ദയാപുരസ്സരമായ ഒരു വാക്കിന്റെ ശക്തി
“ഉത്ക്കണ്ഠയാൽ കുനിഞ്ഞുപോയ ഒരു ഹൃദയം, ദയാപുരസ്സരമായ ഒരു വാക്കിന് അതിനെ എത്ര ഉൻമേഷപ്രദമാക്കാൻ കഴിയും!”—സദൃശവാക്യങ്ങൾ 12:25, Knox.
ക്രിസ്ത്യാനികൾ ആപത്തിൽനിന്ന് ഒഴിവുള്ളവരല്ല. “ഇടപെടാൻ പ്രയാസമുള്ള ദുർഘടസമയങ്ങ”ളിൽ ജീവിക്കുന്നതുകൊണ്ട് അവർക്കു ചിലപ്പോഴൊക്കെ ഉത്ക്കണ്ഠ അനുഭവപ്പെടുന്നു.—2 തിമൊഥെയോസ് 3:1, NW.
അത്തരം വിപത്തു സഹിക്കുമ്പോൾ ഒരു വിശ്വസ്ത സുഹൃത്തിൽനിന്നു ദയയുള്ള വാക്കുകൾ കേൾക്കുന്നത് എന്തൊരു അനുഗ്രഹമാണ്! “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായിത്തീരുന്നു”, എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 17:17) വിശ്വസ്തനായ ഇയ്യോബ് അത്തരത്തിലുള്ള ഒരു സ്നേഹിതനായി അറിയപ്പെട്ടിരുന്നു. എലീഫസ് പോലും അവനെക്കുറിച്ചു പറഞ്ഞു: “ആരെങ്കിലും ഇടറുകയോ ക്ഷീണിക്കുകയോ തളരുകയോ ചെയ്തപ്പോൾ, നിന്റെ വാക്കുകൾ അവരെ നിലനിൽക്കാൻ പ്രോത്സാഹിപ്പിച്ചു.”—ഇയ്യോബ് 4:4, ററുഡേസ് ഇംഗ്ലീഷ് വേർഷൻ.
എന്നിരുന്നാലും, ഇയ്യോബിനുതന്നെ പ്രോത്സാഹനം ആവശ്യമായി വന്നപ്പോൾ എലീഫസും അവന്റെ കൂട്ടുകാരും ദയാവാക്കുകൾ ഉച്ചരിച്ചില്ല. അവന് ഏതെങ്കിലും രഹസ്യ തെററുകൾ ഉണ്ടായിരിക്കണം എന്നു സൂചിപ്പിച്ചുകൊണ്ട് ആപത്തിന് അവർ ഇയ്യോബിനെ കുററപ്പെടുത്തി. (ഇയ്യോബ് 4:8) ദി ഇൻറർപ്രട്ടേഴ്സ് ബൈബിൾ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഇയ്യോബിന്റെ ആവശ്യം ഒരു മനുഷ്യഹൃദയത്തിന്റെ അനുകമ്പയാണ്. അവനു ലഭിക്കുന്നതു തീർത്തും ‘ശരി’യും തീർത്തും മനോഹരവും ആയ മത ശൈലികളുടെയും തത്ത്വവചനങ്ങളുടെയും പരമ്പരയാണ്.” എലീഫസിന്റെയും അവന്റെ കൂട്ടുകാരുടെയും സംസാരം കേട്ട് ഇയ്യോബ് വളരെ സംക്ഷുബ്ധനായിത്തീർന്നതുകൊണ്ട്, “നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും?” എന്നു കരഞ്ഞുകൊണ്ടു പറയാൻ ഇയ്യോബ് നിർബ്ബന്ധിതനായി.—ഇയ്യോബ് 19:2.
നമ്മുടെ ചിന്താശൂന്യമായ നിർദയ വാക്കുകൾ നിമിത്തം ദൈവത്തിന്റെ ഒരു സഹദാസൻ ദുഃഖത്തോടെ നിലവിളിക്കാൻ നാം ഒരിക്കലും ഇടയാക്കരുത്. (താരതമ്യം ചെയ്യുക: ആവർത്തനപുസ്തകം 24:15.) ഒരു ബൈബിൾ സദൃശവാക്യം മുന്നറിയിപ്പു നൽകുന്നു: “നിങ്ങൾ പറയുന്നതിനു ജീവനെ രക്ഷിക്കാനോ നശിപ്പിക്കാനോ കഴിയും; അതുകൊണ്ടു നിങ്ങൾ നിങ്ങളുടെ വാക്കുകളുടെ ഫലം അനുഭവിക്കണം.”—സദൃശവാക്യങ്ങൾ 18:21, TEV.
സംസാരത്തിന്റെ ശക്തി തിരിച്ചറിഞ്ഞ്, നമുക്ക് അപ്പോസ്തലനായ പൗലോസിന്റെ ദൃഷ്ടാന്തം പിൻപററാം. മക്കെദോന്യയിൽ ആയിരുന്നപ്പോൾ അവൻ “അവിടെ ഉള്ളവരെ പല വാക്കുകളാലും പ്രോത്സാഹിപ്പിക്കു”കയായിരുന്നു.—പ്രവൃത്തികൾ 20:2, NW.