മാനുഷ മാർഗനിർദേശം പരാജയപ്പെട്ടുവോ?
ആരാണ് സകലവും സൃഷ്ടിച്ചത്? “ദൈവം” എന്നാണു നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾ ബൈബിളിലെ ദൈവമായ സ്രഷ്ടാവിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ കൂട്ടത്തിൽപ്പെടുന്നവരാണ്.
എന്നിരുന്നാലും, ദൈവത്തിൽ വിശ്വസിക്കുന്ന അനേകർക്കും അവിടുന്ന് മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണെന്ന് അംഗീകരിക്കുക പ്രയാസമാണ്. മനുഷ്യവർഗത്തിന് ആശ്വാസം കൈവരുത്തുന്ന ഒരു കാര്യപരിപാടി ദൈവത്തിന്റെ നിർവഹണത്തിൻകീഴിൽ ഉണ്ട് എന്നു ചിന്തിക്കുന്നതിൽ വാസ്തവികതയുണ്ടോ? സംഗതി അപ്രകാരമാണെന്നതിന്റെ ന്യായമായ തെളിവ് അനേകരും കാണുന്നില്ല.
ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യർ ദൈവത്തെ അവഗണിച്ചുകൊണ്ടു പരിഹാരത്തിനുവേണ്ടി നിരവധി സ്വയം-സഹായ മാർഗങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നാൽ മനുഷ്യർ പരിഹാരങ്ങൾ കണ്ടെത്തിയോ? അതോ പ്രശ്നങ്ങൾ പരിഹരിക്കാനാകാത്തവിധം കൂടുതൽ വഷളായി തീരുകയാണോ? ഇന്നു ലോകത്തിലെ അടിയന്തിര പ്രശ്നങ്ങൾ മനുഷ്യൻ കൈകാര്യം ചെയ്യുന്നതെങ്ങനെയാണ്?
ഒരു വിദഗ്ധൻ ഇപ്രകാരം പറയുന്നു: “വ്യാവസായിക വിപ്ലവം തുടങ്ങിയതുമുതൽ വികസിത രാഷ്ട്രങ്ങൾ നിലക്കാത്ത രീതിയിലുള്ള ഉത്പാദനവും ഉപഭോഗവും മുഖാന്തരം ഭൂവ്യാപക പരിസ്ഥിതിക്കു ഹാനിയും വികസ്വര രാഷ്ട്രങ്ങൾക്കു നാശവും വരുത്തിക്കൊണ്ടു ലോകത്തിന്റെ പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്തിരിക്കുകയാണ്.”
മനുഷ്യൻ ഭൂമിയെ നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. “ഈ നൂററാണ്ടിന്റെ രണ്ടാംപകുതിയിൽ വലിയ ദുരന്തങ്ങൾക്ക് ഉത്തരവാദിയായിരിക്കുന്നത് സാമ്പത്തിക ദുർമോഹം, അശ്രദ്ധ, അവഗണന എന്നിവയാണ്. അവ മനുഷ്യരുടെ മരണത്തിനിടയാക്കുകമാത്രമല്ല മിക്കപ്പോഴും കണക്കില്ലാത്ത പരിധിവരെ പരിസ്ഥിതിയെ അധഃപതിപ്പിക്കുകയും ചെയ്തിരിക്കുന്നു” എന്ന് അർജൻറീനയിലെ വാർത്താപത്രമായ ക്ലാരീൻ അഭിപ്രായപ്പെട്ടു.
കൊടും ദാരിദ്ര്യം ഇപ്പോൾ ആധുനിക സമുദായത്തിന്റെ ഒരു ശാശ്വത ഘടകമായിത്തീർന്നിരിക്കുന്നു എന്നു തോന്നുന്നു. ദാരിദ്ര്യത്തിന്റെ അമിത ഭാരത്തിൻകീഴിൽ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളെന്നു പറയപ്പെടുന്നവപോലും മുട്ടു മടക്കുകയാണ്. കാനഡയിലെ ടൊറൊന്റോയുടെ ദ ഗ്ലോബ് ആൻഡ് മെയിൽ പറയുന്നപ്രകാരം, “മുഴു കാനഡക്കാരിലും മൂന്നിലൊരു ഭാഗം തൊഴിൽ ചെയ്യാൻ പററിയ പ്രായത്തിനിടയിൽ ദാരിദ്ര്യം അനുഭവിക്കും” എന്നു കണക്കാക്കിയിരിക്കുന്നു. “കുടുംബത്തകർച്ചയാണു ദാരിദ്ര്യത്തിനുള്ള പ്രധാന കാരണങ്ങളിലൊന്ന്, സമീപ വർഷങ്ങളിൽ ഈ പ്രവണത വർധിച്ചിരിക്കുന്നു” എന്നും ആ വാർത്താപത്രം കൂട്ടിച്ചേർത്തു.
