ഒരു വൃക്ഷംപോലെ
“കവിതകൾ രചിക്കാൻ എന്നെപ്പോലുള്ള വിഡ്ഢികൾ മതി എന്നാൽ, ഒരു വൃക്ഷം സൃഷ്ടിക്കാൻ ദൈവത്തിനുമാത്രമേ കഴിയൂ.” ജോയിസ് കിംലർ എന്ന കവി വൃക്ഷങ്ങളുടെ ഗുണഗണങ്ങൾ വാഴ്ത്തിക്കൊണ്ട് അവയുടെ സൃഷ്ടിപ്പിനുള്ള ബഹുമതി ദൈവത്തിനു നൽകി.
യഹോവയാം ദൈവം വളരെയേറെ വൈവിധ്യവും പകിട്ടും ഉപയോഗക്ഷമതയുമുള്ള വൃക്ഷങ്ങൾ നിർമിച്ചു. കുററിച്ചെടികൾക്കും പടുകൂററൻ വൃക്ഷങ്ങൾക്കും വർണനാതീതമായ മനോഹാരിത അണിഞ്ഞുനിൽക്കാൻ കഴിയും. കൂടാതെ വൃക്ഷങ്ങൾ ഭക്ഷണവും വിറകും അഭയവും പ്രദാനം ചെയ്യുന്നു. രൂപസംവിധായകർ മരത്തിന്റെ പുതിയ ഉപയോഗങ്ങൾ കണ്ടുപിടിച്ചുകൊണ്ടേയിരിക്കുന്നു.
ബൈബിളിൽ ചില സമയങ്ങളിൽ രാജ്യങ്ങളെയും ഭരണാധികാരികളെയും വ്യക്തികളെയും പ്രതിനിധാനം ചെയ്യുന്നതിനു വൃക്ഷങ്ങളെ ആലങ്കാരികമായി ഉപയോഗിക്കുന്നുണ്ട്. (യെഹെസ്കേൽ 31:1-18; ദാനീയേൽ 4:10-26) യഹോവയുടെ രാജത്വത്തിന്റെയും അവിടുത്തെ ജനങ്ങളുടെ പുനഃസ്ഥാപനത്തിന്റെയും ഫലമായി സംജാതമാകുന്ന സന്തോഷനിർഭരവും സമാധാനസമ്പൂർണവും ഫലസമൃദ്ധവുമായ അവസ്ഥയുമായി ബന്ധപ്പെടുത്തി വൃക്ഷങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു. (1 ദിനവൃത്താന്തം 16:33; യെശയ്യാവു 55:12; യെഹെസ്കേൽ 34:27; 36:30) ദൈവജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റേതുപോലെയാകുമെന്നും തിരുവെഴുത്തുകൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 65:22) ചില വൃക്ഷങ്ങൾ നൂററാണ്ടുകളോളം ജീവിക്കുന്നുവെന്നു നാം തിരിച്ചറിയുമ്പോൾ ഇതിനു വലിയ അർഥമുണ്ട്.
ദൈവത്തിന്റെ നിയമത്തിൽ ആനന്ദിക്കുന്നവനെക്കുറിച്ച് “ആററരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും” എന്ന് ഒരു ബൈബിൾ സങ്കീർത്തനക്കാരൻ പറഞ്ഞു. സമൃദ്ധമായ വെള്ളത്തിന്റെ ഉറവിനരികെ നട്ടിരിക്കുന്ന തഴച്ചുവളരുന്ന ഒരു വൃക്ഷം “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷി”ക്കുന്ന ഒരുവൻ ആസ്വദിക്കുന്ന ആത്മീയ സമൃദ്ധിയെപ്പററി സങ്കീർത്തനക്കാരനെ ഓർമിപ്പിച്ചു. (സങ്കീർത്തനം 1:1-3) നിങ്ങൾ ദൈവത്തിന്റെ നിയമത്തിലും അവിടുത്തെ വിശുദ്ധ വചനത്തിലും യഥാർഥമായ ആനന്ദമുള്ളവരായിരുന്നാൽ നിങ്ങളുടെ ആയുസ്സ് ഒരു വൃക്ഷത്തിന്റേതുപോലെ ആയിത്തീരുന്നതിന് ഇടയാകും. വാസ്തവത്തിൽ, യഹോവയാം ദൈവത്തെക്കുറിച്ചും യേശുക്രിസ്തുവിനെക്കുറിച്ചും ഉള്ള സൂക്ഷ്മമായ അറിവിനോടുള്ള ചേർച്ചയിൽ പ്രവർത്തിക്കുന്നതിനാൽ നിങ്ങൾക്കു നിത്യജീവന്റെ പ്രത്യാശ വച്ചുപുലർത്തുന്നതിനു കഴിയും.—യോഹന്നാൻ 17:3.