ഓർമിക്കാൻ ഒരു രാത്രി
മൂവായിരത്തഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് ഈജിപ്തിൽ അടിമകളായിരുന്ന ഇസ്രായേ ല്യരെക്കൊണ്ട് യഹോവ ഒരു ആട്ടിൻകുട്ടിയെ കൊല്ലിച്ചു. എന്നിട്ട് അവരെക്കൊണ്ട് അതിന്റെ രക്തം അവരുടെ വീടുകളുടെ കട്ടളകളിലും വാതിൽപ്പടികളിലും തളിപ്പിച്ചു. ഈ വിധത്തിൽ അടയാളപ്പെടുത്തിയിരുന്ന വീടുകൾക്കു മീതെകൂടി ദൈവത്തിന്റെ ദൂതൻ കടന്നുപോയി, എന്നാൽ എല്ലാ ഈജിപ്തുകാരുടെ വീടുകളിലെയും ആദ്യജാതൻമാരെ കൊന്നുകളയുകയും ചെയ്തു. അതിനുശേഷം ഇസ്രായേല്യർ സ്വതന്ത്രരാക്കപ്പെട്ടു. അപ്പോൾമുതൽ ആ സംഭവത്തിന്റെ വാർഷികദിവസം യഹൂദൻമാർ പെസഹാ നടത്തിപ്പോന്നിരിക്കുന്നു.
യേശുക്രിസ്തു തന്റെ അപ്പോസ്തലൻമാരോടൊപ്പം അവസാനത്തെ പെസഹാ ആഘോഷിച്ചയുടൻ തന്റെ ബലിമരണത്തെ അനുസ്മരിപ്പിക്കുന്ന ഒരു അത്താഴം ഏർപ്പെടുത്തി. വിശ്വസ്തരായ തന്റെ അപ്പോസ്തലൻമാർക്ക് അപ്പം നൽകിയിട്ട് അവിടുന്ന് ഇങ്ങനെ പറഞ്ഞു: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം.” അതിനുശേഷം അവിടുന്ന് അവർക്ക് ഒരു പാനപാത്രം വീഞ്ഞു നൽകിയിട്ട് ഇപ്രകാരം പറഞ്ഞു: “എല്ലാവരും ഇതിൽനിന്നു കുടിപ്പിൻ. ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയനിയമത്തിന്നുള്ള എന്റെ രക്തം.” യേശു ഇങ്ങനെയും പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ.” (മത്തായി 26:26-28; ലൂക്കൊസ് 22:19, 20) അതുകൊണ്ട് തന്റെ മരണത്തിന്റെ ഈ ആഘോഷം നടത്താൻ യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചു.
യേശുവിന്റെ മരണത്തിന്റെ ഈ സ്മാരകം ആഘോഷിക്കുന്നതിൽ യഹോവയുടെ സാക്ഷികളോടൊപ്പം ചേരാൻ അവർ നിങ്ങളെ ഊഷ്മളമായി ക്ഷണിക്കുന്നു. നിങ്ങളുടെ വീടിന്റെ ഏററവുമടുത്തുള്ള രാജ്യഹാളിൽവച്ചു നിങ്ങൾക്ക് അതിൽ സംബന്ധിക്കാവുന്നതാണ്. കൃത്യമായ സമയവും സ്ഥലവും സംബന്ധിച്ച് അറിയാൻ സാക്ഷികളോടു ചോദിക്കുക. 1994-ലെ ഈ ആഘോഷത്തിന്റെ തീയതി മാർച്ച് 26 ശനിയാഴ്ചയാണ്, അപ്പവും വീഞ്ഞും വിതരണം ചെയ്യുന്നതു സൂര്യാസ്തമയശേഷമാണ്.