അവ നിങ്ങൾക്കു പ്രയോജനം ചെയ്യുമോ?
പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന ഒരു മാസികയാണു നിങ്ങളുടെ കയ്യിലിരിക്കുന്നത്. കുടുംബങ്ങളെ ഭദ്രമായി നിർത്തുന്നതിനും വ്യക്തിഗതമായ നിർമലത നിലനിർത്തുന്നതിനുമുള്ള ബൈബിൾനിർദേശങ്ങൾ അതു മനസ്സിലേക്കു കൊണ്ടുവരും. ഇന്നത്തെ കലങ്ങിമറിഞ്ഞ കാലഘട്ടത്തെക്കുറിച്ചു ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നുവെന്ന് അതു പ്രകടമാക്കുന്നു, ഒപ്പം അതിനുള്ള പരിഹാരമെന്തെന്നും വിളിച്ചറിയിക്കുന്നു—ദൈവത്തിന്റെ രാജ്യഗവൺമെൻറ്. വീക്ഷാഗോപുരത്തിൽനിന്നും അതിന്റെ കൂട്ടുമാസികയായ ഉണരുക!യിൽനിന്നും നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനം നേടാനുണ്ടോ?
ഫിലിപ്പീൻസിൽനിന്നു വിൽമ എന്നു പേരായ സ്ത്രീ എഴുതുന്നു: “നിങ്ങളുടെ പ്രസിദ്ധീകരണങ്ങളെ വർണിക്കാൻ ഏതെങ്കിലും ഒരു വാക്കുണ്ടെങ്കിൽ, ‘അത്യുഗ്രൻ,’ അതായിരിക്കും ഞാൻ തിരഞ്ഞെടുക്കുക. ഒരു ദിവസം മനിലയിൽനിന്നു വീട്ടിലേക്കു ബസ്സിൽ മടങ്ങുമ്പോഴായിരുന്നു ഉണരുക!യും വീക്ഷാഗോപുരവും ഞാൻ ആദ്യമായി കണ്ടതും വായിച്ചതും. യാത്ര ചെയ്യുമ്പോൾ ഒരു പത്രം എടുക്കുക എന്റെ പതിവാണ്, എന്നാൽ അന്നു ഞാൻ ഒന്നും എടുത്തില്ലായിരുന്നു.
“എന്റെ അടുത്ത സീററിൽ യാത്ര ചെയ്തിരുന്ന മധ്യവയസ്കന്റെ കയ്യിൽ നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു. ഉണരുക! വായിച്ചുതീർന്ന അദ്ദേഹം മറെറാന്ന് എടുത്തു, വീക്ഷാഗോപുരം. ഈ സമയം ഞാൻ ഉണരുക! ചോദിച്ചുവാങ്ങി വായിച്ചു. വാസ്തവത്തിൽ ആ മാസികകൾ എനിക്കു തികച്ചും ആസ്വാദ്യമായിരുന്നു, കാരണം അതിലെ സകല ലേഖനങ്ങളും രസാവഹവും കാലോചിതവും ഉന്നമിപ്പിക്കുന്നതുമായിരുന്നു.”
ആ സ്ത്രീ ഇങ്ങനെയാണ് ഉപസംഹരിച്ചത്: “എനിക്കു തീർച്ചയായും നിങ്ങളുടെ മാസികകൾ വേണം. അതു ലഭിക്കാൻ ഞാൻ എന്തു ചെയ്യണമെന്നു ദയവായി എന്നെ അറിയിക്കുക.” ഫിലിപ്പീൻസിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് തപാൽവഴി അയച്ചുകൊടുക്കുന്നവർക്കായുള്ള തങ്ങളുടെ ലിസ്ററിൽ സന്തോഷപൂർവം ഈ സ്ത്രീയുടെ പേരും ചേർത്തു.