മരണപരമ്പരയിൽ കലാശിച്ച ജൻമദിനാഘോഷങ്ങൾ
കേവലം നിരുപദ്രവകരമായ ഒരു ആചാരമായാണ് മിക്കയാളുകളും ജനമദിനാഘോഷത്തെ കരുതുന്നത്. എന്നാൽ ആശാവഹമായ അത്തരമൊരു ചിത്രമല്ല ഈ പാരമ്പര്യത്തെക്കുറിച്ചു ബൈബിൾ തരുന്നത്. ദൈവത്തിന്റെ വിശ്വസ്ത ദാസൻമാരിൽ ആരെങ്കിലും ജൻമദിനം ആഘോഷിച്ചതിന്റെ ഒരു സൂചനയും തിരുവെഴുത്തുകളിൽ ഇല്ല എന്നതുതന്നെ ഒരു കാരണം.
ബൈബിൾ രണ്ടു ജൻമദിനങ്ങളെക്കുറിച്ചേ സൂചിപ്പിക്കുന്നുള്ളൂ. അതാകട്ടെ, ദൈവത്തിന്റെ ശത്രുക്കളായ ഭരണാധിപൻമാരുടേതും. രണ്ട് ആഘോഷങ്ങളിലും ഓരോ കൊലപാതകം ഉൾപ്പെട്ടിരുന്നു. അതു രാജാവിനെ അപ്രീതിപ്പെടുത്തിയവന്റെ മരണം അതിഥികൾ കണ്ട് ആസ്വദിക്കുന്നതിനുവേണ്ടിയായിരുന്നു. തന്റെ പാചകപ്രമാണിയെ വധിച്ച ഈജിപ്തിന്റെ രാജാവായ ഫറവോന്റേതായിരുന്നു ഒന്നാമത്തേത്. (ഉല്പത്തി 40:2, 3, 20, 22) തന്റെ ഭൃത്യനോടു ദേഷ്യത്തിലായിരുന്ന ഈജിപ്തിലെ ഭരണാധിപൻ അതു നിർവഹിച്ചത് ആഘോഷസമയത്തായിരുന്നു. ഗലീലയുടെ അധാർമിക ഭരണാധിപനായിരുന്ന ഹെരോദാവിന്റേതാണ് രണ്ടാമത്തെ സംഭവം. ഒരു വിരുന്നാഘോഷത്തിൽവെച്ച് തന്നെ നൃത്തംചെയ്തു പ്രസാദിപ്പിച്ച ഒരു പെൺകുട്ടിക്കുവേണ്ടി അദ്ദേഹം സ്നാപക യോഹന്നാന്റെ ശിരസ്സ് അറുത്തു. എത്ര നിന്ദ്യമായ രംഗങ്ങൾ!—മത്തായി 14:6-11.
എന്നുവരികിലും, വളരെ സവിശേഷതയുള്ള രണ്ടു ജൻമദിനങ്ങൾക്കല്ലേ ബൈബിൾ ശ്രദ്ധ കൊടുത്തിരിക്കുന്നത്? ശരിക്കും അതല്ല സംഗതി. അത്തരം സംഭവങ്ങൾ അസാധാരണമായിരുന്നില്ല എന്ന് പുരാതന യഹൂദ ചരിത്രകാരനായ ജോസീഫസ് വെളിപ്പെടുത്തുന്നു. ജൻമദിനാഘോഷത്തിനിടയിൽ വിനോദത്തിനുവേണ്ടി നടത്തിയ മററു വധങ്ങളെക്കുറിച്ചും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്.
ഉദാഹരണത്തിന്, പത്തു ലക്ഷം യഹൂദൻമാർ വധിക്കപ്പെടുകയും 97,000 യഹൂദർ തടവുകാരാവുകയും ചെയ്ത പൊ.യു. [പൊതുയുഗം] 70-ലെ യരുശലേമിന്റെ നാശത്തെത്തുടർന്നാണ് കുറെ വധങ്ങൾ അരങ്ങേറിയത്. റോമിലേക്കുള്ള യാത്രയ്ക്കിടയിൽ റോമൻ ജനറലായ ടൈററസ് തടവുകാരായ യഹൂദരെ സമീപത്തുള്ള കൈസര്യ തുറമുഖത്തേക്കു കൊണ്ടുപോയി.
