രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
അചഞ്ചലത സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്നു
തന്റെ അനുഗാമികൾ പീഡിപ്പിക്കപ്പെടുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു, 2 തിമോത്തേയോസ് 3:12-ൽ അതുതന്നെ അപ്പോസ്തലനായ പൗലോസും പ്രസ്താവിച്ചു: “യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും.” (പി.ഒ.സി. ബൈ.) എന്നാൽ യഹോവയാം ദൈവത്തെ സേവിക്കുന്നതിലെ അചഞ്ചലത സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തും.
◻ മലേഷ്യയുടെ വടക്കുകിഴക്കു തീരത്തുള്ള ഒരു പട്ടണത്തിലെ കാര്യമെടുത്താൽ ഇതു സത്യമാണെന്നു കാണാം. ഉറച്ച ബുദ്ധമതവിശ്വാസിയായ ഒരു പിതാവു തന്റെ മക്കൾക്കു കർക്കശമായ ബുദ്ധ്യുപദേശം നൽകിയിരുന്നു. എന്നാൽ അയാളുടെ മൂന്നു പെൺമക്കളും മൂന്ന് ആൺമക്കളും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അതു തടയാൻ അയാൾക്കു സാധിച്ചില്ല. തന്നെയുമല്ല, അദ്ദേഹത്തിന്റെ ഭാര്യയും സത്യത്തിൽ താത്പര്യം കാണിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു അയൽക്കാരൻ അയാളെ കളിയാക്കി: “മക്കളെന്താ യഹോവയുടെ സാക്ഷികളാകാൻ പോകയാണോ? മക്കളുടെമേൽ നിങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലേ? എന്റെ കുട്ടികളെ നോക്കൂ, അവർ ഞങ്ങളുടെ പരമ്പരാഗത ബുദ്ധമതത്തോടുതന്നെ പററിനിൽക്കുന്നു. തന്നോട് എനിക്കു സഹതാപം തോന്നുന്നു!”
തന്റെ കുട്ടികളുമൊത്ത് അധ്യയനം നടത്തിയ സഹോദരിയെ തല്ലുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ടു പിതാവു വീട്ടിൽ പാഞ്ഞെത്തി. എന്നിരുന്നാലും കുട്ടികൾ അയാളെ ശാന്തനാക്കി. യഹോവയുടെ സാക്ഷികളുമൊത്തുള്ള ബൈബിൾപഠനം തുടർന്ന അവർ അമ്മയുടെ പിന്തുണയോടെ യോഗങ്ങളിലും പങ്കുകൊള്ളാൻ തുടങ്ങി.
എന്നുവരികിലും, അവസാനം ഈ പിതാവു മുഴുകുടുംബത്തെയും തന്റെ മുമ്പിൽ വിളിച്ചുവരുത്തി ഇങ്ങനെ ആവശ്യപ്പെട്ടു: “എന്നെ അനുസരിച്ചു വീട്ടിൽ നിൽക്കുന്നോ അതോ ക്രിസ്ത്യാനിയായി വീടു വിട്ടുപോകുന്നോ, ഏതാ വേണ്ടതെന്നു തീരുമാനിച്ചോളൂ.” തീർത്തും മൃദുഭാഷിയായ മൂത്ത മകൻ തകൃതിയായി തന്റെ സാധനങ്ങൾ അടുക്കാൻ തുടങ്ങി. “വേണ്ട!” പിതാവ് ആക്രോശിച്ചു. “നിങ്ങളൊക്കെ മത്സരികളായ മക്കളായതുകൊണ്ടു ഞാൻ മരിക്കുന്നതാ അതിലും ഭേദം.” വീട്ടിൽനിന്നിറങ്ങിയോടിയ അദ്ദേഹത്തിന്റെ പിന്നാലെ, ആത്മഹത്യ ചെയ്യരുതേ എന്നു കേണപേക്ഷിച്ചുകൊണ്ടു കുടുംബാംഗങ്ങളും പിന്തുടർന്നു. അവരുടെ യാചനയിൽ മനസ്സലിഞ്ഞ് അദ്ദേഹം വീട്ടിലേക്കു തിരിച്ചു.
നാളുകൾ കുറെ കഴിഞ്ഞപ്പോൾ ബൈബിൾസത്യങ്ങൾ തന്റെ മക്കളുടെ പെരുമാററത്തിൻമേൽ ഉളവാക്കുന്ന നല്ല ഫലങ്ങൾ അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങി. ഒരു ദിവസം അയാൾ തന്റെ പരിഹാസിയായ ചങ്ങാതിയെ കണ്ടു. എന്നാൽ ഇപ്പോൾ ദുഃഖിതനായി കാണപ്പെട്ട അയാൾ പറഞ്ഞു: “എന്റെ കുട്ടികളെ ഓർത്തു ഞാൻ ആകെ നിരാശനാണ്. അവർ എന്നെ പററിക്കുകയും എന്നിൽനിന്നു മോഷ്ടിക്കുകയും ചെയ്യുന്നു.” എന്നാൽ യഹോവയുടെ സാക്ഷികളോടൊപ്പം പഠിക്കുന്ന മക്കളുടെ പിതാവ് ഇങ്ങനെ പറഞ്ഞു: “എന്നാൽ എന്റെ കുട്ടികൾ അങ്ങനെയൊന്നുമല്ല! അവർ എന്നോട് അങ്ങേയററം ദയയുള്ളവരാണ്. ഞാൻ തൊഴിൽരഹിതനായിരുന്നപ്പോൾ കാറിന്റെ ലോൺ അടയ്ക്കാൻ എന്നെ സഹായിച്ചതുപോലും അവരായിരുന്നു.”
ഇപ്പോൾ, മൂന്നു പെൺകുട്ടികളും അമ്മയും സ്നാപനമേററവരാണ്. ഒരു മകൻ പ്രത്യേക പയനിയറും. മുമ്പ് ഉറച്ച വിശ്വാസിയും കോപാകുലനുമായിരുന്ന പിതാവോ? ഇപ്പോൾ സൗഹാർദപരമായി ഇടപെടുന്ന അദ്ദേഹം സ്മാരകത്തിൽ സന്നിഹിതനായിരുന്നു.
തന്നോടു കാണിച്ച അചഞ്ചലതക്കു മകനും, അവന്റെ മൂന്നു സഹോദരിമാർക്കും അമ്മക്കും യഹോവ പ്രതിഫലം നൽകി. ഇപ്പോൾ അവർ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന തീക്ഷ്ണതയുള്ള രാജ്യപ്രഘോഷകരാണ്.—സദൃശവാക്യങ്ങൾ 27:11.