ദൈവത്തിന്റെ നാമം
“യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവൻ വൃഥാ അദ്ധ്വാനിക്കുന്നു.” ലത്തീനിലുള്ള ഈ ആലേഖനം അങ്ങനെ വായിക്കുന്നു. ബൈബിളിലെ സങ്കീർത്തനം 127:1-ൽ അധിഷ്ഠിതമായിരിക്കുന്ന ആ വാക്കുകളിൽ പ്രൗഢമായ ഒരു സത്യം ഉൾക്കൊള്ളുന്നുണ്ട്: യഹോവയുടെ അനുഗ്രഹമില്ലാത്ത ഏതൊരു ശ്രമവും ആത്യന്തികമായി പാഴായിത്തീരും.
1780 എന്നു കുറിച്ചിരിക്കുന്ന ഈ ആലേഖനം ശ്രീലങ്കയിലെ കൊളംബോയിലാണു കാണപ്പെടുന്നത്. യഹോവ എന്ന ദൈവനാമം അതിലുള്ളതുകൊണ്ട് അതു ശ്രദ്ധേയമാണ്. (ചിത്രം കാണുക.) ആദിമ നൂററാണ്ടുകളിൽ ആ നാമം വ്യാപകമായി ഉപയോഗിച്ചിരുന്നു. പലപ്പോഴും പള്ളികളിലും മതേതര കെട്ടിടങ്ങളിലും ചിലപ്പോൾ നാണയങ്ങളിലും അത് എഴുതപ്പെട്ടിരുന്നു. വിദൂര രാജ്യങ്ങളിലേക്കു ബൈബിളുമായി പോയ മിഷനറിമാർ ദൈവനാമം ഉപയോഗിച്ചു, ശ്രീലങ്കയിൽ ഈ ആലേഖനം വന്നതിനുള്ള കാരണം അതാണ്.
ഇന്നു സംഗതികൾ എത്ര വ്യത്യസ്തമായിരിക്കുന്നു! ക്രിസ്ത്യാനികളെന്നു പറയുന്നവരിൽ വളരെ കുറച്ചുപേർ മാത്രമേ ദൈവനാമത്തെ ശ്രദ്ധിക്കുന്നുള്ളൂ. യഹോവയുടെ സാക്ഷികൾ അതിന് ഊന്നൽ നൽകുന്നതുകൊണ്ടു ചില പണ്ഡിതൻമാർ അവരെ വിമർശിക്കുകപോലും ചെയ്യുന്നു. എന്തുകൊണ്ട്? ചിലർ പറയുന്നതനുസരിച്ചാണെങ്കിൽ അതിനു കാരണം അതിന്റെ എബ്രായ ഉച്ചാരണം കൃത്യമായി അറിയാൻ പാടില്ല എന്നതാണ്. പക്ഷേ യേശുവിന്റെ പേരിന്റെ മൂല എബ്രായ ഉച്ചാരണം എത്ര പേർക്ക് അറിയാം? എന്നിട്ടും യേശുവിന്റെ നാമം സാർവദേശീയമായി ഉപയോഗിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു.
യേശുവിനു ദൈവനാമം മർമപ്രധാനമായിരുന്നു. “അങ്ങയുടെ നാമം പൂജിതമാകണമേ” എന്നു പ്രാർഥിക്കാൻ അവിടുന്നു നമ്മെ പഠിപ്പിച്ചു. (മത്തായി 6:9, പി.ഒ.സി. ബൈ.) “ലോകത്തിൽനിന്ന് അവിടുന്ന് എനിക്കു നല്കിയവർക്ക് അവിടുത്തെ നാമം ഞാൻ വെളിപ്പെടുത്തി” എന്നു തന്റെ മരണത്തിനു തൊട്ടു മുമ്പ് അവിടുന്നു ദൈവത്തോടു പറഞ്ഞു. (യോഹന്നാൻ 17:6, പി.ഒ.സി. ബൈ.) യേശുവിന്റെ കാല്പാടുകൾ പിൻചെല്ലുന്നവരാണു സത്യക്രിസ്ത്യാനികൾ. അവരും ‘ദൈവത്തിന്റെ നാമം വെളിപ്പെടുത്തേണ്ടവരല്ലേ’? യഹോവയുടെ സാക്ഷികൾ അങ്ങനെ ചെയ്യുന്നു, യഹോവ അവരുടെ “വീടി”നെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യുന്നു. “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ” എന്ന സങ്കീർത്തനഭാഗം അവർക്കു സത്യമാണ്.—സങ്കീർത്തനം 144:15.