡിസിൻ (ഇംഗ്ലീഷ്) അഭിപ്രായപ്പെടുന്നു. “എന്നാൽ ചിലപ്പോഴെല്ലാം സ്ക്രീനിങ് പ്രക്രിയയുടെ കണ്ണുവെട്ടിച്ചു കടന്നുകളയുന്ന ചില കേസുകളുമുണ്ട്, കാരണം ഒരുവനെ രോഗാണുക്കൾ ബാധിച്ചിരിക്കുന്നുവെന്നുവരാം, എന്നാൽ പരിശോധനയിൽ തെളിയണമെന്നു നിർബന്ധമില്ല.”
അത്തരം അപകടങ്ങൾ നിമിത്തം രക്തരഹിത ശസ്ത്രക്രിയ നടത്തുന്ന സെന്റർ രക്തപ്പകർച്ച കൂടാതെ പകര ചികിത്സ നടത്തുന്നു. ഒരു രോഗിയുടെ സ്വന്തം രക്തംതന്നെ അയാളിലേക്കു കുത്തിവയ്ക്കുന്നതും അതിൽ ഉൾപ്പെടും—ചില സാഹചര്യങ്ങളിൽ ചില സാക്ഷികൾക്ക് എതിർപ്പു തോന്നാത്ത ഒരു രീതിയാണത്.a രോഗിയുടെ രക്തത്തിന്റെ ഉത്പാദനം വർധിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗമാണു മറ്റൊരു ചികിത്സാരീതി. അതിനുപുറമേ, രക്തപ്പകർച്ച കൂടാതെതന്നെ ഓക്സിജൻ സംവാഹനം ത്വരിതഗതിയിലാക്കാൻ രക്തത്തിനു പകരം കൃത്രിമമായി നിർമിക്കപ്പെട്ട ഒരു വസ്തു രോഗിയിൽ പ്രയോഗിക്കുന്നു. “യഹോവയുടെ സാക്ഷികൾ ഏറ്റവും മികച്ച വൈദ്യ ശുശ്രൂഷ ആഗ്രഹിക്കുന്നു, എന്നാൽ രക്തപ്പകർച്ചയ്ക്കു പകരമായിട്ടുള്ള എന്തെങ്കിലുമാണ് അവർ ആഗ്രഹിക്കുന്നത്” എന്നു ഡോ. സ്പെൻസ് പറയുന്നു.
തങ്ങളുടെ മതപരമായ ദൃഢവിശ്വാസങ്ങളെ ആദരിക്കുന്ന ഡോക്ടർമാരിൽനിന്നു തങ്ങൾക്കു ലഭിച്ചിരിക്കുന്ന സഹകരണത്തിനും സഹായത്തിനും യഹോവയുടെ സാക്ഷികൾ നന്ദിയുള്ളവരാണ്. അതിന്റെ ഫലമായി അവർക്കു വാസ്തവത്തിൽ “ഏറ്റവും മികച്ച വൈദ്യ ശുശ്രൂഷ” ലഭിച്ചിരിക്കുന്നു, കൂടാതെ, യഹോവയാം ദൈവത്തിന്റെ മുമ്പാകെ ശുദ്ധമായ മനസ്സാക്ഷി കാത്തു സൂക്ഷിക്കാനും കഴിഞ്ഞിരിക്കുന്നു.—2 തിമൊഥെയൊസ് 1:3.
[അടിക്കുറിപ്പുകൾ]
a ഈ പ്രക്രിയയെയും വ്യക്തിപരമായ, മനസ്സാക്ഷിപരമായ ഒരു തീരുമാനം എടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സംഗതികളെയും സംബന്ധിച്ചുള്ള വിശദമായ ഒരു ചർച്ച 1989 മാർച്ച് 1-ലെ വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 30-1 പേജുകളിൽ നൽകിയിട്ടുണ്ട്.