പവിഴങ്ങളെക്കാൾ മൂല്യമുള്ളത്
ചെങ്കടലിലെ ഇതുപോലുള്ള ദൃശ്യങ്ങൾ അനേകം സന്ദർശകരെ പുളകംകൊള്ളിച്ചിട്ടുണ്ട്.
മഴവില്ലിൻ വർണങ്ങളിലുള്ള എണ്ണമററ മത്സ്യങ്ങൾ സമുദ്രാന്തർഭാഗത്തു പരിവേഷണം നടത്തുന്നവർക്കു ഹരംപകരുന്നവയാണ്. എന്നാൽ ഇവിടെ കാണുന്ന നിറഭംഗിയുള്ള മത്സ്യത്തിനു ചുററുമൊന്നു കണ്ണോടിക്കുക, സമുദ്രത്തിനടിയിൽ ഏതു കണ്ണിനെയും ആകർഷിക്കുന്ന മററ് അത്ഭുത ദൃശ്യങ്ങളുമുണ്ട്, അവയിലൊന്നാണു വർണോജ്ജ്വലമായ പവിഴങ്ങൾ.
ഈ രമണീയ രത്നങ്ങൾ ഒട്ടനവധി രൂപത്തിലും വർണങ്ങളിലുമുണ്ട്. നിങ്ങൾക്കു ഭാവനയിൽ കാണാവുന്നതുപോലെ, പുരാതന നാളുകളിൽപ്പോലും ആഡംബര രത്നങ്ങൾക്കു വലിയ വിലയായിരുന്നു. കൗശലപ്പണിക്കാർ അവയിൽനിന്ന് അതിമനോഹരമായ ആഭരണങ്ങളുണ്ടാക്കുമായിരുന്നു, ബൈബിൾ എഴുത്തുകാർ പവിഴത്തെ സ്വർണം, വെള്ളി, പത്മരാഗം എന്നിവയോടൊപ്പം പരാമർശിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 3:14, 15; യെഹെസ്കേൽ 27:16) എന്നാൽ ആ എഴുത്തുകാർ പവിഴങ്ങളുടെ മനോഹാരിതയ്ക്കും മൂല്യത്തിനുമപ്പുറം കാണാൻ നമ്മെ സഹായിക്കുന്നു.
ഇവയെക്കാൾ ഏറെ മൂല്യവത്തും നന്നായി കാത്തുസൂക്ഷിക്കേണ്ടതുമായ ചിലതുണ്ടെന്ന് അവർ എടുത്തുകാട്ടി. ഒരു നല്ല, പ്രാപ്തയായ ഭാര്യയാണ് അവയിലൊന്ന്, എന്തെന്നാൽ നാം ഇങ്ങനെ വായിക്കുന്നു: “പ്രാപ്തിയുള്ള ഭാര്യയെ കണ്ടെത്താൻ ആർക്കു കഴിയും? അവളുടെ വില പവിഴങ്ങളെക്കാൾ വളരെ കൂടുതലാണ്.” (സദൃശവാക്യങ്ങൾ 31:10, NW) നിങ്ങൾ വിവാഹിതനാണോ? ഇവിടെ കാണുന്ന അഴകുററ പവിഴങ്ങളിലേക്ക് ഒന്നുകൂടെ നോക്കുക, എന്നിട്ട് നിങ്ങൾ നിങ്ങളുടെ ഭാര്യയെ അവൾ അർഹിക്കുംവിധം വിലകൽപ്പിക്കുന്നുണ്ടോ എന്നു പരിചിന്തിക്കുക.
നാം പുരുഷൻമാരോ സ്ത്രീകളോ, വിവാഹിതരോ ഏകാകികളോ ആയിക്കൊള്ളട്ടെ, ചാരുതയാർന്ന പവിഴങ്ങളുടെ ഒരു വീക്ഷണം അവയെക്കാളും മൂല്യവത്തായ ദൈവിക ജ്ഞാനം, വിവേചന, പരിജ്ഞാനം എന്നിവയെ വിലമതിക്കാൻ നമ്മെ സഹായിക്കേണ്ടതാണ്. “ജ്ഞാനം കണ്ടെത്തിയിരിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന മനുഷ്യനും സന്തുഷ്ടനാണ്, എന്തെന്നാൽ അതുകൊണ്ടുള്ള നേട്ടം വെള്ളിയുണ്ടായിരിക്കുന്നതിനെക്കാളും സ്വർണംതന്നെ ഉത്പാദിപ്പിക്കുന്നതിനെക്കാളും ശ്രേഷ്ഠമാണ്. അതു പവിഴത്തെക്കാൾ വിലയുള്ളതാണ്, നീ അഭിലഷിക്കുന്ന മറെറാന്നും അതിനു തുല്യമാവില്ല.”—സദൃശവാക്യങ്ങൾ 3:13-15; 8:11, NW.
അതുകൊണ്ട്, നാം അവയെ സമുദ്രാന്തർഭാഗത്തുകൂടിയുള്ള പരിവേഷണത്തിലൂടെയോ ചിത്രത്തിലൂടെയോ കണ്ടാലും ചെങ്കടലിലെ പവിഴങ്ങൾ നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കേണ്ടത് ഈ രണ്ടു കാര്യങ്ങളായിരിക്കണം, അതിന്റെ മനോഹാരിതയും പ്രയോജനകരമായ പരിചിന്തനത്തിനുള്ള ഒരു വിഷയവും.