മൊസാമ്പിക്കിൽ “ഉപ്പു വിൽക്കുന്നു”
മൊസാമ്പിക്കിലെ ഒരു രാജ്യ കമ്മിററി അംഗമായ ഫ്രാൻസെസ്കോ കവോന “പുനർവിദ്യാഭ്യാസ” പാളയങ്ങളിൽ പത്തു വർഷം ചെലവഴിച്ചു. അദ്ദേഹം തന്റെ അനുഭവം പറയുന്നു: “ഞങ്ങൾ അവിടെ കുറേ നാളത്തേക്കുണ്ടായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഒരു നിരന്തരപയനിയർ എന്നനിലയിൽ എനിക്കു തുടരാനാകുമോ എന്നു ഞാൻ സർക്കിട്ട് മേൽവിചാരകനോടു ചോദിച്ചു. പാളയങ്ങളിലുള്ള എല്ലാവരുംതന്നെ യഹോവയുടെ സാക്ഷികളായിരുന്ന സ്ഥിതിക്ക് പരസ്യ ശുശ്രൂഷയ്ക്ക് ആവശ്യമായ സമയം എനിക്ക് എങ്ങനെ മാററിവയ്ക്കാനാവുമെന്ന് അദ്ദേഹം ചോദിച്ചു. പ്രസംഗിക്കാൻ ആളുകളെ കണ്ടുമുട്ടുന്നതിന് 47 കിലോമീററർ അകലെയുള്ള ഒരു പട്ടണമായ മെലാഞ്ചിലേക്കു പോകുമെന്നു ഞാൻ പറഞ്ഞു.
“പാളയത്തിൽനിന്നു പുറത്തുപോകാൻ ആധികാരികമായ അനുവാദം ഞങ്ങൾക്കില്ലായിരുന്നെങ്കിലും ആ നിയമം അത്ര കർശനമായി നടപ്പിൽ വരുത്തിയിരുന്നില്ല. പ്രാദേശിക ജനങ്ങളോടു പ്രസംഗിക്കാൻ ഒരു മാർഗത്തിനായി കുററിക്കാട്ടിൽപ്പോയി മുട്ടുകുത്തിനിന്നു പ്രാർഥിക്കുന്നതു ഞാൻ ഓർക്കുന്നു. യഹോവ പെട്ടെന്ന് ഉത്തരമരുളി.
“സ്വന്തമായി ഒരു സൈക്കിൾ ഉണ്ടായിരുന്ന ഒരാളുമായി ഞാൻ ബന്ധപ്പെട്ടു. ഞാൻ അദ്ദേഹവുമായി ഒരു കരാറിൽ ഏർപ്പെട്ടു. മഴക്കാലം തുടങ്ങുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ രണ്ടേക്കർ നിലത്തു കൃഷി ചെയ്തുകൊടുത്താൽ കൂലിയായി ആ സൈക്കിൾ നൽകാമെന്ന് അദ്ദേഹം സമ്മതിച്ചു. അതുകൊണ്ട്, അദ്ദേഹത്തിന്റെ വയലിൽ കൃഷിപ്പണി ചെയ്തുകൊണ്ടു ഞാൻ ഓരോ പ്രഭാതവും ചെലവഴിച്ചു. യഹോവ ഈ ക്രമീകരണത്തെ അനുഗ്രഹിച്ചതുമൂലം ഒടുവിൽ ഞാൻ സൈക്കിൾ സ്വന്തമാക്കി.
“മെലാഞ്ചപ്പട്ടണത്തിൽ പ്രവേശിച്ച് ഫലപ്രദമായ ആ വയലിൽ ഫലകരമായ വിധത്തിൽ എന്റെ പയനിയറിങ് തുടരാൻ കഴിഞ്ഞുവെന്നതായിരുന്നു ഫലം. നമ്മുടെ വേല നിരോധിച്ചിരുന്നതിനാൽ ആളുകൾക്കു സത്യം പങ്കുവയ്ക്കുന്നതിന് എനിക്ക് ഒരു ഉപാധി കണ്ടുപിടിക്കേണ്ടി വന്നു. പുസ്തകങ്ങളും മാസികകളും ഷർട്ടിനുള്ളിൽ കുത്തിത്തിരുകി ഒരു സഞ്ചിയിൽ കുറച്ച് ഉപ്പും നിറച്ച് ഉപ്പു വിൽക്കുന്ന തൊഴിലിൽ ഞാൻ ഏർപ്പെട്ടു. 5 മെറെറക്കൈസിനു വിൽക്കുന്നതിനു പകരം ഞാൻ 15 മെറെറക്കൈസ് അതിനു വില പറഞ്ഞു. (ഉപ്പിന് വളരെ വിലകുറച്ചു കൊടുത്താൽ ആളുകൾ അതു മുഴുവൻ വാങ്ങും, പിന്നെ പ്രസംഗവേല ചെയ്യുന്നതിന് എന്റെ പക്കൽ ഉപ്പ് അവശേഷിക്കാതെ പോകും!) എന്റെ സംഭാഷണം ഏതാണ്ട് ഈ വിധത്തിലായിരുന്നു:
“‘നമസ്കാരം! ഞാൻ ഉപ്പു വിൽക്കാൻ വന്നതാണ്.’
