മതം—ഒരു വിലക്കപ്പെട്ട വിഷയമോ?
“ഞാൻ ഒരിക്കലും ചർച്ചചെയ്യാത്ത രണ്ടു വിഷയങ്ങളുണ്ട്: മതവും രാഷ്ട്രീയവും!” യഹോവയുടെ സാക്ഷികൾ മററുള്ളവരോടു ബൈബിളിനെക്കുറിച്ചു സംസാരിക്കുമ്പോൾ ആളുകളുടെ പ്രതികരണം പലപ്പോഴും അങ്ങനെയാണ്. ആ വീക്ഷണഗതി മനസ്സിലാക്കാവുന്നതേയുള്ളൂ.
ആളുകൾ രാഷ്ട്രീയത്തെക്കുറിച്ചു സംവാദത്തിലേർപ്പെടുമ്പോൾ, ഫലം പലപ്പോഴും ദേഷ്യവും കലഹവുമൊക്കെയാവും. പൊള്ളയായ വാഗ്ദാനങ്ങൾക്കൊന്നും പലരെയും പററിക്കാനാവില്ല. തന്നെയുമല്ല, മിക്കപ്പോഴും രാഷ്ട്രീയക്കാരുടെ ലക്ഷ്യം അധികാരവും പ്രശസ്തിയും ധനവും മാത്രമാണെന്ന് അനേകർക്കു മനസ്സിലാകുകയും ചെയ്യും. ദുഃഖകരമെന്നു പറയട്ടെ, രാഷ്ട്രീയ ഭിന്നതകൾ ചിലപ്പോഴൊക്കെ അക്രമത്തിലേക്കു നയിക്കുന്നു.
‘എന്നാൽ മതത്തെ സംബന്ധിച്ചും ഇതു തന്നെയല്ലേ സ്ഥിതി? മതതീക്ഷ്ണത ആധുനികനാളിലെ പല സംഘട്ടനങ്ങൾക്കും തിരികൊളുത്തിയിട്ടില്ലേ?’ എന്നു നിങ്ങൾ ന്യായവാദം ചെയ്തേക്കാം. ഉത്തര അയർലൻഡിൽ റോമൻ കത്തോലിക്കരും പ്രൊട്ടസ്ററൻറുകാരും ചേരിതിരിഞ്ഞു തമ്മിലടിക്കുന്നു. ബാൾക്കൻ സംസ്ഥാനങ്ങളിൽ പൂർവ ഓർത്തഡോക്സ് സഭയും റോമൻ കത്തോലിക്കരും മററുള്ളവരും പ്രദേശത്തിനുവേണ്ടി പോരാടുന്നു. ഫലമോ? അനർഥങ്ങളും ഒടുങ്ങാത്ത പകയും.
പ്രാണഭയം നിമിത്തം അനേകരും തങ്ങളുടെ വ്യക്തിപരമായ വിശ്വാസങ്ങളെയും കുടുംബാംഗങ്ങളുടെ വിശ്വാസങ്ങളെയും കുറിച്ചു മിണ്ടാറേയില്ല. ആഫ്രിക്കയിൽ ക്രൈസ്തവർക്കും മററു വിദേശമതക്കാർക്കും വംശീയ മതങ്ങൾക്കുമിടയിൽ മതവൈരം നൂററാണ്ടുകളായി നിലനിന്നുപോരുന്നു. അതുകൊണ്ട് ഒരു പരിധിവരെ സുരക്ഷിതത്വം കണക്കിലെടുത്തുകൊണ്ട് ഗോത്രമതക്കാർ മക്കൾക്ക് രണ്ടു പേരുകൾ ഇടുന്നു. ഈ രീതി ഇപ്പോഴും തുടരുന്നുണ്ട്. അങ്ങനെ, അലി ജോൺ എന്നോ ജയിംസ് മുഹമ്മദ് എന്നോ പേരുള്ള ഒരു ബാലന് സൗകര്യപൂർവം ഏതെങ്കിലുമൊരു പേരു പറഞ്ഞ് താനൊരു പള്ളിക്കാരനാണെന്നോ മറേറതെങ്കിലും മതക്കാരനാണെന്നോ ഉള്ള പ്രതീതിയുണ്ടാക്കാം. ഒരു വ്യക്തിയുടെ മതവിശ്വാസങ്ങൾ ജീവനു ഭീഷണി ഉയർത്തുമ്പോൾ അയാൾ മതത്തെക്കുറിച്ചു പരസ്യമായി ചർച്ചചെയ്യാൻ മടിവിചാരിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.
