“സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം”
ചരിത്രത്തിലുടനീളം ദൈവത്തിന്റെ വിശ്വസ്ത ദാസൻമാർ തീവ്രമായ വൈകാരിക സമ്മർദത്തിന്റെ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. നാം ഇന്ന് “ഇടപെടാൻ പ്രയാസമേറിയ സമയങ്ങളിൽ” ജീവിക്കുന്ന സ്ഥിതിക്ക് ഇത് എത്രയധികം വാസ്തവമാണ്! (2 തിമോത്തി 3:1, NW) തങ്ങളുടെ ഉത്കണ്ഠകൾ പ്രാർഥനയിലൂടെ യഹോവയുടെമേൽ ഇടുന്നതിന് അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ ബുദ്ധ്യുപദേശിച്ചു. ഫലമോ? “സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.”—ഫിലിപ്പിയർ 4:7.
“ദൈവ സമാധാനം” എന്നത് എന്താണ്? അത് സ്രഷ്ടാവുമായുള്ള ഉററബന്ധത്തിന്റെ ഫലമായി ഉളവാകുന്ന ശാന്തതയാണ്. നമ്മെ നേരിടുന്ന ഞെരുക്കങ്ങൾ എന്തുതന്നെയായാലും അത്തരം ആത്മബന്ധം യഹോവ “തന്റെ ജനത്തെ തള്ളിക്കളയുകയില്ല; തനിക്ക് അവകാശപ്പെട്ടവരെ ഉപേക്ഷിക്കുകയില്ല” എന്ന ആത്മവിശ്വാസം നമുക്കു പകരുന്നു.—സങ്കീർത്തനം 94:14, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
നാം ആപത്തിൽനിന്നു വിമുക്തരാണെന്ന് ഇതിനർഥമില്ല. “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു” എന്നു സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 34:19) എന്നാൽ ദൈവ സമാധാനത്തിന് ആശ്വാസം കൈവരുത്താൻ കഴിയും. എങ്ങനെ?
ദൈവ സമാധാനം “സകല ബുദ്ധിയേയും കവിയും” അഥവാ കൺകോർഡൻറ് വേർഷനിൽ പ്രതിപാദിച്ചിരിക്കുന്നപ്രകാരം അത് “സകല മനോനിലയെക്കാളും ഉന്നതമാണ്” എന്ന് പൗലോസ് എഴുതി. നാം പലവിധ വൈകാരിക സമ്മർദങ്ങളും അനുഭവിക്കാൻ ഉത്കണ്ഠ ഇടയാക്കിയേക്കാം. (സഭാപ്രസംഗി 7:7) എങ്കിലും ദൈവ സമാധാനത്തിനു നമ്മെ ബലപ്പെടുത്താൻ കഴിയും, പ്രത്യേകിച്ച്, നമുക്ക് “സാധാരണയിൽ കവിഞ്ഞശക്തി” ആവശ്യമുള്ളപ്പോൾ.—2 കൊരിന്ത്യർ 4:7, NW; 2 തിമൊഥെയൊസ് 1:7.
കൂടാതെ, ദൈവ സമാധാനം ഒരു സംരക്ഷണമാണ്. അപ്പോസ്തലനായ പൗലോസ് ഫിലിപ്യർക്ക് എഴുതിയപോലെ അതിനു “നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാക്കു”ന്നതിനു കഴിയും. “കാക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം ഒരു മിലിട്ടറി പദപ്രയോഗമാണ്. അത് രാപകൽ കാവൽ നിന്നിരുന്ന ഒരു കാവൽക്കാരന്റെ ചിത്രം മനസ്സിൽ ഉണർത്തിയേക്കാം. സമാനമായവിധത്തിൽ നമ്മുടെ ഹൃദയങ്ങളുടെയും മാനസിക ശക്തികളുടെയുംമേൽ 24 മണിക്കൂർ നേരം കാവൽനിൽക്കുന്ന ഒന്നായി ദൈവ സമാധാനത്തിനു പ്രവർത്തിക്കാൻ കഴിയും.—1 കൊരിന്ത്യർ 10:13; താരതമ്യം ചെയ്യുക: എഫെസ്യർ 4:26.
നാം ഇന്ന് അനുഭവിക്കുന്ന സമ്മർദപൂർണമായ വെല്ലുവിളികളുടെ വീക്ഷണത്തിൽ ദൈവ സമാധാനത്തിനുവേണ്ടി നാം നന്ദിയുള്ളവരായിരിക്കേണ്ടതല്ലേ?—സങ്കീർത്തനം 18:2; താരതമ്യം ചെയ്യുക: പുറപ്പാടു 40:38.