“പരിഹസിക്കുന്നതിനുമുമ്പു നമുക്കുകൂടുതൽ വായിക്കാം”
അങ്ങനെയായിരുന്നു ന്യൂസിലൻഡിൽനിന്നുള്ള ഒരു വ്യക്തി നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന മാസികയായ വീക്ഷാഗോപുരത്തെക്കുറിച്ചു പറഞ്ഞത്. യെഹെസ്കേൽ 1-ാം അധ്യായത്തിൽ വർണിച്ചിരിക്കുന്ന ദൈവത്തിന്റെ സ്വർഗീയ രഥത്തെക്കുറിച്ചുള്ള ഒരു ലേഖനം സംബന്ധിച്ച് ആ വ്യക്തി എഴുതി:
“ഈ നാലു ജീവികളിൽ അഥവാ കെരൂബുകളിൽ ഓരോന്നിനും നാലു ചിറകുകളും നാലു മുഖങ്ങളും ഉണ്ടായിരുന്നു. അവയ്ക്ക് ഉണ്ടായിരുന്ന സിംഹത്തിന്റെ മുഖം യഹോവയുടെ നീതിയെ അർഥമാക്കുന്നു; കാളയുടെ മുഖം ദൈവത്തിന്റെ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു; കഴുകന്റെ മുഖം അവിടുത്തെ ജ്ഞാനത്തെ സൂചിപ്പിക്കുന്നു; മമനുഷ്യന്റെ മുഖം യഹോവയുടെ സ്നേഹത്തെ എടുത്തുകാട്ടുന്നു.
“ഇതു വീണ്ടും വീണ്ടും വായിച്ചുകഴിഞ്ഞപ്പോൾ എന്റെ ഹൃദയത്തിനുള്ളിൽ ഒരു ഊഷ്മളവികാരം അങ്കുരിച്ചു. സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു. അന്നേരം എനിക്കു തോന്നിയത് ഇങ്ങനെയായിരുന്നു, ‘യഹോവേ, അങ്ങ് എത്ര സൗന്ദര്യവാനും പ്രസന്നവാനുമായിരിക്കണം!’ ഒരു ലോകക്കാരനായതുകൊണ്ടു വർഷങ്ങളോളം ഞാൻ പരിഹസിച്ച ഈ യഹോവയാം ദൈവത്തിനുനേരെയുള്ള ഈ പുതിയ വികാരത്തിൽ ഞാൻ സ്തംഭിച്ചുപോയി. യഹോവയുടെ സാക്ഷികളോടു ഞാൻ ‘നന്ദി’ പറയുന്നു, പിന്നെ എന്നെപ്പോലുള്ള അനേകരോട് എനിക്കൊന്നു പറയാനുണ്ട്, ‘പരിഹസിക്കുന്നതിനുമുമ്പു നമുക്കു കൂടുതൽ വായിക്കാം.’”