ജോസീഫസ് ഇങ്ങനെ എഴുതുന്നു: “കൈസര്യയിൽ തങ്ങിയ ടൈററസ് തന്റെ സഹോദരനായ ഡോമീഷ്യന്റെ ജൻമദിനം വലിയ ആഡംബരത്തോടെ ആഘോഷിച്ചു. ആ ആഘോഷത്തിനിടയിൽ തടവുകാരെ മൃഗങ്ങളുടെ മുമ്പിലേക്കും അഗ്നിയിലേക്കും എറിഞ്ഞുകൊടുക്കുന്ന വിനോദമുണ്ടായിരുന്നു. അങ്ങനെ വധിക്കപ്പെട്ടത് 2,500-ലധികം പേരായിരുന്നു. പിന്നീട് അദ്ദേഹം പോയത് ഫിനിഷ്യയിലെ ഒരു റോമൻ കോളനിയായിരുന്ന ബെറൈററസിലേക്ക് [ബേറൂട്ട്] ആയിരുന്നു. അവിടെവെച്ച് പിതാവിന്റെ ജൻമദിനം ആഘോഷിച്ച അദ്ദേഹം അനേകം തടവുകാരെ പലവിധ പ്രകടനങ്ങളിലൂടെ വധിച്ചു.”—ജോസീഫസ്: ദി എസെൻഷ്യൽ റൈററിങ്സിൽ [ഇംഗ്ലീഷ്] പോൾ എൽ. മേയർ പരിഭാഷപ്പെടുത്തിയ യഹൂദ യുദ്ധം, VII, 37.
അപ്പോൾ, ദി ഇംപീരിയൽ ബൈബിൾ-ഡിക്ഷ്ണറി ഇങ്ങനെ അഭിപ്രായപ്പെടുന്നതിൽ ഒരു അത്ഭുതവുമില്ല: “പിൽക്കാല എബ്രായർ ജൻമദിനാഘോഷങ്ങളെ വിഗ്രഹാരാധനയുടെ ഭാഗമായിട്ടാണ് വീക്ഷിച്ചത്. ഈ ദിവസങ്ങളോടു ബന്ധപ്പെട്ട് അവർ ദർശിച്ച പൊതു ആഘോഷങ്ങളാകട്ടെ അവരുടെ ഈ വീക്ഷണത്തിനു സാധുത നൽകാൻ മതിയായ തെളിവുകളായിരുന്നുതാനും.”
ബൈബിളിൽ അങ്ങേയററം അപഹാസ്യമായി അവതരിപ്പിച്ചിരിക്കുന്ന, അതിക്രൂരമായി റോമാക്കാർ ആഘോഷിച്ചിരുന്ന ഒരു ആചാരത്തിൽ പങ്കുകൊള്ളാൻ ഒന്നാം നൂററാണ്ടിലെ വിശ്വസ്തരായ ക്രിസ്ത്യാനികൾക്കു തോന്നുമായിരുന്നില്ല. നമ്മുടെ പ്രബോധനത്തിനുവേണ്ടി എഴുതപ്പെട്ട സംഗതികളിൽ ജൻമദിനങ്ങളെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ഉൾപ്പെടുന്നുണ്ടെന്ന് ആത്മാർഥതയുള്ള ക്രിസ്ത്യാനികൾ തിരിച്ചറിയുന്നുണ്ട്. (റോമർ 15:4) അവർ ജൻമദിനാഘോഷങ്ങൾ ഒഴിവാക്കുന്നു. കാരണം അർഹിക്കാത്ത പ്രാധാന്യം വ്യക്തിയുടെമേൽ ചൊരിയുന്നതാണ് അത്തരം ആഘോഷങ്ങൾ. അതിലും പ്രധാനമായി, ജൻമദിനാഘോഷങ്ങളെ അനുകൂലിക്കാത്ത ബൈബിൾ വിവരണത്തെ യഹോവയുടെ ദാസൻമാർ ബുദ്ധിപൂർവം കണക്കിലെടുക്കുന്നു.
[25-ാം പേജിലെ ചിത്രം]
കൈസര്യയിലെ ഗോദ