“‘വിലയെന്താ?’
“‘പതിനഞ്ചു മെറെറക്കൈസ്.’
“‘വേണ്ട, വേണ്ട. അതു വില കുറേ കൂടിപ്പോയല്ലോ!’
“അതേ, വില കൂടുതലാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ ഇപ്പോൾ ഇതു കൂടിയ വിലയാണെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ കുറച്ചു കഴിഞ്ഞോട്ടെ, അപ്പോൾ ഇതിലും വളരെയധികം വിലക്കൂടുതലായിരിക്കും. ബൈബിളിൽ ഇതേപ്പററി മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതു നിങ്ങൾക്കറിയാമോ?
“‘ഞാൻ എന്റെ ബൈബിളിൽ അത് ഒരിക്കലും വായിച്ചിട്ടില്ല.’
“‘ഉവ്വ്, അതിൽ അങ്ങനെ പറയുന്നുണ്ട്. നിങ്ങളുടെ ബൈബിൾ കൊണ്ടുവരൂ, ഞാൻ കാണിച്ചു തരാം.’
“അങ്ങനെ അയാളുടെ ബൈബിൾ ഉപയോഗിച്ചുകൊണ്ട് ഒരു സംഭാഷണത്തിൽ ഏർപ്പെടുകയായി. എന്റെ ബൈബിൾ എന്റെ പോക്കററിലും കിടക്കും. ദുർഘട സമയങ്ങളെയും ഭക്ഷ്യദൗർലഭ്യങ്ങളെയും പരാമർശിക്കുന്ന വെളിപാട് 6-ാം അധ്യായം ഞാൻ പരാമർശിക്കും. അനുകൂലമായ ഒരു പ്രതികരണം നിരീക്ഷിക്കുന്നപക്ഷം, നിത്യജീവനിലേക്കു നയിക്കുന്ന സത്യം അല്ലെങ്കിൽ സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ പുറത്തെടുത്ത് ശരിക്കുള്ള ഒരു ബൈബിളധ്യയനം തുടങ്ങും.
“മെലാഞ്ചയിൽ താത്പര്യക്കാരായ 15 പേരടങ്ങുന്ന ഒരു കൂട്ടത്തിനു തുടക്കമിടാൻ എനിക്കു കഴിഞ്ഞുവെന്നതായിരുന്നു ഫലം. എന്നാൽ അധികം താമസിയാതെ അധികാരികൾക്കു ഞങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അറിവു ലഭിച്ചു. ഒരു ദിവസം ഞാൻ ബൈബിളധ്യയനം നടത്തിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്നു പൊലീസ് വീടിനുള്ളിൽ കടന്നു ഞങ്ങളെ അറസ്ററു ചെയ്തു. കുടുംബത്തിലെ കൊച്ചുകുട്ടികളുൾപ്പെടെ ഞങ്ങളെയെല്ലാവരെയും പ്രാദേശിക ജയിലിലേക്കു കൊണ്ടുപോയി. ഒരു മാസം അവിടെ ചെലവഴിച്ചുകഴിഞ്ഞ് ഞങ്ങളെയെല്ലാവരെയും പാളയത്തിലേക്കു തിരികെ അയച്ചു.”
ഈ അനുഭവങ്ങൾ നമ്മുടെ സഹോദരങ്ങളുടെ തീക്ഷ്ണതയ്ക്കു മങ്ങലേൽപ്പിച്ചില്ല. നേരേമറിച്ച്, ഫ്രാൻസസ്കോയും അദ്ദേഹത്തിന്റെ കുടുംബവും പാളയത്തിലുണ്ടായിരുന്ന ആയിരക്കണക്കിനു മററു സഹോദരങ്ങളോടൊപ്പം ഇപ്പോൾ മൊസാമ്പിക്കിൽ സ്വതന്ത്ര ചുററുപാടുകളിൽ ആരാധനയും പ്രസംഗവേലയും നടത്തുകയാണ്.