“സത്യക്രിസ്ത്യാനികൾ അങ്ങനെവേണം പെരുമാറാൻ”
ആർബിററ് മക്ത് റേറാററ്—ഐൻ യൂജെൻഡ് ഔഷ്വിററ്സ് (തൊഴിൽ നിങ്ങളെ കൊല്ലുന്നു—ഔഷ്വിററ്സിലെ യൗവനനാളുകൾ) എന്ന 1990-ലെ തന്റെ പുസ്തകത്തിൽ ഔഷ്വിററ്സ് അതിജീവകനായ ററീബോർ വോൾ താൻ യാദൃച്ഛികമായി കേൾക്കാൻ ഇടയായ, രണ്ടു തടവുപുള്ളികൾ തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തുന്നു. അവരിൽ ഓസ്ട്രിയയിൽനിന്നുള്ള ഒരാൾ “അവിശ്വാസി”യെന്ന് അവകാശപ്പെട്ടു. എന്നിട്ടും പർപ്പിൾ ട്രയാങ്കിൾ ബാഡ്ജ് ധരിച്ച തടവുപുള്ളികളെക്കുറിച്ച്—തടങ്കൽപ്പാളയത്തിൽ ബൈബിൾ വിദ്യാർഥികളെന്നു വിളിച്ചിരുന്ന യഹോവയുടെ സാക്ഷികളെക്കുറിച്ച്—അയാൾ പുകഴ്ത്തിപ്പറഞ്ഞു.
ആ ഓസ്ട്രിയക്കാരൻ തന്റെ സുഹൃത്തിനോടു പറഞ്ഞു: “അവർ യുദ്ധംചെയ്യാൻ പോവില്ല. കൊല്ലപ്പെട്ടാലുംവേണ്ടില്ല മറെറാരാളെ അവർ കൊല്ലുകയില്ല. എന്റെ അഭിപ്രായത്തിൽ സത്യക്രിസ്ത്യാനികൾ അങ്ങനെവേണം പെരുമാറാൻ. അവരോടൊപ്പമായിരുന്നപ്പോൾ എനിക്കുണ്ടായ ഹൃദ്യമായ ഒരു സംഭവം താങ്കളോടു പറഞ്ഞേ തീരൂ. സ്ററുററ്ഹോഫിലെ പാളയത്തിൽ യഹൂദരും ബൈബിൾ വിദ്യാർഥികളും ഞങ്ങളുമെല്ലാം ഒരുമിച്ച് ഒരേ കെട്ടിടത്തിലായിരുന്നു. അക്കാലത്ത് മരംകോച്ചുന്ന തണുപ്പത്ത് തുറസ്സായ സ്ഥലങ്ങളിൽ ബൈബിൾ വിദ്യാർഥികൾക്ക് നിർബന്ധിത തൊഴിൽ ചെയ്യേണ്ടതായി വന്നിരുന്നു. അവർ അതിജീവിച്ചതെങ്ങനെയെന്നു ഞങ്ങൾക്കു മനസ്സിലാക്കാനേ കഴിഞ്ഞില്ല. യഹോവ തങ്ങൾക്കു ശക്തിയേകിയെന്നാണ് അവർ പറഞ്ഞത്. അവരെ പട്ടിണിക്കിട്ടതിനാൽ എങ്ങനെയെങ്കിലും ഭക്ഷണം കിട്ടിയേ മതിയാവൂ എന്ന സ്ഥിതിയിലായിരുന്നു അവർ. എന്നാൽ അവർ ചെയ്തതോ? തങ്ങളുടെ പക്കലുണ്ടായിരുന്ന ഭക്ഷണമെല്ലാം തൊരുക്കൂട്ടി അതിന്റെ നേർ പകുതി കൊല്ലുന്ന വിശപ്പോടെ മററു പാളയങ്ങളിൽനിന്ന് എത്തിച്ചേർന്ന തങ്ങളുടെ ആത്മീയ സഹോദരങ്ങൾക്കു നൽകി. അവരെ സ്വാഗതം ചെയ്യുകയും ആലിംഗനം ചെയ്യുകയും ചെയ്തു. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് അവർ പ്രാർഥിച്ചു. പിന്നീട് അവരുടെ മുഖങ്ങളിൽ സന്തോഷം പ്രസരിച്ചു. തങ്ങളുടെയെല്ലാം വിശപ്പടങ്ങിയെന്ന് അവർ പറഞ്ഞു. നിങ്ങൾക്കറിയോ, അപ്പോൾ ഞാൻ സ്വയം പറഞ്ഞു ‘ഇതാണു സത്യക്രിസ്ത്യാനികൾ.’ അവർ അങ്ങനെയായിരിക്കണമെന്നായിരുന്നു എപ്പോഴും എന്റെ ഭാവനയും. ഇവിടെ, ഔഷ്വിററ്സിൽ പട്ടിണികിടക്കുന്ന സഖാക്കൾക്ക് അത്തരം സ്വാഗതമരുളിയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ!”