ലോകമെമ്പാടുമുള്ള സ്ത്രീകൾ
ആദ്യ മാനവ ദമ്പതികൾ ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ അവർക്കും അവരുടെ സന്തതികൾക്കും സംഭവിക്കാൻ പോകുന്ന നാശകരമായ പരിണതഫലത്തെപ്പറ്റി യഹോവ മുൻകൂട്ടിപ്പറഞ്ഞു. യഹോവ ഹവ്വായോടു പറഞ്ഞു: “നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും.” (ഉല്പത്തി 3:16) സ്ത്രീകളോട് ആഴമായ ആദരവുണ്ടായിരിക്കണമെന്നു ബൈബിൾ നിരന്തരം പ്രോത്സാഹിപ്പിക്കുന്നു. ലക്ഷക്കണക്കിന് സ്ത്രീകളും അവരുടെ കുടുംബങ്ങളും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതുകൊണ്ട് ഏറെ സന്തുഷ്ടവും കൂടുതൽ സംതൃപ്തവുമായ ജീവിതം ആസ്വദിക്കുന്നു.
എങ്കിലും, മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള സമീപകാലത്തെ ഒരു റിപ്പോർട്ടനുസരിച്ച്, ലോകവ്യാപകമായി മറ്റനേകം സ്ത്രീകളും നിന്ദിതരും ചൂഷിതരും അവമാനിതരും ആയിത്തീർന്നിരിക്കുന്നു. ആ റിപ്പോർട്ടിനെപ്പറ്റി അഭിപ്രായപ്പെട്ടുകൊണ്ട് ഇന്റർനാഷനൽ ഹെറാൾഡ് ട്രിബ്യൂൺ ഇങ്ങനെ പ്രസ്താവിക്കുന്നു: “193 രാജ്യങ്ങളെക്കുറിച്ചു സൂക്ഷ്മവിശദാംശങ്ങളോടെ തയ്യാറാക്കിയ റിപ്പോർട്ടു വരച്ചുകാട്ടുന്നത് . . . അനുദിനം വിവേചനയ്ക്കും ദുഷ്പെരുമാറ്റത്തിനും ഇരയാകുന്നതിന്റെ ദുഃഖകരമായ ചിത്രമാണ്.”
ഏതാനും ഉദാഹരണങ്ങളിതാ: മധ്യാഫ്രിക്കയിൽ ബുദ്ധിമുട്ടുള്ള കൃഷിവേലയിൽ അധികവും സ്ത്രീകൾ ചെയ്യണം, ആൺകുട്ടികൾ സ്കൂളിൽ പോകുന്നതിന്റെ മൂന്നിലൊരു സമയമേ അവർ പോകുന്നുള്ളൂ. ഒരു രാജ്യത്ത് സ്ത്രീകൾ വ്യഭിചാരം ചെയ്താൽ അതു നിയമവിരുദ്ധമാണ്, എന്നാൽ പുരുഷൻമാർ ചെയ്താൽ അങ്ങനെയല്ല. മറ്റൊരു ആഫ്രിക്കൻ രാജ്യത്ത് ഭാര്യ വ്യഭിചരിക്കുന്നതായി കണ്ടെത്തിയാൽ അവളെ കൊല്ലുന്നതിന് നിയമം ഭർത്താവിനെ അനുവദിക്കുന്നു, എന്നാൽ സമാനമായ സാഹചര്യത്തിൽ ഭർത്താവിനെ കൊല്ലുന്ന ഒരു ഭാര്യയെ നിയമം വെറുതെവിടുന്നില്ല.
തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിൽ മർദിക്കപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ പൊലീസ് സഹതാപം കാട്ടുന്നില്ലെന്നു റിപ്പോർട്ടു പറയുന്നു. ജോലിക്കുപോകുന്ന സ്ത്രീകൾ മിക്കപ്പോഴും പുരുഷൻമാരെക്കാൾ 30 മുതൽ 40 ശതമാനം കുറഞ്ഞ വേതനം കൊണ്ട് തൃപ്തിപ്പെടണം.
ഏഷ്യയുടെ ഭാഗങ്ങളിൽ സ്ത്രീകൾ നിർബന്ധിത വന്ധ്യംകരണത്തിനും ഗർഭമലസിപ്പിക്കലിനും ഇരകളായിത്തീരുന്നു. ഒരു രാജ്യത്ത് 5,00,000 വേശ്യകളുണ്ട്, പുതിയ വീടുകൾ വാങ്ങാൻ കാശിനുവേണ്ടി മാതാപിതാക്കൾ വിറ്റുകളഞ്ഞവരാണ് അവരിലനേകരും. മറ്റൊരു രാജ്യത്ത് പൊലീസിന് വ്യാപകമായ “സ്ത്രീധന മരണങ്ങളെ”—പ്രതീക്ഷിച്ചത്ര സ്ത്രീധനം ലഭിച്ചില്ലെന്ന കാരണത്താൽ ഭർത്താവോ അയാളുടെ കുടുംബാംഗങ്ങളോ ഭാര്യയെ കൊല്ലുന്നത്—കൈകാര്യം ചെയ്യേണ്ടി വരുന്നു.
യേശുക്രിസ്തുവിനെപ്പറ്റി ബൈബിൾ നമുക്ക് ഇങ്ങനെ ഉറപ്പു നൽകുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും. ദരിദ്രൻമാരുടെ ജീവനെ അവൻ രക്ഷിക്കും അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും. അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.” (സങ്കീർത്തനം 72:12-14) തൻമൂലം നമുക്കു ശുഭാപ്തിവിശ്വാസത്തിനു കാരണമുണ്ട്; അന്നു വരാനിരിക്കുന്ന മെച്ചപ്പെട്ട അവസ്ഥയിലേക്കു ലോകമെമ്പാടുമുള്ള സ്ത്രീകൾക്കു നോക്കിപ്പാർത്തിരിക്കാനാവും.