പുതിയലോക ഭാഷാന്തരം ഒരു പണ്ഡിതനിൽ മതിപ്പുളവാക്കുന്നു
ഗ്രീക്കു സാഹിത്യ പണ്ഡിതനായ ഡോ. റാക്കൽ റെറൻ കാട്ട പറയുന്നതനുസരിച്ച് ഡച്ച് ബൈബിൾ പരിഭാഷകൾ ചില പദങ്ങൾ കൃത്യമായി പരിഭാഷ ചെയ്യുന്നതിൽ പരാജയപ്പെടുന്നു. ദൃഷ്ടാന്തത്തിന്, ലൂക്കോസ് 2-ാം അധ്യായത്തിൽ യേശുവിന്റെ വളർച്ചയുടെ തുടർച്ചയായുള്ള ഘട്ടങ്ങൾ വിശദീകരിക്കുന്നതിന് മൂന്നു വ്യത്യസ്ത ഗ്രീക്കു പദങ്ങൾ (ബ്രീഫോസ്, പൈദീയോൻ, പയസ്) ഉപയോഗിച്ചിരിക്കുന്നതായി നാം കാണുന്നു. ഈ പദങ്ങൾക്കോരോന്നിനും അർഥവ്യത്യാസമുണ്ട്. എന്നിരുന്നാലും, അനേക ബൈബിളുകളിലും ഈ പദങ്ങളിൽ രണ്ടോ അല്ലെങ്കിൽ എല്ലാംതന്നെയോ “ശിശു” എന്ന് അവ്യക്തമായി ഭാഷാന്തരം ചെയ്തിരിക്കുന്നു. കൃത്യമായ പരിഭാഷ എന്താണ്?
12-ാം വാക്യത്തിലെ ഗ്രീക്കു പദമായ ബ്രീഫോസിന്റെ അർഥം “ഒരു നവജാതൻ അഥവാ പൈതൽ” എന്നാണെന്ന് ഡോ. കാട്ട വിശദീകരിക്കുന്നു. 27-ാം വാക്യത്തിലുപയോഗിച്ചിരിക്കുന്ന പൈദീയോൻ എന്ന പദത്തിന്റെ അർഥം “കൊച്ചു ബാലൻ അല്ലെങ്കിൽ കുട്ടി” എന്നാണ്. 43-ാം വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന പയസ് “ബാലൻ” എന്നു ഭാഷാന്തരം ചെയ്യേണ്ടതുണ്ട്. “എന്റെ അറിവനുസരിച്ച്, ഒററ ഡച്ച് പരിഭാഷയും ഈ പദത്തെ വേണ്ടവിധം, അതായത് മൂലകൃതിയുമായി പരിപൂർണ ചേർച്ചയിൽ ഭാഷാന്തരം ചെയ്തിട്ടില്ല” എന്ന് ബാബൽ എൻ വതൻഷാപ് (ബൈബിളും ശാസ്ത്രവും) എന്ന മാസികയുടെ 1993 മാർച്ച് ലക്കത്തിൽ ഡോ. റെറൻ കാട്ട എഴുതി.
പിന്നീട്, ഡച്ച് ഭാഷ ഉൾപ്പെടെ 12 ഭാഷകളിൽ ലഭ്യമായ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം ഡോ. കാട്ടയെ കാണിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രതികരണമോ? “ബ്രീഫോസ്, പൈദീയോൻ, പയസ് എന്നീ മൂന്നു ഗ്രീക്കു പദങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകിയിട്ടുള്ള ഒരു ഡച്ച് ബൈബിൾ ഉണ്ടെന്നതിൽ എനിക്ക് ആശ്ചര്യം തോന്നുന്നു” എന്ന് അദ്ദേഹം പറഞ്ഞു. പുതിയലോക ഭാഷാന്തരം ഈ വാക്യങ്ങൾ മൂല ഗ്രീക്കു വാക്യത്തിനു ചേർച്ചയിൽ പരിഭാഷ ചെയ്യുന്നുണ്ടോ? ഡോ. റെറൻ കാട്ട പ്രതികരിക്കുന്നു: “പരിപൂർണ യോജിപ്പിലാണ്.”