ജീവനു ഭീഷണിയില്ലെങ്കിലും ചിലർക്ക് അപ്പോഴും മതം ഒരു വിലക്കപ്പെട്ട വിഷയംതന്നെ. മറെറാരു മതത്തിൽപ്പെട്ട ഒരാളുമായി വിശ്വാസങ്ങൾ സംബന്ധിച്ചു ചർച്ചചെയ്യുന്നത് എങ്ങുമെത്താത്ത വാദപ്രതിവാദത്തിലേ കലാശിക്കുകയുള്ളൂവെന്നാണ് അവരുടെ ഭയം. ഇനി വേറെ ചിലരുണ്ട്. സകല മതങ്ങളും നല്ലതാണെന്ന പക്ഷക്കാരാണ് അവർ. ഒരുവന്റെ വിശ്വാസം അവനു തൃപ്തികരമായിരിക്കുന്നിടത്തോളംകാലം വ്യത്യസ്തതയെക്കുറിച്ചു സംസാരിക്കുന്നതു പാഴ്വേലയാണെന്നാണ് അവർ വിശ്വസിക്കുന്നത്.
മതത്തിന്റെ അന്തസ്സത്തയെക്കുറിച്ചു പഠിക്കുന്ന കാര്യഗൗരവമുള്ള വിദ്യാർഥികളുടെ ഇടയിൽപ്പോലും അഭിപ്രായ ഐക്യമില്ല. “മതങ്ങളുടെ തരംതിരിച്ചുള്ള പഠനം” എന്ന ലേഖനഭാഗത്ത് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ സമ്മതിച്ചുപറയുന്നു: “. . . [മത]ത്തിന്റെ അന്തസ്സത്തയെക്കുറിച്ചു പണ്ഡിതൻമാർക്കിടയിൽ അപൂർവമായേ അഭിപ്രായ ഐക്യം ഉണ്ടായിട്ടുള്ളൂ . . . അങ്ങനെ ചരിത്രത്തിലുടനീളം ഈ വിഷയം പലവിധ വിവാദങ്ങൾ ഉയർത്തി.”
“പ്രപഞ്ചത്തിന്റെ സ്രഷ്ടാവും ഭരണകർത്താവുമായി അംഗീകരിക്കപ്പെടുന്ന ഒരു അമാനുഷിക ശക്തിയിലുള്ള മമനുഷ്യന്റെ വിശ്വാസത്തിന്റെയും അതിനോടുള്ള ഭക്തിയുടെയും പ്രകടനം” എന്നാണ് ഒരു നിഘണ്ടു മതത്തെ നിർവചിക്കുന്നത്. ഇതുകൊണ്ടുതന്നെ ജീവിതത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നായിമാറുന്നു മതം. നിശ്ചയമായും, മനുഷ്യചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ മതം സകലയിടത്തും ഒരു ഘടകമായിരുന്നിട്ടുണ്ട്. ഓക്സ്ഫോർഡ് ഇല്ലസ്ട്രേററഡ് എൻസൈക്ലോപീഡിയ ഓഫ് പീപ്പിൾസ് ആൻഡ് കൾച്ചേഴ്സ് ഇങ്ങനെ രേഖപ്പെടുത്തുന്നു: “മതത്തിന്റെ ഏതെങ്കിലും ഒരു രൂപത്തിലൂടെ ജീവിതത്തിന് അർഥവും ക്രമവും കൊടുക്കാൻ ശ്രമിക്കാത്ത ഒരു സമൂഹവും ഉണ്ടായിരുന്നിട്ടില്ല.” ജീവിതത്തിന്റെ “ക്രമ”വും “അർഥ”വുംപോലുള്ള അടിസ്ഥാന സംഗതികൾ ഉൾപ്പെടുന്നതിനാൽ, കേവലം വാദപ്രതിവാദത്തിലോ സംവാദത്തിലോ മാത്രം ഒതുങ്ങിക്കൂടേണ്ടതല്ല മതം. മറിച്ച്, അതു മററാരെങ്കിലുമൊത്തുള്ള ചർച്ച—കൂലങ്കഷമായ പരിചിന്തനം—അർഹിക്കുന്നു. എന്നാൽ ആരുമൊത്ത്, അതുകൊണ്ടുള്ള മെച്ചമെന്ത്?