നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ—അവർ എവിടെയാണ്?
അലേക്ക് ആകെ തകർന്നിരുന്നു. ഒററ ആഴ്ചകൊണ്ട് അവനു നഷ്ടമായതു രണ്ടു കൂട്ടുകാരെയാണ്. ഒരാൾ നെവിൽ, വെടിയേററു മരിച്ചു. മറെറയാൾ റേറാണി, ഒരു വാഹനാപകടത്തിലും. 14 വയസ്സുള്ള ഈ ദക്ഷിണാഫ്രിക്കൻ ബാലനെ മുമ്പെങ്ങും അലട്ടിയിട്ടില്ലാത്ത ചോദ്യങ്ങൾ ഇപ്പോൾ അസഹ്യപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. ‘ആളുകൾ എന്തിനു മരിക്കണം? മരണശേഷം എന്തു സംഭവിക്കുന്നു?’ അവന് ഒരു പിടിയും കിട്ടിയില്ല.
നെവിലിന്റെ ശവസംസ്കാരത്തിനു പോകുമ്പോൾ അലേക്കിനു പ്രതീക്ഷയുണ്ടായിരുന്നു, ഈ ചോദ്യങ്ങൾക്കെല്ലാം തനിക്ക് ഉത്തരം ലഭിക്കുമെന്ന്. “പക്ഷേ, ഒരു പുരോഹിതൻ കേവലം പുസ്തകത്തിൽനിന്നു വായിച്ചിട്ട് പറഞ്ഞു, നെവിൽ സ്വർഗത്തിൽ പോയെന്ന്. എന്നിട്ട് കുഴിമാടത്തിനടുത്തു വെച്ചു പറഞ്ഞു, നാം അവന്റെ പുനരുത്ഥാനത്തിനായി നോക്കിപ്പാർത്തിരിക്കുന്നു എന്ന്. എനിക്കാകെ ആശയക്കുഴപ്പമായി. നെവിൽ സ്വർഗത്തിലായിരുന്നെങ്കിൽ അവന് എങ്ങനെയാണ് ഒരു പുനരുത്ഥാനം പ്രതീക്ഷിക്കാനാവുക?”
അതേ ദിവസംതന്നെ കുറെ കഴിഞ്ഞ് അലേക്ക് റേറാണിയുടെ ശവസംസ്കാര ചടങ്ങിലും പങ്കെടുത്തു. അവനു മനസ്സിലാകാത്ത ഒരു ഭാഷയിലായിരുന്നു അവിടത്തെ ചടങ്ങുകൾ. എന്നാൽ അവന് ഒരു കാര്യം ബോധ്യമായി, അവർക്കാർക്കും യാതൊരു ആശ്വാസവും ലഭിച്ചിട്ടില്ല എന്ന്. അല്ലെങ്കിൽ അവിടെ ചിലർ അങ്ങനെ നിലവിട്ടു കരയുമായിരുന്നില്ല. അവൻ ഇങ്ങനെ വിശദീകരിക്കുന്നു: “ഭയങ്കരമായി മനസ്സുകലങ്ങിയ ആ രാത്രിയിൽ എനിക്ക് അനുഭവപ്പെട്ടത് നിസ്സഹായതയായിരുന്നു, ഒപ്പം ദുരൂഹതയും. എന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം തരാൻ ആർക്കും കഴിഞ്ഞില്ല. അതോടെ ജീവിതത്തിൽ ആദ്യമായി ഒരു സംശയം ഉടലെടുത്തു, വാസ്തവത്തിൽ ദൈവം ഉണ്ടോ എന്ന്.”
അലേക്കിനെപ്പോലുള്ള ലക്ഷക്കണക്കിനാളുകൾക്ക് ഓരോ വർഷവും മരണത്തിലൂടെ പ്രിയപ്പെട്ടവരെ നഷ്ടമാകുന്നു. “1991-ൽ ലോകവ്യാപകമായി 5,04,18,000 മരണങ്ങൾ ഉണ്ടായിരുന്നു” എന്ന് 1992 ബ്രിട്ടാനിക്കാ ബുക്ക് ഓഫ് ദ ഇയർ വിശദമാക്കുന്നു. അതിനുശേഷം എത്ര ലക്ഷങ്ങളാണ് മരിച്ചത്? വിയോഗം അനുഭവിക്കേണ്ടിവന്നവർ ഒഴുക്കിയ കണ്ണീർച്ചാലുകൾ ഒന്നു ഭാവനയിൽ കാണുക! ഇനി, മരണത്തെക്കുറിച്ചുള്ള പരസ്പരവിരുദ്ധമായ വീക്ഷണങ്ങൾ സൃഷ്ടിക്കുന്നതോ എത്തുംപിടിയുമില്ലായ്മയും. ഇത് അവരുടെ ദുഃഖത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു.
