ദുഷ്ടൻമാർ അഭിവൃദ്ധിപ്പെടുന്നത് എന്തുകൊണ്ട്?
“ദുഷ്ടൻമാർ ജീവിച്ചിരിക്കുന്നത് എന്തുകൊണ്ട്?” വളരെക്കാലം മുമ്പ് വിശ്വസ്തനായ ഇയ്യോബ് ഈ ചോദ്യം ഉന്നയിച്ചു. അദ്ദേഹത്തിന്റെ നാളുമുതൽ ഇന്നോളം ആ ചോദ്യം പലതവണ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഇത് ദാരുണമായ യുദ്ധത്തിൽ കഷ്ടപ്പെടുന്നവരെ ഓർത്തു കണ്ണീർപൊഴിക്കുന്ന മുൻ യൂഗോസ്ലാവ്യ പ്രദേശത്തുള്ള അനേകം ആളുകളുടെ (ഞങ്ങളുടെ മാസികയുടെ പുറം താളിൽ കാണിച്ചിരിക്കുന്ന സ്ത്രീയെപ്പോലെ) മനസ്സുകളിൽ നിറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. എന്തുകൊണ്ടാണു ദുഷ്ടൻമാർ അതിജീവിക്കുകയും അഭിവൃദ്ധിപ്പെടുകപോലും ചെയ്യുന്നത്? ഇയ്യോബ് പറഞ്ഞപ്രകാരം: “അവരുടെ ഭവനങ്ങൾ ഭയമറിയാതെ സുരക്ഷിതമായിരിക്കുന്നു. ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ പതിച്ചിട്ടില്ല.”—ജോബ് 21:7, 9, പി.ഒ.സി. ബൈബിൾ.
ദൈവത്തെ സേവിക്ക, അയൽക്കാരെ സ്നേഹിക്ക, തെററു ചെയ്യുന്നതിൽനിന്നും ഒഴിഞ്ഞിരിക്ക എന്നിവകൊണ്ടു യാതൊരു പ്രയോജനവുമില്ലെന്ന് ഇത് അർഥമാക്കുന്നുണ്ടോ? ഒരിക്കലുമില്ല! “ദുഷ്പ്രവൃത്തിക്കാരെ അതിക്രമിക്കാൻ മുതിരുകയോ തെററുചെയ്യുന്നവരോടു കിടപിടിക്കുകയോ ചെയ്യരുത്. കാരണം അവർ പുല്ലുപോലെ പെട്ടെന്ന് ഉണങ്ങിപ്പോകും, വസന്തകാലത്തെ പച്ചസസ്യംപോലെ വാടിപ്പോകും. കർത്താവിൽ ആശ്രയിച്ച് നൻമ ചെയ്യുക” എന്നു പറഞ്ഞുകൊണ്ടു ശരിയായ വീക്ഷണം ബൈബിൾ നമുക്കു നൽകുന്നു.—സങ്കീർത്തനം 37:1-3, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
അതേ, ദുഷ്ടൻമാർക്കുള്ളതായി കാണപ്പെടുന്ന അഭിവൃദ്ധി വെറും താത്ക്കാലികമാണ്. വാസ്തവത്തിൽ, അവരുടെ ജീവകാലം വളരെ ഹ്രസ്വമാണ്. എന്നാൽ ദൈവത്തെ സേവിക്കുന്നവർക്ക് മഹത്തായ ഭാവിപ്രത്യാശയുണ്ട്. “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” എന്ന ദൈവത്തിന്റെ വാഗ്ദത്തം പെട്ടെന്നുതന്നെ നിറവേറും. (വെളിപ്പാടു 21:4, 5) നീതിമാൻമാർ മാത്രമേ ആ സമയം കാണുകയുള്ളൂ. ദുഷ്ടൻമാർ കാണുകയില്ല. നമുക്കു ചുററുമുള്ളവർ എത്ര ദുഷ്ടരായാലും, ദൈവത്തോട് അടുത്തുചെല്ലുന്നതിനും അവന്റെ ഇഷ്ടം ചെയ്യാൻ പഠിക്കുന്നതിനും ഇത് എന്തോരു പ്രോത്സാഹനമാണ്!
നിങ്ങൾ കൂടുതലായ വിവരങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, അല്ലെങ്കിൽ ആരെങ്കിലും നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്തുന്നതിനു നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി Watch Tower, H-58 Old Khandala Road, Lonavla 410401, Mah., India-യിലേക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.