മയക്കുമരുന്നു ദുരുപയോഗമാണു തകർന്നുകൊണ്ടിരിക്കുന്ന സമുദായത്തിന്റെ മറെറാരു ചിഹ്നം. ഇതു സംബന്ധിച്ചു മനുഷ്യവർഗത്തിന് എന്തുചെയ്യാനാകും? അധികമൊന്നും ചെയ്യാനാവില്ല എന്നതു സ്പഷ്ടമാണ്. ലക്ഷക്കണക്കിനാളുകൾ മയക്കുമരുന്നു ദുരുപയോഗത്തിന്റെ നേരിട്ടുള്ള ഫലമായി ശാരീരികവും മാനസികവും ധാർമികവുമായ അധഃപതനം അനുഭവിക്കുന്നതിൽ തുടരുന്നു. ഈ പ്രശ്നം കാട്ടുതീപോലെ പടരുകയാണ്.
രോഗങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ശാസ്ത്രജ്ഞൻമാർ പരാജയപ്പെടുന്നതായി തോന്നുന്നു. ആധുനിക സാങ്കേതികവിദ്യകൾ അനേകം പോരാട്ടങ്ങളിൽ വിജയിച്ചിട്ടുണ്ട് എന്നതു സത്യമാണ്. എന്നിരുന്നാലും, ഔഷധങ്ങളെ ചെറുത്തുനിൽക്കുന്ന അപകടകാരികളായ പരമാണുക്കൾ ആവിർഭവിക്കാൻ ചില ശാസ്ത്രീയ നടപടികൾതന്നെ കാരണമായിട്ടുണ്ട്.
വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളെ തടയാൻ മനുഷ്യ ഗവൺമെൻറുകൾക്കാവില്ല. ദൃഷ്ടാന്തത്തിന്, അടിമത്തത്തെ തടയുന്നതിനുവേണ്ടി രൂപീകരിച്ച ധാരാളം വാഗ്ദാനങ്ങളും നിയമങ്ങളും നിലവിലിരിക്കെ ലോകവ്യാപകമായി പത്തുകോടിയിലധികം ജനങ്ങൾ ഹീനമായ അടിമത്തത്തിനു സമാനമായ വ്യവസ്ഥകൾക്കു കീഴിൽ വേലചെയ്യാൻ നിർബന്ധിതരാകുകയാണ് എന്നു കണക്കാക്കപ്പെടുന്നു.
എന്നാൽ മാനുഷ മാർഗനിർദേശം പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? ഈ വസ്തുതകൾ പരിചിന്തിക്കുക. മാനുഷ മാർഗനിർദേശം മനുഷ്യരിൽനിന്നാണു വരുന്നത്—ഗൗരവമായ പരിമിതികളുള്ള മനുഷ്യരിൽനിന്നുതന്നെ. ജീവിതത്തിൽ അവർക്കുള്ള അനുഭവം ആപേക്ഷികമായി കുറഞ്ഞതും സാധാരണമായി ചില പ്രത്യേക സംസ്കാരങ്ങളാലോ പരിസ്ഥിതികളാലോ പരിമിതപ്പെട്ടതുമാണ്. അവരുടെ അറിവും പരിമിതമാണ്. അവർ നൽകുന്ന ഏതു മാർഗനിർദേശത്തിലും ആ പരിമിതികൾ പ്രതിഫലിക്കുന്നു. അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.”—റോമർ 3:23.
വാസ്തവത്തിൽ, ദൈവത്തിന്റെ മാർഗനിർദേശം പ്രത്യക്ഷമായോ പരോക്ഷമായോ അവഗണിക്കുന്നതിന്റെ ഫലമായിട്ടാണു മനുഷ്യവർഗത്തിന്റെ അധിക പങ്കും പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവിക്കുന്നത്. എങ്കിൽപ്പിന്നെ ആ മാർഗനിർദേശം എവിടെ കണ്ടെത്താനാകും? ദൈവം ഇന്നു നമുക്കു മാർഗദർശനം നൽകുന്നത് എങ്ങനെയാണ്? അടുത്ത ലേഖനം ഇതിനുള്ള ഉത്തരങ്ങൾ പരിചിന്തിക്കുന്നതാണ്.