അങ്ങനെ, മിഥ്യാബോധം നീങ്ങിയ അലേക്കിനെപ്പോലുള്ള അനേകരുണ്ട്. അവർ മരണാനന്തരമുള്ള ഒരു ഭാവിജീവിതപ്രതീക്ഷയ്ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് സംശയിക്കുന്നു. എൻസൈക്ലോപീഡിയ ഓഫ് റിലിജിയൻസ് പറയുന്നതനുസരിച്ച്, “എല്ലാ യുഗങ്ങളിലും ചിന്തിക്കുന്നവരായ മനുഷ്യർ സമൂഹത്തിൽനിന്നു മാറിനിന്നിട്ടുണ്ട്, . . . ഒരു വ്യക്തിയുടെ തലച്ചോറിൽനിന്നും ശരീരത്തിൽനിന്നും വേറിട്ട് ആത്മാവിന് [soul] അഥവാ ജീവന് [life] എങ്ങനെ ഒററയ്ക്കു സ്ഥിതിചെയ്യാൻ കഴിയും എന്നായിരുന്നു അവരുടെ സംശയം.”
രസകരമെന്നുപറയട്ടെ, ശരീരത്തിൽനിന്നു വിട്ടുമാറി സ്ഥിതിചെയ്യുന്ന ഒരു അമർത്ത്യ ആത്മാവ് [soul] ഉണ്ടെന്ന മതസങ്കല്പത്തെ ബൈബിൾ പിന്താങ്ങുന്നില്ലെന്ന് മേൽപ്പറഞ്ഞ എൻസൈക്ലോപീഡിയ സമ്മതിക്കുന്നു. ഒരു വ്യക്തിയുടെ “ജീവൻ” [“soul,” NW] ശരീരത്തെ വിട്ടുപോകുകയും അതിലേക്കുതന്നെ മടങ്ങിവരുകയും ചെയ്യുന്നതായി ബൈബിൾ ചിലയിടങ്ങളിൽ പരാമർശിക്കുന്നു എന്നതു ശരിതന്നെ. പക്ഷേ, ഇവിടങ്ങളിലെല്ലാം “soul” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് “ജീവൻ” അഥവാ “പ്രാണൻ” നഷ്ടപ്പെട്ടു, അല്ലെങ്കിൽ തിരിച്ചുകിട്ടി എന്ന അർഥത്തിലാണ്. (ഉല്പത്തി 35:16-19; 1 രാജാക്കൻമാർ 17:17-23) മാംസവും രക്തവുമുള്ള ഗോചരമായ സൃഷ്ടികളെ, അതേ, ജീവജന്തുക്കളെ വർണിക്കാൻ ബൈബിളിൽ “ദേഹി” [“soul,” NW] എന്ന പദം കൂടെക്കൂടെ ഉപയോഗിക്കുന്നുണ്ട്. (ഉല്പത്തി 1:20; 2:7) അതുകൊണ്ട് ദേഹി മരിക്കുന്നു എന്ന് ബൈബിൾ ആവർത്തിച്ചു പറയുന്നു. (യെഹെസ്കേൽ 18:4, 20; പ്രവൃത്തികൾ 3:23; വെളിപ്പാടു 16:3) ദേഹികൾ മരിച്ചാൽപ്പിന്നെ അവ “ഒന്നും അറിയുന്നില്ല” എന്നു ദൈവവചനം പറയുന്നു.—സഭാപ്രസംഗി 9:5, 10.
അതേസമയം, മരിച്ചയാളുകളെ ജീവനിലേക്കു പുനഃസ്ഥിതീകരിച്ചതിന്റെ വിവരണങ്ങളും ബൈബിളിൽ അടങ്ങിയിട്ടുണ്ട്. ലാസറിന്റെ കാര്യത്തിൽ ഇതു സംഭവിച്ചത് അവൻ മരിച്ച് നാലു ദിവസങ്ങൾ കഴിഞ്ഞാണ്. (യോഹന്നാൻ 11:39, 43, 44) അങ്ങനെയെങ്കിൽ, നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പു മരിച്ചയാളുകൾക്ക് എന്തു സംഭവിക്കും? ഭാവി ജീവിതത്തിനുവേണ്ടിയുള്ള അവരുടെ പ്രതീക്ഷയ്ക്ക്, മരിച്ചപ്പോൾ അവർക്കുണ്ടായിരുന്ന അതേ ശരീരത്തിൽത്തന്നെ ദൈവം അവരെ ഉയിർപ്പിക്കണമെന്നത് ആവശ്യമാണോ?
