രക്തപ്പകർച്ചകൾക്ക് അമിതമൂല്യം കൽപ്പിക്കുന്നുവോ?
ആധുനിക ചികിത്സാരംഗത്തു രക്തപ്പകർച്ചകൾ സാധാരണമാണ്, എന്നാൽ അവ കീർത്തിക്കൊത്തുയരുന്നുണ്ടോ? നിങ്ങൾ എന്തു വിചാരിക്കുന്നു?
ദി അമേരിക്കൻ ജേർണൽ ഓഫ് മെഡിസിനിൽ (1993 ഫെബ്രുവരി) ഡോ. ക്രേഗ് എസ്. കിച്ചൺസ് ചോദിച്ചു: “പകർച്ചകൾക്ക് അമിതമൂല്യം കൽപ്പിക്കുകയാണോ?” ഒരു ചികിത്സയുടെ പ്രയോജനം അതുമൂലമുണ്ടായേക്കാവുന്ന അപകടത്തെക്കാൾ കൂടുതലാണോ എന്നു ഡോക്ടർമാർ ശ്രദ്ധാപൂർവം പരിശോധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്തപ്പകർച്ചയെ സംബന്ധിച്ചെന്ത്?
കരൾവീക്കം, പ്രതിരോധശക്തിയുടെ ക്ഷയം, ശരീരഘടനാവ്യവസ്ഥിതിയുടെ വൈകല്യം, കോശങ്ങളുടെ ഒട്ടുവിദ്യാസങ്കലനത്തിന്റെ (graft-versus-host) പ്രത്യാക്രമണങ്ങൾ തുടങ്ങി രക്തപ്പകർച്ചകളോടു ബന്ധപ്പെട്ട അടുത്തകാലത്തെ നിരവധി അപകടങ്ങളുടെ തെളിവുകൾ കിച്ചൺസ് പുനരവലോകനം ചെയ്തു. രക്തപ്പകർച്ചകളിൽനിന്നുള്ള “ഒരായിരം സങ്കീർണതകളെ” സംഗ്രഹിച്ചുകൊണ്ടുള്ള ഒരു പഠനം “ഓരോ പകർച്ചക്കും എന്തെങ്കിലും മോശമായ, മരണകരം പോലുമായ പ്രതിപ്രവർത്തനത്തിന്—ചിലതു നിസ്സാരവും എന്നാൽ ചിലതു വിപത്കരവും—മൊത്തം 20% സാധ്യതയുണ്ട് എന്നു നിഗമനം ചെയ്തു.”
എന്നിരുന്നാലും, പ്രയോജനങ്ങളെന്നു കരുതപ്പെടുന്ന കാര്യങ്ങൾ ഇത്തരം അപകടസാധ്യതകൾ നേരിടുന്നതിനെ ന്യായീകരിക്കുന്നുവോ?
‘രക്തം വർജിക്കാ’നുള്ള ബൈബിൾ കൽപ്പന മാനിച്ച് പകർച്ചക്കു വിസ്സമ്മതിക്കുന്ന യഹോവയുടെ സാക്ഷികളിൽ നടത്തിയ 1,404 ശസ്ത്രക്രിയകൾ ഉൾപ്പെടുന്ന റിപ്പോർട്ടു ചെയ്യപ്പെട്ട 16 പഠനങ്ങൾ ഡോ. കിച്ചൺസ് പുനരവലോകനം ചെയ്തു.—പ്രവൃത്തികൾ 15:28, 29.
ഫലമോ? “ഉന്നത ശസ്ത്രക്രിയാ നടപടികളിൽ രക്തം വേണ്ടെന്ന യഹോവയുടെ സാക്ഷികളായ രോഗികളുടെ തീരുമാനം ശസ്ത്രക്രിയയുടെ മൊത്തം അപകട സാധ്യതയോടു 0.5% മുതൽ 1.5% വരെ മരണനിരക്ക് കൂട്ടുന്നു. ഈ രീതിയിൽ രോഗവും മരണവും എത്രത്തോളം ഒഴിവാക്കപ്പെടുന്നെന്ന് അറിയില്ലെങ്കിലും അവ പകർച്ച സ്വീകരിക്കാത്തതിന്റെ അപകടസാധ്യതയെക്കാൾ ഒരുപക്ഷേ കൂടുതലാണ്.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) അദ്ദേഹത്തിന്റെ ആശയം? രക്തം നിരസിക്കുന്നതുകൊണ്ടുള്ള ഏതു ചികിത്സാപരമായ അപകടസാധ്യതയും ഒരുപക്ഷേ രക്തപ്പകർച്ചകൾ സ്വീകരിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന അപകട സാധ്യതകളെക്കാൾ കുറവാണ്.
അതുകൊണ്ടു കിച്ചണിന്റെ ന്യായമായ ചോദ്യം: “യഹോവയുടെ സാക്ഷികളിൽ പകർച്ച നടത്താതിരിക്കുന്നതു വാസ്തവത്തിൽ തീവ്രമായ അധിക രോഗങ്ങളിലും മരണങ്ങളിലും ഒട്ടുംതന്നെ കലാശിക്കാതിരിക്കുകയും മുതലുമുടക്കുകൾക്കു വേണ്ട ഭീമമായ തുകകളും മാറാരോഗങ്ങളും ഒഴിവാക്കുകയും ചെയ്യുമെങ്കിൽ രോഗികൾക്ക് ഇനി പകർച്ചകൾ ചുരുക്കാവുന്നതല്ലേ?”
ഇത്തരം തെളിവിന്റെ അടിസ്ഥാനത്തിൽ പകർച്ചകൾ നിരസിക്കുന്നവർ നമ്മുടെ സ്രഷ്ടാവിൽനിന്നുള്ള മാർഗനിർദേശങ്ങളോടുള്ള ചേർച്ചയിൽ പ്രവർത്തിക്കുകയുമായിരിക്കും ചെയ്യുന്നത്.