ദൈവം ലോകത്തെ ഭരിക്കുന്നുവോ?
ഞായറാഴ്ച പ്രഭാതം. അനേകർ കിടക്കയിൽനിന്ന് എഴുന്നേൽക്കുന്നു, വസ്ത്രം മാറുന്നു, പ്രാതൽ കഴിക്കുന്നു, പള്ളിയിലേക്കു ധൃതിവെച്ചു പോകുന്നു. ഭൂമിയുടെമേൽ ദൈവം പരമാധികാരിയായി, അധികാരത്തിന് യാതൊരു വെല്ലുവിളിയുമില്ലാതെ, വാഴുന്ന വിധം സംബന്ധിച്ച പ്രസംഗം അവർ അവിടെ കേൾക്കുന്നു. അവനു ജനങ്ങളുടെ കാര്യത്തിൽ ആഴമായ കരുതലുണ്ടെന്നു അവരോടു പറയുന്നു. യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരാമർശവും കേൾക്കുന്നു. എല്ലാ മുഴങ്കാലും അനുസരണത്തോടെ മടങ്ങുന്ന രാജാധിരാജനാണ് അവൻ എന്ന് അവർ കേൾക്കുന്നു.
പള്ളിയിൽനിന്നു വീട്ടിലെത്തിയ അവർ ടെലിവിഷൻ ഓൺചെയ്തു ന്യൂസ് കാണുന്നുവെന്നുവരാം. അവരിപ്പോൾ ക്ഷാമം, കുറ്റകൃത്യം, മയക്കുമരുന്നു ദുരുപയോഗം, ദാരിദ്ര്യം എന്നിവയെക്കുറിച്ചെല്ലാം കേൾക്കുന്നു. രോഗത്തിന്റെയും മരണത്തിന്റെയും ദയനീയ രംഗങ്ങളും കാണുന്നു.
പള്ളിയിൽ കേട്ട സംഗതികളെക്കുറിച്ച്, വിശേഷിച്ച് അവിടെ ഒരിക്കലും വിശദീകരിച്ചിട്ടില്ലാത്ത സംഗതികളെക്കുറിച്ച്, അത്തരക്കാർ അതിശയിക്കാനിടയുണ്ട്. ദൈവം സ്നേഹവാനും സർവശക്തനുമാണെങ്കിൽ, ഭയങ്കര കാര്യങ്ങൾ സംഭവിക്കുന്നതെന്തുകൊണ്ട്? യേശുക്രിസ്തുവിന്റെ കാര്യമോ? വ്യക്തമായും, അനുസരണയോടെ അവന്റെ നിർദേശത്തിനുമുമ്പിൽ മടക്കാത്ത അനേകം മുഴങ്കാലുകളുണ്ട്.
[3-ാം പേജിലെ ചിത്രം]
ദൈവം ലോകത്തെ ഭരിക്കുന്നെങ്കിൽ, ഇത്രമാത്രം കഷ്ടപ്പാടും കുഴപ്പങ്ങളുമുള്ളത് എന്തുകൊണ്ട്?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover: NASA photo