അതിന്റെ ആവശ്യമില്ല. ശവശരീരത്തിൽ അടങ്ങിയിരിക്കുന്ന പരമാണുക്കൾക്ക് സംഭവിക്കുന്നതുവെച്ചുനോക്കുമ്പോൾ അത്തരം ചിന്ത അസ്ഥാനത്താവുന്നു. കാലക്രമത്തിൽ സസ്യങ്ങളിലൂടെ ആഗിരണം ചെയ്യപ്പെടുന്ന ഈ പരമാണുക്കളിൽ കുറെ ഭക്ഷണത്തിലൂടെ മററു ജീവികളിലേക്ക് എത്തി അവയുടെ ശരീരത്തിന്റെ ഭാഗമായിത്തീരുന്നു.
മരിച്ചു നാളുകൾ ഏറെയായിട്ടുള്ള ആളുകൾക്ക് ഒരു പ്രത്യാശയുമില്ല എന്നാണോ ഇതിനർഥം? അല്ല. അമ്പരപ്പിക്കുന്ന, അപരിമേയ ഓർമശക്തിയുള്ളവനാണ് നമ്മുടെ ബൃഹത്തായ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്. താൻ ഓർക്കാൻ ഇഷ്ടപ്പെടുന്ന മൺമറഞ്ഞുപോയ ഏതു മനുഷ്യന്റെയും വ്യക്തിത്വവും ജനിതക സവിശേഷതകളും സംഭരിച്ചുവെക്കാനുള്ള കഴിവ് അവനുണ്ട്. അതിലുപരി, മുമ്പു ജീവിച്ചിരുന്ന ഒരു വ്യക്തിയുടെ അതേ ജനിതക രൂപഘടന സഹിതം ഒരു മനുഷ്യശരീരത്തെ പുനഃസൃഷ്ടിക്കാനുള്ള കഴിവും യഹോവക്കുണ്ട്. താൻ ഓർക്കുന്ന, അബ്രഹാമിനെപ്പോലെയുള്ള, ഒരുവന്റെ ഓർമശക്തിയും വ്യക്തിത്വവും അതിൽ വെച്ചുകൊടുക്കാനും അവനു കഴിയും.
അബ്രഹാം മരിച്ച് ഏതാണ്ട് രണ്ടായിരം വർഷം കഴിഞ്ഞായിരുന്നു യേശു ഈ ഉറപ്പ് നൽകിയത്: “മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുൾപടർപ്പുഭാഗത്തു കർത്താവിനെ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു പറയുന്നതിനാൽ സൂചിപ്പിച്ചിരിക്കുന്നു. ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ.” (ലൂക്കൊസ് 20:37, 38) അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരെ കൂടാതെ മരിച്ച ലക്ഷക്കണക്കിനാളുകൾ, വരുവാനുള്ള പുനരുത്ഥാനവും കാത്തുകൊണ്ട് ദൈവത്തിന്റെ ഓർമയിൽ ജീവിച്ചിരിക്കുന്നു. “നീതിമാൻമാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും” എന്നു ബൈബിൾ തറപ്പിച്ചുപറയുന്നു.—പ്രവൃത്തികൾ 24:15.
കൂട്ടുകാരുടെ വിയോഗത്തിനുശേഷം ഏതാനും ആഴ്ചകൾ കഴിഞ്ഞ് അലേക്കിനു തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചു. മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചു ദൈവവചനം പറയുന്നതെന്തെന്ന് അവന്റെ വീട്ടുവാതിക്കൽ വന്ന ഒരു യഹോവയുടെ സാക്ഷി അവനു കാണിച്ചുകൊടുത്തു. ഇത് അലേക്കിന് ആശ്വാസവും അവന്റെ ജീവിതത്തിന് ഒരു പുതിയ അർഥവും പകർന്നുകൊടുത്തു.
പുനരുത്ഥാനമെന്ന ബൈബിളധിഷ്ഠിത പ്രത്യാശയെക്കുറിച്ചു കൂടുതൽ പഠിക്കാൻ നിങ്ങളും ഇഷ്ടപ്പെടുന്നുവോ? ഉദാഹരണത്തിന്, പുനരുത്ഥാനത്തിൽ ഏറിയപങ്കും നടക്കുന്നത് സ്വർഗത്തിലായിരിക്കുമോ അതോ ഭൂമിയിലായിരിക്കുമോ? ദൈവാംഗീകാരം നേടാനും മരിച്ച പ്രിയപ്പെട്ടവരുമായി ആളുകൾ പുനഃസംഗമിക്കും എന്ന അവന്റെ അത്ഭുതപൂർവകമായ വാഗ്ദത്തനിവൃത്തി അനുഭവിക്കാനും ഒരു വ്യക്തി എന്തു ചെയ്യണം?