രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“അവർ ഇടവിടാതെ തുടർന്നു”
യേശുക്രിസ്തുവിന്റെയും അവന്റെ അപ്പോസ്തലന്മാരുടെയും നാളുകൾമുതൽ, ദൈവരാജ്യത്തിന്റെ സുവാർത്താ പ്രസംഗത്തെ തടയാൻ മതനേതാക്കന്മാർ തങ്ങളാലാവുന്ന മാർഗങ്ങളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. യെരുശലേമിലെ പ്രാദേശിക അധികാരികൾ അപ്പോസ്തലന്മാരോട് “യേശുവിന്റെ നാമത്തിൽ സംസാരിച്ചുപോകരുതെന്നു” ആവർത്തിച്ചും ‘കർശനമായും കല്പിച്ചു.’ (അപ്പ. പ്രവർത്തനങ്ങൾ 5:27, 28, 40, പി.ഒ.സി. ബൈബിൾ) എന്നിരുന്നാലും, “ദൈവവചനം പരന്നു, യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി”യെന്നു ബൈബിൾ വിവരണം പ്രസ്താവിക്കുന്നു.—പ്രവൃത്തികൾ 6:7.
രാജ്യത്തു സത്യക്രിസ്ത്യാനികളുടെ വേല തടസ്സപ്പെടുത്താൻ പ്രാദേശിക അധികാരികളെ സ്വാധീനിക്കുന്ന മതനേതാക്കന്മാരെ രണ്ടായിരം വർഷം കഴിഞ്ഞ് നാം ഇപ്പോഴും ഇസ്രായേലിൽ കാണുന്നു. തീവ്രമതസ്ഥരുടെ സമ്മർദംമൂലം, 1987 നവംബറിൽ ഇസ്രായേലിൽ ടെൽ അവീവിലുള്ള പ്രാദേശിക അധികാരികൾ വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസിലുള്ള രാജ്യഹാളിൽ സാക്ഷികൾ ക്രിസ്തീയ യോഗങ്ങൾ നടത്തുന്നതു നിർത്തണമെന്നു കൽപ്പിച്ചു. 1989 ഒക്ടോബറിൽ കൽപ്പന പ്രാബല്യത്തിൽ വന്നു. അതനുസരിച്ച്, മൂന്നു വർഷത്തോളം സാക്ഷികൾ ആ പ്രദേശത്ത് കെട്ടിടങ്ങൾ വാടകയ്ക്കെടുത്തു യോഗങ്ങൾ നടത്തി. അതേസമയം അവരുടെ രാജ്യഹാളുകൾ മിക്കവാറും ഉപയോഗിക്കാതെയും കിടന്നു.
അതിനിടെ, സംഗതി ഇസ്രായേലിലെ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. സ്റ്റേറ്റ് അറ്റോർണിയുടെ ഓഫീസ് സാക്ഷികളുടെ വാദഗതി പുനരവലോകനം ചെയ്യുകയും ഉൾപ്പെട്ടിരിക്കുന്നതു മതപരമായ മുൻവിധിയാണെന്നു വ്യക്തമായിരിക്കുന്നതിന്റെ വീക്ഷണത്തിൽ അവരുടെ അപ്പീലിനെതിരായി യാതൊരു എതിർവാദവുമില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ, പ്രാദേശിക അധികാരികൾക്കു തങ്ങളുടെ തീരുമാനം തിരുത്താതെ മറ്റു മാർഗമില്ലെന്നായി. അടയ്ക്കാനുള്ള കൽപ്പന അസാധുവായി, അങ്ങനെ യഹോവയുടെ സാക്ഷികൾ തങ്ങളുടെ രാജ്യഹാളിലേക്കു സന്തോഷപൂർവം മടങ്ങി.
ബൈബിൾ സത്യങ്ങൾ പ്രസംഗിക്കുന്ന വേലയ്ക്ക് ആ വർഷങ്ങളിൽ വല്ല കോട്ടവും സംഭവിച്ചുവോ? അശേഷമില്ല! രാജ്യഹാൾ അടച്ച സമയത്ത്, ടെൽ അവീവിൽ രണ്ടു സഭകളും അടുത്ത പട്ടണമായ ലോഡിൽ ഒരു ബൈബിളധ്യയന കൂട്ടവുമുണ്ടായിരുന്നു. മൂന്നു വർഷം കഴിഞ്ഞ്, രാജ്യഹാൾ വീണ്ടും തുറന്നപ്പോൾ യഹോവയുടെ സാക്ഷികൾ നാലു സഭകളായി വർധിച്ചിട്ടുണ്ടായിരുന്നു. ബേർഷേബയിൽ ഒരു പുതിയ ബൈബിളധ്യയന കൂട്ടവും യോഗം നടത്തുന്നുണ്ടായിരുന്നു.
ഇസ്രായേലിലെ വളർച്ച അറബി, എബ്രായ എന്നീ പ്രധാന ഭാഷാക്കൂട്ടങ്ങളുടെ ഇടയിൽ മാത്രമല്ല. മുൻ സോവിയറ്റ് യൂണിയനിൽനിന്ന് അങ്ങോട്ടേക്കു കുടിയേറ്റക്കാരുടെ ഒരു വൻപ്രവാഹമുണ്ടായി, അതിനാൽ റഷ്യൻ ഭാഷ സംസാരിക്കുന്ന യഹോവയുടെ സാക്ഷികൾ ഇപ്പോൾ അവരുമായി സുവാർത്ത പങ്കുവെക്കുന്നതിൽ തിരക്കോടെ ഏർപ്പെടുകയാണ്. മൂന്നു സഭകളിൽ ഏതാനും യോഗങ്ങൾ റഷ്യൻ ഭാഷയിൽ നടത്തപ്പെടുന്നുണ്ട്; ഈയിടെ റഷ്യൻ ഭാഷയിലുള്ള സമ്മേളനത്തിനു നൂറിലധികം ആളുകൾ കൂടുകയുണ്ടായി.
നിസ്സംശയമായും, മുൻവിധിക്കാരായ മതസ്ഥർ സത്യാരാധനയ്ക്ക് എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യും. എന്നാൽ രാജ്യപ്രഘോഷകർ, എതിർപ്പുണ്ടായിരുന്നിട്ടും “എല്ലാ ദിവസവും വീടുതോറും . . . ക്രിസ്തുവിനെ, യേശുവിനെ, കുറിച്ചുള്ള സുവാർത്ത പഠിപ്പിച്ചും ഘോഷിച്ചും ഇടവിടാതെ തുടർന്നു”പോന്ന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ അനുകരിക്കുകയാണ്.—പ്രവൃത്തികൾ 5:42, NW.