ഒരു പ്രത്യേക അർഥമുള്ള ആലേഖനം
“യെഹോവ സിററ് ററീബീ കുസ്റേറാസ്”
പൂർവ സ്വിററ്സർലൻഡിലെ സെലറിനയിൽ 17-ാം നൂററാണ്ടിലെ ഒരു വീടിന്റെ മുൻവശത്തെ മതിലിൻമേൽ പതിച്ചിട്ടുള്ളതാണ് ഈ വാക്കുകൾ. “യഹോവ നിങ്ങളുടെ സംരക്ഷകനായിരിക്കട്ടെ” എന്നാണ് ആ വാക്കുകളുടെ അർഥം. ഈ മലമ്പ്രദേശത്ത്, നൂററാണ്ടുകൾ പഴക്കമുള്ള വീടുകൾ, പള്ളികൾ, പള്ളിമേടകൾ എന്നിവയിൽ, കൊത്തിയ രൂപത്തിലോ പെയിൻറടിച്ച രൂപത്തിലോ ദൈവനാമം കാണുകയെന്നത് അസാധാരണ സംഗതിയല്ല. യഹോവ എന്ന നാമം ഇത്രമാത്രം അറിയപ്പെടാനിടയായത് എങ്ങനെയാണ്?
(ഇപ്പോഴത്തെ ജർമനിയുടെ തെക്കുകിഴക്കൻ ഭാഗം, ഓസ്ട്രിയ, പൂർവ സ്വിററ്സർലൻഡ് എന്നിവയുൾപ്പെട്ട) പുരാതന റീഷിയ പൊ.യു.മു. [പൊതുയുഗത്തിനുമുമ്പ്] 15-ൽ ഒരു റോമൻ പ്രവിശ്യയായിത്തീർന്നു. അങ്ങനെ അവിടത്തെ നിവാസികൾ ലത്തീൻ ഭാഷയിൽ അധിഷ്ഠിതമായ റോമാൻഷ് സംസാരിക്കാനിടയായി. ഈ ഭാഷയിൽനിന്ന് ഉടലെടുത്ത ഭാഷാഭേദങ്ങൾ പലതും സ്വിററ്സർലൻഡിലെ ആൽപൈൻ താഴ്വരയിൽ ചിലയിടങ്ങളിലും വടക്കേ ഇററലിയിലും ഇപ്പോഴും സംസാരിക്കപ്പെടുന്നുണ്ട്.
കാലക്രമേണ, ബൈബിളിന്റെ ഭാഗങ്ങൾ റോമാൻഷിലേക്കു പരിഭാഷപ്പെടുത്തി. ബിബ്ലിയ പിററ്ഷ്നാ എന്ന ഒരു പതിപ്പിൽ സങ്കീർത്തനങ്ങളും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളും ഉണ്ടായിരുന്നു. 1666-ൽ പ്രസിദ്ധീകരിച്ച ഈ ബൈബിളിന്റെ സങ്കീർത്തനങ്ങളിൽ ഉടനീളം യെഹോവ എന്ന നാമം പല പ്രാവശ്യം പ്രത്യക്ഷപ്പെട്ടിരുന്നു. വീടുകളിൽ വായനയ്ക്കുള്ള മുഖ്യ പുസ്തകം ബൈബിൾ ആയിരുന്നതുകൊണ്ട്, ബിബ്ലിയ പിററ്ഷ്നായുടെ വായനക്കാർക്കു സ്രഷ്ടാവിന്റെ നാമം സുപരിചിതമായിത്തീർന്നു.
എന്നാൽ, പിന്നീട് വന്ന തലമുറകൾക്കൊന്നും ബൈബിൾപരമായ വിഷയങ്ങളിൽ താത്പര്യമുണ്ടായില്ല. “യെഹോവ” എന്ന വാക്കിന്റെ അർഥം അന്വേഷിക്കാനൊന്നും പലരും കൂട്ടാക്കിയില്ല. അതു വിശദീകരിക്കാൻ പുരോഹിതവർഗം ഒട്ടു ശ്രമിച്ചതുമില്ല. അതുകൊണ്ട്, കഴിഞ്ഞുപോയ യുഗത്തിന്റെ അലങ്കാര സവിശേഷതകൾ മാത്രമായി ഈ ആലേഖനങ്ങൾ.
ഈ അടുത്ത പതിററാണ്ടുകളിലായി, ഇവിടത്തെ ധാരണകളിലൊക്കെ കാര്യമായ മാററങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വിററ്സർലൻഡിന്റെ താഴ്ന്ന പ്രദേശത്തുനിന്ന് ഈ മനോഹരമായ താഴ്വരകളിലേക്ക് അവധിക്കാലം ചെലവഴിക്കാൻ എത്തുന്ന യഹോവയുടെ സാക്ഷികൾ സ്ഥലവാസികളെ യഹോവ എന്ന നാമമുള്ള ദൈവത്തെക്കുറിച്ച് പഠിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ചില സാക്ഷികൾ ഇവിടെ വന്നു പാർക്കുകപോലും ചെയ്യുന്നു. അതുകൊണ്ട്, ഭൂമിക്കും മനുഷ്യനുംവേണ്ടിയുള്ള സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ആളുകളോടു സംസാരിച്ചുകൊണ്ട് അവർക്ക് കൂടുതൽ സമയം ചെലവിടാൻ സാധിക്കുന്നു. അങ്ങനെ, ആളുകൾ സത്യദൈവമായ യഹോവയെക്കുറിച്ചു പഠിക്കാൻ തുടങ്ങിയതോടെ ഈ പുരാതന റോമാൻഷ് ലിഖിതങ്ങൾക്ക് ഇപ്പോൾ പ്രാമുഖ്യത കൈവരുകയാണ്.
[32-ാം പേജിലെ ചിത്രം]
യെഹോവ പോർഷിയോ മേയാ: യഹോവ എന്റെ ഓഹരിയാകുന്നു—സങ്കീർത്തനം 119:57 കാണുക