“സുബോധത്തിന്റെ അതിരുകൾക്ക് അപ്പുറം”
“യുദ്ധങ്ങൾ ആരംഭിക്കുന്നതു മനുഷ്യമനസ്സുകളിലായതുകൊണ്ട്, നാം സമാധാനത്തിന്റെ കോട്ടമതിലുകൾ പടുത്തുയർത്തേണ്ടതു മനുഷ്യമനസ്സുകളിലാണ്.” (യു.എൻ. എഡ്യുക്കേഷണൽ, സയൻറിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ ചാർട്ടർ) ഈ പ്രസ്താവന മനസ്സിൽപ്പിടിച്ചുകൊണ്ട്, 1993-ൽ നിരായുധീകരണത്തെക്കുറിച്ചുള്ള ഒരു യു.എൻ. കോൺഫറൻസിൽ സംബന്ധിച്ച 500-ലധികം വിദഗ്ധർ അത്തരം കോട്ടമതിലുകൾ പണിയുന്നതിൽ മതത്തിനുള്ള പങ്കു പരിചിന്തിക്കുകയുണ്ടായി.
ലോയേഴ്സ് അലൈൻസ് ഫോർ വേൾഡ് സെക്യൂരിറ്റിയെ പ്രതിനിധീകരിച്ച ജോനഥൻ ഗ്രനോഫ് ആയിരുന്നു കോൺഫറൻസ് അധ്യക്ഷൻ. വടക്കേ അയർലൻഡ്, ശ്രീലങ്ക, മധ്യപൂർവദേശം, ഇന്ത്യ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ മതപരമായ പോരാട്ടങ്ങൾ തെളിവായി ഉപയോഗിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ ചൂണ്ടിക്കാട്ടി: “മതപരവും വംശീയവുമായ ഇന്നത്തെ പോരാട്ടങ്ങളുടെ വ്യാപ്തി സംസ്കാര നടത്തയുടെ അതിരുകൾക്ക്, ഒരുപക്ഷേ സുബോധത്തിന്റെ അതിരുകൾക്ക്, അപ്പുറമാണ്.” കോൺഫറൻസിൽ ജോൺ കെന്നത്ത് ഗാൽബ്രെയ്ത്തിന്റെ ഈ വാക്കുകൾ ഉചിതമായി ഉദ്ധരിക്കുകയുണ്ടായി: “സകല യുദ്ധങ്ങളും പ്രകൃതി വിപത്തുകളും ഒരുമിച്ചുചേർത്താലുള്ളതിനെക്കാളും അധികം ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നതു മതത്തിന്റെ പേരിലാണ്.”
ഡോ. ശേഷഗിരി റാവു പറഞ്ഞു: “വൈദ്യന്മാർ രോഗങ്ങൾ പരത്തുകയല്ല, ഭേദമാക്കുകയാണു വേണ്ടത്. മതപാരമ്പര്യങ്ങൾ പകയും പരസ്പരമുള്ള അക്രമാസക്ത പോരാട്ടങ്ങളും പരത്തുകയല്ല വേണ്ടത്. അവർ അനുരഞ്ജനത്തിന്റെ ശക്തികളായിരിക്കേണ്ടവരാണ്. എന്നാൽ, യഥാർഥത്തിൽ അവർ പലപ്പോഴും പ്രവർത്തിച്ചിട്ടുള്ളതും ഇപ്പോഴും പ്രവർത്തിക്കുന്നതും വിഭാഗീയ ശക്തികളായിട്ടാണ്.”
“ഇന്നത്തെ സഭകൾ മുന്നോട്ടുവന്നു യുദ്ധത്തെ സംയുക്തമായി അപലപിക്കുന്നുവെങ്കിൽ,” സമാധാനം ഉറപ്പാക്കാനാവുമെന്ന് ഏതാനും വർഷങ്ങൾക്കുമുമ്പ് ലണ്ടൻ കാത്തലിക് ഹെരാൾഡ് അഭിപ്രായപ്പെടുകയുണ്ടായി. എന്നിരുന്നാലും, പത്രം തുടർന്നു പറഞ്ഞു: “അത് ഒരിക്കലും സംഭവിക്കുകയില്ലെന്നു നമുക്കറിയാം.” ഒരു കത്തോലിക്കാ കന്യാസ്ത്രീ ഒരിക്കൽ ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തി: “നാമെല്ലാം യഹോവയുടെ സാക്ഷികളെപ്പോലെ ആയുധങ്ങളെടുക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെ . . . ഒരു സുപ്രഭാതത്തിൽ ഉണർന്നെണീററിരുന്നെങ്കിൽ ഈ ലോകം എത്ര വ്യത്യസ്തമാകുമായിരുന്നു!”
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Tom Haley/Sipa Press