എന്റെ കോപമോ അതോ എന്റെ ആരോഗ്യമോ?
ആരാണു കോപിക്കാത്തത്? നമ്മളെല്ലാം കോപിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഒരു പരിധിവരെയുള്ള കോപം ന്യായീകരിക്കാവുന്നതായിരിക്കാം. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ, മിക്കപ്പോഴും നമ്മുടെ കോപത്തെ (അല്ലെങ്കിൽ അതിന്റെ തീവ്രതയെ) ന്യായീകരിക്കാവുന്നതല്ല എന്നതല്ലേ സത്യം?
ബൈബിൾ പറയുന്നു: “കോപത്തെ അകററുക, ക്രോധത്തെ ഉപേക്ഷിക്കുക; തിൻമ ചെയ്യാൻമാത്രം കോപാവേശമുള്ളവനെന്നു സ്വയം കാണിക്കാതിരിക്കുക.” (സങ്കീർത്തനം 37:8, NW) ഈ ഉപദേശം എത്രമാത്രം ജ്ഞാനമുള്ളതാണ്? ഇതിനു നിങ്ങളുടെ ദീർഘകാല ആരോഗ്യത്തെ ബാധിക്കാൻ കഴിയുമോ?
ദ ന്യൂയോർക്ക് ടൈംസ് അതിന്റെ “ആരോഗ്യ” വിഭാഗത്തിൽ ഇങ്ങനെ കുറിക്കൊണ്ടു:
“പകപൂണ്ട ക്രോധാവേശത്താൽ പൊട്ടിത്തെറിക്കുന്നവർ അഥവാ താൻ തുച്ഛീകരിക്കപ്പെട്ടെന്ന് അറിയുമ്പോഴെല്ലാം കോപിച്ചിരുന്നു ശുണ്ഠി പിടിക്കുന്നവർ അസുഖകരമായ അവസ്ഥയിൽ സ്വയം ആക്കിവെക്കുന്നതിനെക്കാൾ അധികമായിരിക്കാം ചെയ്യുന്നത്. അവർ സ്വയം കൊല്ലുകയായിരിക്കാം.
“തുടർച്ചയായുള്ള കോപം ശരീരത്തിനു വളരെ ഹാനികരമാണ്, മാത്രമല്ല, അകാലചരമത്തിന്റെ ശക്തമായ ഒരു അപകടകാരണമെന്നനിലയിൽ അതു സിഗരററുവലി, അമിതവണ്ണം, കൊഴുപ്പുകൂടിയ ആഹാരക്രമം എന്നിവയ്ക്കൊപ്പം നിൽക്കുകയോ മറികടക്കുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന നിരവധി വിവരങ്ങൾ അടുത്ത കാലത്തു ഗവേഷകർ സമാഹരിച്ചിട്ടുണ്ട്.
“‘പകയിൽനിന്ന് അല്ലെങ്കിൽ സംശയത്തിൽനിന്നു ജനിക്കുന്ന കോപം ഞങ്ങൾക്കറിയാവുന്ന മറേറതൊരു ആരോഗ്യാപകടത്തിനും തുല്യമാണെന്നു ഞങ്ങളുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു’ എന്നു ഡ്യൂക്ക് യൂണിവേഴ്സിററി മെഡിക്കൽ സെൻററിൽ പെരുമാററസംബന്ധമായ ചികിത്സയിൽ ഗവേഷണം നടത്തുന്ന ഡോ. റെഡ്ഫർഡ് വില്യംസ് പറഞ്ഞു.”
ദൈനംദിന ജീവിതത്തിലെ സാധാരണ പ്രശ്നങ്ങളോട് അമിതമായി പ്രതികരിക്കുന്നവർ സമ്മർദത്തിനു കാരണമായ ഹോർമോണുകൾ കൂടുതൽ ഉത്പാദിപ്പിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. തുടരെത്തുടരെയുള്ള അവരുടെ പൊട്ടിത്തെറികൾക്ക് സംരക്ഷണാത്മകമായ കൊളസ്റററോളിന്റെയും ഹാനികരമായ കൊളസ്റററോളിന്റെയും സന്തുലിതാവസ്ഥയെ തകർക്കാൻ കഴിയും. തദ്വാര അവർക്കു ഹൃദയസംബന്ധമായ രോഗം വരുന്നതിനുള്ള സാധ്യത കൂട്ടും.
‘പക്ഷേ എന്റെ രീതി അതാണ്’ അല്ലെങ്കിൽ ‘അങ്ങനെയാണു ഞാൻ വളർന്നു വന്നത്’ എന്നൊക്കെ ചിലർ പ്രതികരിച്ചേക്കാം. എന്നുവച്ച്, ദൈവത്തിന്റെ ബുദ്ധ്യുപദേശം ബാധകമാക്കാൻ ആത്മാർഥമായി ശ്രമിച്ചാൽ നിങ്ങൾക്കു മാററം വരുത്താൻ കഴിയില്ലെന്ന് അതിനർഥമില്ല. കോപത്തെക്കുറിച്ചും ക്രോധത്തെക്കുറിച്ചും നിങ്ങളുടെ സ്വന്തം ബൈബിൾ തുറന്ന് സദൃശവാക്യങ്ങൾ 14:29, 30; 22:24, 25; എഫെസ്യർ 4:26; യാക്കോബ് 1:19, 20 എന്നിവിടങ്ങളിൽ കൊടുത്തിരിക്കുന്ന ദൈവത്തിന്റെ ബുദ്ധ്യുപദേശം ഒന്നു പരിശോധിച്ചുനോക്കൂ.
ആ ദിവ്യജ്ഞാനം ബാധകമാക്കുമ്പോൾ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ജീവകാലം നീളുകയും ചെയ്തേക്കാം. മുമ്പേ സൂചിപ്പിച്ച ടൈംസ് ഇങ്ങനെ കുറിക്കൊണ്ടു: “എടുത്തുചാടി പകയോടെ പ്രതികരിക്കുന്ന രീതി മാററുന്നപക്ഷം കോപത്തിനു ചായ്വുള്ളവർക്ക് അകാലമൃത്യുവിന്റെ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഒട്ടനവധി ഗവേഷകർ പറഞ്ഞു.”